Saturday, March 16, 2013

രാത്രിയില്‍ മായ സുന്ദരിയാണ്.

ചുറ്റിലും നല്ല ഇരുട്ട്, മുറ്റത്തിറങ്ങി മേലോട്ടു നോക്കി കുറച്ചു നേരം വായ്‌ തുറന്നു നിന്നു...!

മഴ തോര്‍ന്ന്തെളിഞ്ഞ ആകാശം, ഇടയ്ക്കിടെ തെളിയുന്ന ഒരു മിന്നല്‍, വല്ലപ്പോഴും കേള്‍ക്കുന്ന ചെറിയ ഇടിമുഴക്കം.
തണുത്തകാറ്റ്.. ചീവീടുകളുടെ ശബ്ദം... മാക്കാന്‍മാരുടെ ഗോഗോ വിളി... അരികിലൂടെഒഴുകുന്ന അഴുക്കുചാലിന്റെ (പഴയ തോട്) കളകളാരവം...
അടുത്ത വീട്ടില്‍,വന്നു കയറിയ മരുമകളെ കുറ്റം പറയുന്ന പൂമണിത്തള്ള....
ഇവയെല്ലാം ഒഴിച്ചാൽ,  വല്ലാത്ത ഒരു നിശബ്ദതയുണ്ട് ചുറ്റിലും...

നല്ല സുഖമുള്ള അന്തരീക്ഷം...
പൊടുന്നനെ വശത്തായി ഒരു കുഞ്ഞു വെട്ടം വീണു ,
അതിന്റെ പ്രഭയില്‍ ഒരു വട്ട മുഖം വ്യക്തമായി. ആരാണ് അവള്‍...?
എണ്ണവിളക്കിന്റെ സുവർണ്ണ പ്രഭയിൽ  അവള്‍ ഒരു ദേവതയെന്നോണം ശോഭിച്ചു..
വിളക്കുമായി എന്‍റെ മുന്നിലൂടെ കടന്നു  പോയപ്പോള്‍ കയ്യോന്നിയിട്ടു  കാച്ചിയ എണ്ണയുടെ മണം... ഹാ..
പിന്നിലെ മുടിതുമ്പില്‍ നിന്നു വീണ വെള്ളത്തുള്ളികള്‍ കാലില്‍ വീണപ്പോള്‍ സുഖമുള്ള തണുപ്പ്... ഇരുളില്‍എനിക്ക് ആ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞു...

നടക്കല്ലില്‍ തിരി തെളിച്ച ശേഷം അവള്‍ എന്‍റെ അരികില്‍ വന്നിരുന്നു. എന്‍റെ കണ്ണുകളിലേക്കു നോക്കി... ഞാന്‍ അത്ഭുതപ്പെട്ടു. ആരാ..? എന്നു ചോദിക്കാന്‍ പോലും ശബ്ദം പൊങ്ങിയില്ല.. രോമാകൂപങ്ങള്‍ക്ക് ചലനം അനുഭവപ്പെട്ടു.. അവള്‍ പിന്നില്‍നിന്നും മുടിത്തുമ്പ് വാരി മുന്നിലെക്കിട്ടു... അതില്‍ നിന്നും നാലഞ്ചു തുള്ളി മുഖത്തേക്ക് തെറിച്ചു..
എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി... എന്നെ എന്തിനു ഇങ്ങനെ നോക്കുന്നു..?
ഞാന്‍ ചോദിച്ചു..

 പിന്നെ ഞാന്‍ ആരെ നോക്കണം..? ഉരുളക്കുപ്പേരി..!!
! എനിക്കു ഒന്നും മിണ്ടാനായില്ല..
ശ്വാസഗതി കൂടി... ദൈവമേ ആരെങ്കിലും കണ്ടാല്‍...? ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...
ചുറ്റിലും നോക്കി.. തല്ക്കാലം ആരുമില്ല.

തൊട്ടടുത്ത വീട്ടിലെ കുമാരേട്ടന്റെ ചേച്ചീടെ മകള്‍ ഡിഗ്രി പഠനം കഴിഞ്ഞു വരുന്നുണ്ട്, എന്നു അമ്മ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
അവളാണോ ഇവള്‍...!!ചെറുപ്രായത്തിൽ ഇന്നാട്ടിൽ നിന്ന് പോയതാണ്, എനിക്കു ചെറിയ ചിരി വന്നു... ഏയ് അതല്ല പക്ഷെ...,ഇതു അതിലും  പ്രായമുണ്ട്...
 ആരാണെന്നു ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു..

ആരാ നിങ്ങള്‍..? ഞാന്‍ ചോദിച്ചു..
ആഹാ എന്നെ  അറിയില്ലേ..?

ഞാന്‍ മായ... !!

ഠിം...!!!!  ! കറണ്ട് വന്നു...ഇരുളിന്റെ വശ്യമായ സൌന്ദര്യത്തിന്റെ മാറിൽ കഠാരയിറക്കിക്കൊണ്ട്  സി എൽ എഫ്  ലൈറ്റുകൾ മിന്നി ....
പിന്നിലെ നിശബ്ദതയെ കൊന്നുകൊണ്ട് ടി വി ചാനലുകള്‍ ഉണര്‍ന്നു..
ഒന്നുരണ്ടു നിമിഷമെടുത്തു ഞാൻ തിരികെവരാൻ... ചുറ്റിലും നോക്കി... അവളില്ല...

നടക്കല്ലിൽ അപ്പോഴും വിളക്ക് തെളിയുന്നുണ്ടായിരുന്നു...
അത്  തെളിയിച്ചതാരാണ്..?
നാളെയും വരുമോ അവള്‍..? മായ...!!
ഞാന്‍ കാത്തിരുന്നു... അടുത്ത പവര്‍കട്ടിനായി...!!!

കടപ്പാട്: കേരള സര്‍ക്കാര്‍,KSEB

No comments:

Post a Comment

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...