Wednesday, July 07, 2010

കരണത്ത് കിട്ടിയ ഒരടി...!!

അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

ഇരുപത്തിനാല് വയസ്സുള്ള ഒരുവന്‍ "ഫ്ലെര്‍ട്ട്"(പൂവാലന്‍) ആവുക എന്നത് ഒരു വലിയ സംഭവം അല്ല.അതൊരു പ്രായത്തിന്റെ ചാപല്യമാണ്.പലര്‍ക്കും പലതരത്തിലാവും പ്രതികരണങ്ങള്‍ കിട്ടുക.ചിലര്‍ അതോടെ പരിപാടി നിര്‍ത്തും മറ്റു ചിലര്‍ പൂര്‍വാധികം ശക്തിയോടെ അത് കളഞ്ഞു അടുത്തതിലേക്ക് പോകും..ദോഷം പറയരുതല്ലോ എനിക്കും കിട്ടി ഒരടി.. അതുകൊണ്ടെന്താ..? ഞാന്‍ അതിന്‍റെ കയ്പ് അറിഞ്ഞു..
എനിക്ക് ഇന്ന് വയസ്സ് ഇരുപത്തിആറ്.ഒരു വര്‍ഷം മുന്‍പ് നടക്കുന്നൊരു സംഭവമാണ്... സാമ്പത്തികമായി ഞാന്‍ അന്ന് കുഴപ്പമില്ലാത്ത അവസ്ഥയിലാണ്..മോശമല്ലാത്ത ജോലിയും ഉണ്ട്..ഇല്ലാത്തത് ഒന്ന് മാത്രം "ഗേള്‍ഫ്രണ്ട്".
കൂടെയുള്ളവര്‍ പലരും പലരോടും ഫോണിലൂടെ സംസാരിച്ചു തകര്‍ക്കുന്നത് കൊതിയോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍.. സുഹൃത്തുക്കള്‍ കൂടിയിരുന്നു പറയുന്ന കാര്യങ്ങളില്‍ പലതും "ഞാന്‍ എങ്ങനെ അവളെ വീഴ്ത്തി എന്ന് കണ്ടോടാ..?" എന്നതിനെ കുറിച്ചായിരുന്നു..അതും വളരെ ക്ഷമയോടെ കേട്ടിരുന്നു.. കൂട്ടത്തില്‍ മുമ്പനായ ഒരുവനോട് ഞാന്‍ രഹസ്യമായി കാര്യം തിരക്കി.. അന്നാണ് അറിഞ്ഞത് പലരും സംസാരിക്കുന്ന വിഷയം ഒടുവില്‍ ചെന്നെത്തുന്നത്, "സെക്സ്"എന്ന വിഷയത്തില്‍ ആണെന്ന്.. അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു..എനിക്ക് വിശ്വാസം വന്നില്ല.. ഞാന്‍ മുമ്പനോട്‌ കാര്യം പറഞ്ഞു.. അവന്‍ എന്നെ വിശ്വസിപ്പിക്കാനായി ഒരു നമ്പറില്‍ വിളിച്ച ശേഷം ലൌഡ് സ്പീക്കര്‍ ഓണ്‍ ചെയ്തു.. ഏതാണ്ട് അരമണിക്കൂര്‍..!!! ഹോ ജീവിതത്തില്‍ മറക്കാത്ത ഒരു അദ്ധ്യായം വായിച്ച പോലായി ഞാന്‍..
പിന്നത്തെ ചിന്ത എനിക്കും ആരെയെങ്കിലും വിളിക്കണം എന്നായിരുന്നു... മനസ്സില്‍ കൊണ്ടുനടന്ന കുറെ സംശയങ്ങള്‍ ഉണ്ട്, എല്ലാം അകറ്റണം.അതിനായി ആരും ഇങ്ങോട്ട് വരില്ലല്ലോ..ആവശ്ശ്യക്കാരന് ഔചിത്യവും പാടില്ല..ചെയ്യുന്നത് തെറ്റാണോ എന്ന് പല പ്രാവശ്യം മനസ്സില്‍ ചോദിച്ചു.. തൊണ്ണൂറു ശതമാനവും തെറ്റ് എന്ന് മനസ്സ് പറഞ്ഞു.. ഞാന്‍ പത്തു ശതമാനത്തെ അനുകൂലിച്ചു.. കാരണം മാനുഷിക വികാരങ്ങളും എന്റെ ജിജ്ഞാസയും മാത്രം..
ഒരു പുതിയ കോര്‍പ്റേറ്റ് കണക്ഷന്‍ എടുത്തു ..അതിന്റെ താരിഫ് ഇങ്ങനെ ആണ്..
രണ്ടായിരം എയര്‍ടെല്‍ ടു എയര്‍ടെല്‍ ടോക്ക് ടൈം ഫ്രീ...
മുന്നൂറു എയര്‍ടെല്‍ ടു അദര്‍ മോബൈല്‍സ് ടോക്ക് ടൈം ഫ്രീ..
പിന്നെ എസ് എം എസ് അഞ്ഞൂറ് ഫ്രീ...
"എല്ലാം കൂടി താങ്കള്‍ക്ക് ഒരു മാസം മുന്നുറു രൂപ മാത്രം..!!"
ഇത് പറയുമ്പോള്‍ എക്സിക്യുട്ടിവ് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..അയാള്‍ എന്നെ നോക്കിയപ്പോള്‍ എനിക്കൊരു സംശയം.. എന്റെ ഉദ്ദേശം മനസ്സിലാക്കിയോ..? "ഹേ മനുഷ്യാ എന്നാല്‍ ഒന്ന് ഉറപ്പിച്ചോളൂ ഞാന്‍ ബിസ്നസ് വേറെ വല്ല കമ്പനിക്കും കൊടുക്കും.. എന്നില്‍ നിന്ന് വരുന്ന നിങ്ങളുടെ ലാഭം വെറുതെ കളയണ്ടാ എങ്കില്‍ എന്നെ നോക്കി നിങ്ങള്‍ ചിരിച്ച കൊലച്ചിരി പിന്‍വലിക്കു.." ഇത്രയും പറയണം എന്നുണ്ടായിരുന്നു..പക്ഷെ ഇയാള്‍ ചിലപ്പോള്‍ ഉദ്ദേശത്തോടെ അല്ല ചിരിച്ചതെങ്കിലോ..? ഞാന്‍ ടയലോഗ് പിന്‍വലിച്ചു..ബിസ്നസ്സില്‍ ഒപ്പുവച്ചു.അയാള്‍ക്ക് ജീവിതം, എനിക്ക് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ തുടക്കം..
എല്ലാം ഒരു വിധത്തില്‍ റെഡിയാക്കി വന്നപ്പോള്‍ എയര്‍ടെല്‍ കമ്പനി വീണ്ടും വന്നു..ഒരു ആഡ്- ഓണ്‍ കണക്ഷന്‍... ഞാന്‍ ഉറപ്പിച്ചു, ഇത്‌ അവര്‍ മുതലാക്കുകയാണ്..എങ്കിലും ഞാന്‍ ഒരെണ്ണം കൂടെ എടുത്തു.. സിമ്മില്‍ നിന്നും എന്നെ വിളിക്കാന്‍ വെറും പത്തു പൈസ..!! ഹോ പത്തു പൈസക്ക് ഇത്ര വില കൊടുക്കുന്ന ഒരു വിഭാഗക്കാരെ ഇപ്പൊ നമ്മുടെ നാട്ടിലുള്ളു.. മൊബൈല്‍ കമ്പനിക്കാര്‍..! അതെന്തുമാകട്ടെ..നമുക്ക് വിഷയത്തിലേക്ക് വരാം.
നമ്പര്‍ കിട്ടി..ഇപ്പോള്‍ എന്‍റെ കയ്യില്‍ രണ്ടു നമ്പര്‍ ഉണ്ട്.. ഇനി ഒരാളെ കണ്ടു പിടിക്കണം.. അതെങ്ങനെ..??
വിഷയം ഞാന്‍ മുന്‍പു പറഞ്ഞ മുമ്പനുമുന്നില്‍ അവതരിപ്പിച്ചു... എന്റെ മുന്‍കൂട്ടിയുള്ള കരുതലുകള്‍ കണ്ട അവന്‍ എന്നെ അഭിനന്ദിച്ചു..പിന്നെ വിളിക്കേണ്ട ആളിന്റെ നമ്പര്‍ വേണമെങ്കില്‍ അവന്‍ തരാം എന്നായി.. അതൊരു സുഖമുള്ള പരിപാടി അല്ലല്ലോ... ആളെ നമ്മള്‍ തന്നെ കണ്ടെത്തണം.. മുമ്പന്റെ മഹാമനസ്കതയ്ക്കു ഞാന്‍ നന്ദി പറഞ്ഞു.. എന്‍റെ ആഗ്രഹവും അറിയിച്ചു..അവന്‍ ഒരു മുന്‍കരുതല്‍ എന്നോണം എനിക്ക് ഒരു ഉപദേശം തന്നു..
"ടാ എല്ലില്‍ പിടിച്ചാ പണി കിട്ടുവേ, ചില പെണ്ണുങ്ങളുടെ പൂങ്കണ്ണീര് പരിപാടി ഉണ്ട്. കേസുകളെ ആദ്യമെ തന്നെ വിട്ടേക്കണം.ഇല്ലേല്‍ തലേലിരിക്കും.."
ഞാന്‍ അത് മനസ്സില്‍ കുറിച്ചിട്ടു..
ആദ്യപടി...
കണ്ണില്‍ കണ്ട ഏതൊക്കെയോ നമ്പരുകളിലേക്ക് മിസ്‌കാള്‍ കൊടുത്തു.. ചിലര്‍ തിരികെ മെസ്സേജ് അയച്ചു.
"മേ നോ ഹു ആര്‍ യു?"ചിലര്‍ ഒന്നും പ്രതികരിച്ചില്ല...എന്റെ കേട്ടറിവ് വച്ച് മറുപടി അയക്കാത്തവര്‍ മിക്കവാറും പെണ്‍പിള്ളേര്‍ തന്നെ ആയിരിക്കും..അങ്ങനെ ഉള്ള കുറെ നമ്പറുകള്‍ ഞാന്‍ കുറിച്ചിട്ടു..അതില്‍ ഭംഗിയുള്ള ഒരു നമ്പറിലേക്ക് ഞാന്‍ ചില മെസ്സേജ് അയച്ചു.. ഒന്നിനും മറുപടി വന്നില്ല.."ക്ഷമ" ജീവിതത്തില്‍ അത്യാവശ്യം വേണ്ട ഒന്നാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്‌ അപ്പോഴാണ്‌.. ഞാന്‍ കാത്തിരുന്നു...
ഒരിക്കല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു ഒരു മെസ്സേജ് അയച്ചു ഇംഗിതം ഇതായിരുന്നു..
"എന്താടോ താന്‍ ഒന്നും മിണ്ടാത്തെ.. കുറെ കാലമായില്ലെ ഞാന്‍ മെസ്സേജ് അയക്കുന്നു.."
മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു..
"മൂത്ത് നിക്കുവാണേല്‍ പോയി വല്ല മുരുക്കിലും ഒരച്ചു തീര്‍ക്കെടാ.."
ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് അയച്ച എന്റെ വിലപ്പെട്ട മെസേജുകള്‍... എന്തായാലും ഭാഗ്യം, മഹാനോ/മഹതിയോ, പിന്നെ എന്നോട് ഒന്നും മിണ്ടിയിട്ടില്ല.. എന്തായാലും ഒരാഴ്ച ഞാനും ആര്‍ക്കും മെസ്സേജ് അയച്ചില്ല..
മുമ്പനോട് ഞാന്‍ സ്വകാര്യമായി നടന്ന വിഷയം അവതരിപ്പിച്ചു... അവന്‍ ചിരിച്ച ചിരി കണ്ടാല്‍ ജീവിതത്തില്‍ ഇതുപോലെ അബദ്ധം പറ്റിയ ആദ്യത്തെ വ്യക്തി ഞാന്‍ ആണെന്ന് തോന്നും.. എന്നാലും എനിക്ക് വാശി കൂടിയതേ ഉള്ളൂ...
രണ്ടാം പടി..
ഇനി ആളറിയാതെ ഒരു അബദ്ധം പറ്റാന്‍ പാടില്ല...അത് ഞാന്‍ ഉറപ്പിച്ചു..
അതിനായി ഞാന്‍ നല്ലൊരു ആളെ തപ്പി ഇറങ്ങി.. ടെക്നോപാര്‍ക്കിലെ ഒരുവിധം എല്ലാ കമ്പനിയില്‍ ഉള്ളവരും ഭക്ഷണം കഴിക്കാന്‍ വരുന്നത് തേജസ്വ്നിയുടെ എഴാം നിലയിലാണ്.. അഭിമാനികളായ ടെക്കികളില്‍ പലരും പണം മുടക്കാന്‍ മടിയില്ലാത്തവരാണ്... അത് മനസ്സിലാക്കിയ വ്യാപാര തന്ത്രികള്‍ ചില നമ്പരുകള്‍ കാട്ടി പണം കൊയ്യുന്ന സ്ഥലമാണ് കഫെറ്റീരിയകള്‍....അവിടെ ഞങ്ങള്‍ കുറെപ്പേര്‍ പോകുന്നത് വേറെ ചില ഉദ്ദേശത്തോടുകൂടി ആണ്.. ഉദ്ദേശം മനസ്സില്‍ ഉള്ള പെണ്‍പിള്ളാരും അവിടുണ്ട്... അത് ആദ്യ ദര്‍ശനത്തില്‍ വസ്ത്രധാരണം കണ്ടാലെ അറിയാം.. ചില കുടുംബത്തില്‍ പിറന്ന "മിണ്ടാപ്പൂച്ചകള്‍" വരും..
ഞങ്ങള്‍ അവരെ തേടിപ്പിടിച്ചു ഓരോ പേരുകള്‍ ഇട്ടു കൊടുക്കും...
"ഫിങ്ങിണി (പിങ്ക് ചുരിദാര്‍ഇട്ടവള്‍), മിങ്ങിണി(മഞ്ഞ)...." അങ്ങനെ ഒരു ഫിങ്ങിണിയെ ഒരിക്കല്‍ ഞാന്‍ നോട്ടമിട്ടു.. കൊള്ളാം..!! ഒറ്റയ്ക്ക് വരും വല്ലതും കഴിക്കും മിണ്ടാതെ പോകും..സാമാന്യം തരക്കേടില്ലാത്ത ശാരീരിക പ്രകൃതം.. ഞാന്‍ ദിവസവും അവള്‍ വരുന്ന സമയം വരാന്‍ തുടങ്ങി.. സമയത്താണ് "വാരണംആയിരം" എന്ന നശിച്ച സിനിമ ഇറങ്ങിയത്‌.. അതോടെ എല്ലാവനും "സിക്സ് പായ്ക്ക്" ഒരു ഹരമായി.. നാശം പിടിക്കാന്‍.. ഞാനും ഇറങ്ങി.. റൂമിലെ എന്‍റെ പ്രകടനം കണ്ടപ്പോള്‍ സുഹൃത്ത് ഒരു സംശയം നിറഞ്ഞ ചോദ്യം ചോദിച്ചു.."എന്തുവാണ് ആരെയോ ഒതുക്കാനുള്ള പുറപ്പടാണല്ലോ? " "എന്താ ഞാന്‍ ഒതുക്കിയാല്‍ ഒതുങ്ങന്ന പിള്ളാരില്ലേ?" ഞാന്‍ തിരിച്ചു ചോദിച്ചു.. "അത് കാണും പക്ഷെ ഇതിപ്പോ മാസവസാനമാ.. വീണ് കയ്യോ കാലോ ഒടിഞ്ഞാല്‍ കടം വാങ്ങണം... ആശുപത്രി ചിലവിന്..." മറുപടി കുറിക്കു കൊണ്ടു.. അത് അങ്ങനെ ആണ് മാസാവസാനം ആയാല്‍ ഒരുത്തന്റെ കൈയ്യിലും അഞ്ചിന്റെ കാശ് കാണത്തില്ല.. ഞാന്‍ അവനോടു ഒന്നും പറയാതെ സംഭവം ഉള്ളിലൊതുക്കി..
എന്റെ ദിവസേനയുള്ള വരവ് അവള്‍ നോട്ടമിട്ടു.. എന്റെ ആദ്യ വിജയം..!!
ഒരിക്കല്‍ അവള്‍ അവളുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം വന്നു..അവര്‍ ചുറ്റും കൂടി ഇരുന്നു കഴിക്കുകയാണ്.. ഞാന്‍ കുറച്ചു അപ്പുറത്തുണ്ട്.. അവരില്‍ ചിലര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.. എന്നെപ്പറ്റി എന്തോ പറഞ്ഞു ചിരിക്കുകയാണ്..
"ആ
പറയുന്നത് എന്നെപ്പറ്റിയാണ്‌ നൂറുതരം..." അതെനിക്ക് അറിയാം.. "ആ തമാശ നിന്നെക്കൊണ്ട് വീണ്ടും ഞാന്‍ പറയിക്കും.. അന്ന് നീ എന്‍റെ മുന്നിലിരുന്നു പച്ഛാത്തപിക്കൂം.." ഞാന്‍ ഒരല്പം ദേഷ്യത്തില്‍ മനസ്സില്‍ പറഞ്ഞു... പോയപ്പോള്‍ അവള്‍ ഒന്ന് തിരിഞ്ഞു നോക്കി.ഹോ..!! എന്തൊരു ആശ്വാസം..ഒരുപാട് ഗാനങ്ങള്‍ മനസ്സില്‍ ഓടി മറഞ്ഞു... അതോടെ ദിവസേന ഓരോ ബെഞ്ച്‌ അടുത്തടുത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.. അപ്പോള്‍ അവള്‍ക്കും കാര്യം ചെറുതായി മനസ്സിലായിരിക്കണം.. ഒരിക്കല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളോട്‌ കാര്യം പറയാന്‍ തീരുമാനിച്ചു.. അവളുടെ അടുത്തേക്ക്‌ എത്തിയപ്പോഴാണ് ഞെട്ടലോടെ ഞാന്‍ കാഴ്ച കണ്ടത്.. പേരിനു മാത്രം കാണാന്‍ കഴിയുന്ന ഒരു നേരിയ വര നെറ്റിയില്‍.. "സീമന്ദം" (ഞങ്ങളുടെ ഭാഷയില്‍ റിഫ്ലക്ടര്‍,റെഡ് അലര്‍ട്ട് എന്നൊക്കെ പറയും...). ഞാന്‍ കാര്യം മനസ്സിലാക്കി പിന്‍മാറി.. സ്ത്രീജന്മത്തിനു ഇത്രയും പ്രായക്കുറവ് ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.. സന്തൂര്‍ സോപ്പിന്‍റെ പരസ്യത്തിനു പിന്നില്‍ ചില സത്യങ്ങള്‍ ഉള്ള വിവരം ഞാന്‍ അന്ന് മനസ്സിലാക്കി.. ഭാഗ്യത്തിന് വഴിക്കെങ്ങും ഞാന്‍ പോയിട്ടേ ഇല്ല... എന്തിനാണ് വെറുതെ അവരുടെ ഭര്‍ത്താവിനു പണികൊടുക്കുന്നെ..? സംഭവം ഞാന്‍ ആരോടും പറഞ്ഞില്ല... ഉള്ളില്‍ വാശി കൂടി വന്നു...പുതിയ പുതിയ വഴികള്‍ കണ്ടു പിടിക്കണം... ന്യുട്ടനെയും,ഐന്‍സ്ടീനെയും എല്ലാം ഞാന്‍ ഒരു നിമിഷം നമിച്ചു.. എത്ര തവണ പരാജയപ്പെട്ടിട്ടായിരിക്കും ഒരിക്കല്‍ അവര്‍ വിജയിച്ചത്...
"മുന്നേറുക പൂര്‍വ്വാധികം ശക്തിയോടെ...വിജയം കയ്യെത്തും ദൂരത്താണ്.." അതായി എന്റെ മുദ്രാവാക്യം..
ആയിടെ ചെറിയ ഒരു സംഭവം ഉണ്ടായി...
ഞങ്ങളുടെ ഓഫീസില്‍ പുതിയ റിക്രുട്ടുമെന്റ് നടന്നു... ഫ്രന്റ്‌ ഓഫീസില്‍ ആളെ വേണം. എച് .ആര്‍ തിരക്കിലാണ് . ഞാന്‍ അയാളെ ബുദ്ധിമുട്ടിക്കാതെ വന്ന പിള്ളാരുടെ പേരും ഫോണ്‍ നമ്പരും കുറിച്ചെടുത്തു.. എം ഡി യുടെ ശക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പല സൗന്ദര്യധാമാങ്ങള്‍ക്കും കഴിഞ്ഞില്ല.. ഒടുവില്‍ ഒരാളെ എം.ഡി തന്നെ തിരഞ്ഞെടുത്തു.. ആളെ ഞാന്‍ കണ്ടില്ല. പേര് കിട്ടി.. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും മെസ്സേജ് പ്രയോഗം ആരംഭിക്കാന്‍ തീരുമാനിച്ചു.. എച്.ആര്‍ സുഹൃത്ത് ആയതുകൊണ്ട് പെണ്‍കുട്ടിയുടെ എല്ലാ വിവരങ്ങളും ഞാന്‍ മനസ്സിലാക്കി...
മൂന്നാം പടി...
ഇനി യുദ്ധം തുടങ്ങാം... ഞാന്‍ വീണ്ടും എസ് എം എസ് നെ കൂട്ടുപിടിച്ചു.. ഇത്തവണ കുറച്ചു ആലോചിച്ച ശേഷമാണ് ഞാന്‍ കരുക്കള്‍ നീക്കിയത്... എന്നുവച്ചാല്‍, ഒരടി മുന്നില്‍ കണ്ടു നീങ്ങി...അതുകൊണ്ട് വരാനുള്ള അടി വഴിയില്‍ തങ്ങത്തില്ലല്ലോ...അതങ്ങനെ നമുക്കായി കാത്തുകിടക്കും..
എനിക്ക് ഒരു സ്വപ്നകാമുകി ഉണ്ടായിരുന്നു... അതൊരു പുതിയ സംഭവം അല്ല... എന്നിരുന്നാലും പറയാം.. എന്റെ സ്വപ്നകാമുകിക്ക് ഞാന്‍ ഒരു രൂപവും കൊടുത്തിരുന്നു.. ഓരോ ശരീരഭാഗവും ഞാന്‍ കണ്ടിരുന്ന ഓരോ സുന്ദരികളായ അംഗനമാരുടെതായിരുന്നു.. അപ്പോഴുള്ള പ്രശ്നം എന്തെന്നാല്‍, എല്ലാ ദിവസവും അവള്‍ക്കു രൂപമാറ്റം സംഭവിക്കും എന്നുള്ളതാണ്.. എന്നിരുന്നാലും ഞാന്‍ അവള്‍ക്കു സുന്ദരമായ പേര് നല്‍കിയിട്ടുണ്ടായിരുന്നു.. "പാര്‍വതി"അത് ഇതുവരെ മാറ്റിയിട്ടില്ല..
പാര്‍വതിയെ മുന്‍നിറുത്തി ഞാന്‍ എസ് എം എസ് ടൈപ്പ് ചെയ്തു തുടങ്ങി..
ഇംഗിതം ഇങ്ങനെ...
"പാറു ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ന് നിന്നെ ഹോസ്പിറ്റലില്‍ കണ്ടു... അന്നത്തെ നിന്റെ മൊബൈല്‍ നമ്പറും നിന്റെ മുഖവും ഞാന്‍ മായ്ചിട്ടില്ല... എനി വേ ഹാപ്പി ദീവാലി... "
എന്റെ ബുദ്ധിപരമായ നീക്കം ആയിരുന്നു അത്..
"ഹു ഈസ്‌ ദിസ്‌ ? ആം നോട്ട് പാറു ..."
.... ഞാന്‍ പ്രതീക്ഷിച്ച മറുപടി... ഒരു നേരിയ വെട്ടം തെളിഞ്ഞു... ഇനിയിപ്പോ അതില്‍ പിടിച്ചങ്ങ് തൂങ്ങി കേറിയാല്‍ മതിയല്ലോ...ഞാന്‍ പതിയെ പതിയെ കുട്ടിയുമായി സംസാരിച്ചു തുടങ്ങി.. ഞാന്‍ പാറു എന്ന മട്ടില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു... താന്‍ പാറു അല്ല നമ്പര്‍ എങ്ങനെ കിട്ടി..? എന്നൊക്കെ മറുപടിയും... രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സോറി മെസ്സേജ് അയച്ചു..
" ആം സോറി .. താന്‍ പറഞ്ഞത് ശരി ആയിരുന്നു .. ഇത്‌ പാറുവിന്റെ നമ്പര്‍ അല്ല... ശേ.. താന്‍ എന്നോട് ക്ഷമിക്കുമല്ലോ... ഒരു ഫ്രണ്ട് എന്നു കരുതിയെങ്കിലും..."
വിദഗ്ധമായി
ഞാന്‍ കാര്യം അവതരിപ്പിച്ചു...
ദാ വരുന്നു ഗംഭീരന്‍ മറുപടി..."ഓക്കേ ഇറ്റ്സ് ആള്‍ റൈറ്റ്.."
അതല്ലേ നമുക്ക് ആവശ്യം.. ഒടുവില്‍ ഞാന്‍ പടക്കത്തിന് അടുത്തായി തീപ്പെട്ടിയും ഇട്ടു പോകും പോലെ ഒരു ഫൈനല്‍ പരീക്ഷണം നടത്തി...
"ഓക്കേ ഞാന്‍ തന്നെ ഇനി ബുദ്ധിമുട്ടിക്കില്ല... ആം സൊ സോറി...ഗുഡ് ബൈ.."
പിന്നെ കാത്തിരിപ്പായി പദ്ധതി പ്രകാരം മറുപടി വരേണ്ടതാണ്... വന്നില്ല... ടെന്‍ഷന്‍... അയ്യോ ... പണി പാളിയോ...
മണിക്കൂറുകള്‍ കടന്നു പോയി..ഓഫീസില്‍ വര്‍ക്ക്‌ ഒന്നും നടന്നില്ല... ചായ കുറെ കുടിച്ചു ... ഒരു രക്ഷയും ഇല്ല...
രാത്രിയായപ്പോള്‍ ദാ വരുന്നു ... !!! ഗംഭീരന്‍ ഒരു ഫോര്‍വേഡ് എസ് എം എസ്... അതും ഗുഡ് നൈറ്റും വച്ച്...
എവിടെ ..? ഇനി അല്ലേ മോളെ രസം ഇന്ന് മുതല്‍ നിനക്ക് ശിവരാത്രികളാ.... ഞാന്‍ മനസ്സില്‍ പറഞ്ഞു..
ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു എസ് എം എസ് അയച്ചു..
"ഹേയ് യു എഗൈന്‍.. .. എനി വെ നൈസ് റ്റു എസ് .എം.എസ് യു, മൈ എസ്.എം.എസ് ഫ്രണ്ട്..."
മറുപടിയും വന്നു...
"ഹായ്... സത്യം പറയ്‌ താന്‍ ആരാ?"
ദാ കണ്ടോ അടുത്തു ഇട്ടിട്ടു പോയ തീപ്പെട്ടി ഉപയോഗപ്പെട്ടത്‌ കണ്ടോ....??
ഞാന്‍ വീണ്ടും പൊട്ടിച്ചു അടുത്ത കതിന...
"എന്റെ പേര് "കമല്‍ കൃഷ്ണന്‍..." ടെക്നോപാര്‍ക്കില്‍ ഒരു എം എന്‍ സി യില്‍ ജോലി ചെയ്യുന്നു..."
"എന്റെ നമ്പര്‍ എങ്ങനെ കിട്ടി... സത്യം പറയു.."
".... താന്‍ എന്നോട് പിണങ്കില്ലെങ്കില്‍ പറയാം..."
"ഇല്ല പറയ്‌..."
"താന്‍ എന്റെ ഒരു ഫ്രണ്ട് ന്റെ കമ്പനിയില്‍ ഇന്റര്‍വ്യൂ നു പോയിരുന്നു അവന്‍ ഒപ്പിച്ചു തന്നതാ..."
"ഇത്‌ ശരിയുള്ള ഒരു കാര്യമാണോ..?"
"അല്ല എനിക്കറിയാം തെറ്റാണു എന്ന്..."
"പിന്നെ..?"
"പിന്നൊന്നും ഇല്ല.. ഒരു രസം..."
കുറേ നേരം പിന്നെ അനക്കം ഒന്നുമില്ല... ഇതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതാണ്..
പിറ്റേന്ന് രാവിലെ ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്‍ എന്നു തോന്നിക്കുന്ന ഒരാളും അവിടിരിപ്പുണ്ട്... ഞാന്‍ ഒന്ന് മിണ്ടാതെ അകത്തു കയറി... ഉള്ളില്‍ ചിരിയാണ്..
വീണ്ടും ആയുധം എടുത്തു...
"ഹലോ ഗുഡ് മോര്‍ണിംഗ് ... ഇപ്പൊ എവിടാ...?"
"ഓഫീസില്‍...""എവിടാ തന്റെ ഓഫീസ്...?" അവളുടെ മറുചോദ്യം..
"നിളയിലാ... താന്‍ തേജസ്വിനിയില്‍ അല്ലെ...?"
"അതെ.."
അതങ്ങനെ നീണ്ടു...
പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ ആകുട്ടിയെ ശ്രദ്ധിച്ചു.. പാവം, എന്തൊരു ആത്മാര്‍ഥതയോടെ ടൈപ്പ് ചെയ്യുന്നു...
ഞാന്‍ സ്വപ്നകാമുകിയുമായി ഒന്ന് തട്ടിക്കിഴിച്ചു നോക്കി... പോരാ.!!.. ശരി പോകുന്നിടം വരെ പോട്ടെ...എന്നു കരുതി മെസ്സേജ് പരിപാടി തുടര്‍ന്നു..
അന്ന് തന്നെ പിടിക്കപ്പെടും എന്നു കരുതിയതാണ്... രണ്ടു നാള്‍ അവള്‍ അങ്ങനെ എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു... പാവം മനസ്സിലാക്കിയില്ല എന്നു ഞാന്‍ കരുതി...
രണ്ടാം നാള്‍ രാത്രി... ഞാന്‍ പതിവുപോലെ കളത്തിലിറങ്ങി..
"തന്നെ ഒന്ന് കാണണം എന്നുണ്ട്... പറ്റുവോ..?"
" പിന്നെന്താ...?"
"എവിടെ വച്ച്..?"
"ഓഫീസില്‍ വന്നോളു .."
"ശ്ശെ ....അത് വേണ്ട.."
"പിന്നെ ..?"
"കോഫി ഷോപ്പ്..??"
"അത്രക്കും വേണോ...? രാഹുലെ....!!!!!!!!!!!!!!!!!!!!!!"
സത്യം പറയാല്ലോ... അവള്‍ എന്റെ നെഞ്ചില്‍ വന്നിരുന്നു വെടി വച്ചിരുന്നേലും ഞാന്‍ ഞെട്ടില്ലയിരുന്നു... ഇത്‌ ഒരു വല്ലാത്ത ഞെട്ടല്‍ ആയിപ്പോയി...!!
"പോട്ടെടാ... ആറു വര്‍ഷം മുന്‍പുള്ള പാറുന്റെ നമ്പര്‍ നീ മാച്ചിട്ടില്ല എന്നു പറഞ്ഞപ്പോഴേ എനിക്ക് കത്തി... ഏതോ രോഗമുള്ള കക്ഷി ആണ് മറുഭാഗത്ത് എന്നു... അല്ലേല്‍ സാമാന്യ ബോധം ഉള്ള ആരേലും ആറു വര്‍ഷം മുന്‍പുള്ള നമ്പര്‍ എന്നു പറയോ...?രണ്ടായിരത്തി മൂന്നില്‍ ഇവിടെ ഏതു എയര്‍ടെല്‍ മൊബൈല്‍...? അതെങ്കിലും ആലോചിക്കണ്ടെ...? പിന്നെ ആരോ എന്റെ പ്രൊഫൈലില്‍ നിന്ന് നമ്പര്‍ തപ്പിയതാന്നു മനസ്സിലായിരുന്നു.. പക്ഷെ ആരാന്നു മനസ്സിലായത്‌ മിനഞ്ഞന്നു ആയിരുന്നു... ഇപ്പൊ വീട്ടില്‍ നിന്റെ കാര്യം പറഞ്ഞു ചിരിക്കാനേ എനിക്ക് നേരം ഉള്ളു..."
ഞാന്‍ ആകെ കറങ്ങിപ്പോയി...
യുദ്ധത്തില്‍ വലിയ യോദ്ധാക്കളോട് പടവെട്ടി മുന്നിലെത്തിയ രാജാവിന്റെ സ്വീകരണം നടക്കുമ്പോള്‍ ഒരു കാക്ക വന്നു കാഷ്ട്ടിച്ചാല്‍ എങ്ങനിരിക്കും... അവസ്ഥയിലായി ഞാന്‍..!.ഒരു എസ് എം എസ് കൂടെ അയച്ചു.. പരാജിതന്റെ അവസാന സന്ദേശം..
"ഹോ...എല്ലാം സമ്പൂര്‍ണ്ണം...! തൃപ്ത്തിയായി ...നാളെ എന്റെ ചമ്മിയ മുഖം തനിക്കു കാണാം.."
അങ്ങനെ എനിക്ക് പിറ്റേന്ന് ഒരു ചമ്മിയ മുഖവുമായി ഓഫീസില്‍ പോകേണ്ടി വന്നു...
അവള്‍ ആയതു കൊണ്ടാവാം ഇങ്ങനെ പ്രതികരിച്ചത്..വേറെ ആരേലും ആയിരുന്നെലോ...?? സത്യം , ചില സുഹൃത്തൂക്കള്‍ ഉണ്ടാകുന്നത് ഇങ്ങനെയാണ്.. സംഭവം കഴിഞ്ഞതോടെ എനിക്ക് ഒരു നല്ല സുഹൃത്തിനെ കിട്ടി...
മൂന്നാം തവണ കിട്ടിയ കനത്ത പരാജയം എന്നെ ശരിക്കും വലച്ചു... ഞാന്‍ കുറെ നാളുകള്‍ വല്ലാത്ത വിഷമത്തോടെ നടന്നു..അവള്‍ക്കും അത് മനസ്സിലായി... അതുകൊണ്ടാവം അവള്‍ തന്നെ എനിക്ക് ഒരു പെണ്‍കുട്ടിയെ കാണിച്ചു തന്നത്... വീണ്ടും വസന്തകാലം...!!
അവളുടെ മെയിലില്‍ വന്ന ഫോട്ടോ കണ്ട ഞാന്‍ അന്തം വിട്ടുപോയി... ഹോ എന്തൊരു സൌന്ദര്യം...!!
ഇടത്തെ നെഞ്ചിനുള്ളില്‍ ഒരു പുകച്ചില്‍...ഒരു നീറ്റല്‍...ഇവളെ ഞാന്‍ ഇതുവരെ എന്തേ കണ്ടില്ല ...? ചിലപ്പോള്‍ ഇവളെ കാണാനുള്ള നിയോഗം ഇങ്ങനെ ആയിരിക്കും... എന്തായാലും ഞാന്‍ ഒന്ന് ഉഷാറാവാന്‍ തീരുമാനിച്ചു...
പറ്റിയാല്‍, ഇവളുടെ സ്വഭാവവും എന്റെ സ്വപ്നങ്ങളും ഒത്തു പോവുകയാണെങ്കില്‍... അവള്‍ക്കിട്ടു ഒരു ജീവിതം കൊടുത്തേക്കാം ... എന്നും ഉറപ്പിച്ചു...
പിന്നെ അവളുടെ മൊബൈല്‍ നമ്പറും വാങ്ങി...
"ഡാ സൂക്ഷിക്കണം.." അവള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കി...
പറ്റിയ അബദ്ധങ്ങള്‍ ഇനി വരാതിരിക്കാന്‍ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ ഒരു തേങ്ങയും ഉടച്ചു...
നാലാം പടി....
ഇത്തവണ ഇറങ്ങുമ്പോള്‍ ഞാന്‍ വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു... ഒരു സാധാരണ സുഹൃത്ബന്ധം ഉണ്ടാക്കി കുറെനാള്‍ കഴിഞ്ഞു പ്രണയിച്ചു പിന്നെ ഉപേക്ഷിക്കുന്ന ഇപ്പോഴത്തെ മൊബൈല്‍യുഗ രീതികളോട് താല്‍ക്കാലികമായി ഞാന്‍ വിടപറഞ്ഞു..കാരണം മറ്റൊന്നുമല്ല... ഫോട്ടോ കണ്ടതുമുതല്‍ "എനിക്കായി ഉണ്ടായതാണ് അവള്‍" എന്ന ചിന്ത എന്നെ പിന്നാലെ കൂടി...
അതൊരു വല്ലാത്ത അവസ്ഥയാണ്... , "പ്രണയം തലയ്ക്കു പിടിക്കുക" എന്ന് പറയും... പിന്നെ എന്ത് ചെയ്യുന്നെന്നോ, പറയുന്നെന്നോ ഒരു നിശ്ചയവും കാണില്ല... അങ്ങനെ പോകും... ഒടുവില്‍ എവിടെയെങ്കിലും പോയി ഇടിച്ചു നില്‍ക്കും..
വേണമെങ്കില്‍ ഒരു ഉദാഹരണം പറയാം...എന്റെ ഒരു ബന്ധു കുറെകാലം മുന്‍പ് ആത്മഹത്യ ചെയ്തു.. വിഷയം വളരെ നിസാരമായിരുന്നു... ഒരു പെണ്‍കുട്ടിയെ നോക്കി രണ്ടു പേര്‍ വാതു വച്ചു... അവളെ സ്വന്തമാക്കിയാല്‍ കിട്ടുന്നത് ഒരു ലഡ്ഡു...
അവിടെ വിഷയം, ലഡ്ഡു കിട്ടുന്നതല്ല ... അഭിമാനം...!!! അത് മുന്‍നിറുത്തി കളിയ്ക്കാന്‍ ഇറങ്ങിയാല്‍ പ്രശ്നം ഗുരുതരമാകും... ഒടുവില്‍ ലഡ്ഡു കിട്ടി... അവളെ സ്വന്തമാക്കി... പക്ഷെ പ്രണയം തലയ്ക്കു പിടിച്ചതോടെ മനുഷ്യന് സമനില തെറ്റി.. അവള്‍ക്കായി എന്തും ചെയ്യും എന്ന് വന്നു... വീട്ടുകാരില്ല നാട്ടുകാരില്ല ... എപ്പോ നോക്കിയാലും അവളുടെ പിന്നാലെ നിഴലു പോലെ കാണും...... നാട്ടുകാര്‍ ഒന്നും രണ്ടും പറഞ്ഞു തുടങ്ങി...ആയിടക്കു അവളുടെ വീട്ടുകാര്‍ വിവരം അറിഞ്ഞു... പെട്ടന്ന് വേറെ ഒരു ആലോചന നടത്തി... വിവാഹവും ഉറപ്പിച്ചു... പിന്നെ ഇദ്ദേഹത്തെ നോക്കാന്‍ പോലും അവള്‍ക്കു മടി... പുതു പയ്യനുമായി തന്റെ മുന്നിലൂടെ പോയപ്പോള്‍ കത്തിയത് അവന്റെ ദുര്‍ബല ഹൃദയമാണ്... "പോട്ട് പുല്ല്" എന്നും പറഞ്ഞു കളയേണ്ട വിഷയം... പാവം,ഒരു കുപ്പി വിഷത്തിനെ കൂട്ടുപിടിച്ച് അവളോട്‌ പ്രതികാരം ചെയ്തു...!!
മറ്റൊരുത്തന്‍ ഉണ്ട് , പ്രണയം തലയ്ക്കു പിടിച്ചു സദാ സമയവും കണ്ട പേപ്പറുകളില്‍ പ്രണയിനിയുടെ പേരെഴുതിക്കൂട്ടി തലയിണ നിര്‍മ്മാണം.. പിന്നെ ഗിഫ്റ്റ് വാങ്ങിക്കൊടുക്കലും... അവളുടെ വര്‍ക്ക്‌ ചെയ്തു കൊടുക്കലും..... ഹോ ..എന്തിനു പറയുന്നു.. അവളൊന്നു ടോയിലെറ്റില്‍ പോയാല്‍ ആശാന്‍ പുറത്തു കാവല്‍ നിക്കും... അത്ര കെയറിങ്..!!
പുള്ളി തമിഴാണ്...
"യെന്‍ ഉയിര്‍ പോനാലും നാന്‍ കവലപ്പെടമാട്ടെ.. ആനാ അവ കണ്ണിലെന്തു ഒരു സൊട്ടു കണ്ണീര്‍ വന്താക്കുടെ നാന്‍ താങ്ക മാട്ടെ മച്ചാ..." കൊടുമ്പിരിക്കൊണ്ട പ്രണയം...
അവളും ഒരിക്കല്‍ പോടാ പുല്ലേന്നും പറഞ്ഞ്, വീട്ടുകാര്‍ നോക്കി ഉറപ്പിച്ച നല്ലൊരു ചുങ്കന്‍ അച്ചായന്‍ പയ്യനുമായി അമേരിയ്ക്കക്ക് പോയി.. ദാ കിടക്കുന്നു മറ്റവന്‍... മിണ്ടാട്ടമില്ല.. ഉരിയാട്ടമില്ല...!!
അത്മഹത്യ ചെയ്യാന്‍ പേടി ആയതുകൊണ്ട് സ്ഥിരം ബാറില്‍ പോകാന്‍ തുടങ്ങി... ഇന്നും, അവള്‍ വരും എന്നാ പ്രതീക്ഷയിലാണ് അവന്‍... അതാണ് പ്രണയം... തകര്‍ന്നാല്‍ ഹോ.. എന്തും സംഭവിക്കാം..!!
എന്നാല്‍ വ്യക്തമായ ധാരണയോടെ പ്രണയിച്ചു പിരിഞ്ഞവരെ എനിക്കറിയാം... അവര്‍ പലതും ഉള്ളില്‍ ഒതുക്കും..
ഞാന്‍ നല്ലത് മാത്രം ആലോചിച്ചു മുന്നോട്ടു നീങ്ങി...
ഇത്തവണ ഞാന്‍ കാത്തിരുന്ന് ഒരു ഫലം കിട്ടാനുള്ള ക്ഷമയില്‍ ആയിരുന്നില്ല... അങ്ങോട്ട്‌ ഇടിച്ചു കയറുക.. ഒന്ന് രണ്ടു സിനിമയൊക്കെ കണ്ടു ഊര്‍ജ്ജം ഉള്‍ക്കൊണ്ടു...
സുഹൃത്തായ ഫ്രണ്ട് ഓഫീസുകാരി അവളെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പറഞ്ഞു. അതില്‍ പ്രധാനം അവളുടെ മറ്റൊരു പ്രണയത്തെ കുറിച്ചാണ്... അതിപ്പോള്‍ ഉണ്ടോ.. ഇല്ലേ... അത് അവള്‍ക്കും അറിയില്ല... ഞാന്‍ ആകെ വട്ടായി... എന്നാലും അവളോടുള്ള എന്റെ പ്രണയത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല... അവള്‍ക്കു തലച്ചോറിലേക്ക് പോകുന്ന ഏതോ ഞരമ്പില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടെന്നും അത് അവളുടെ ഇടതു കൈയ്യെ ബാധിച്ചിട്ടുണ്ട് എന്നും അറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാത്ത അവസ്ഥയിലായി... ഒരു പക്ഷെ അത് എന്നിലെ പ്രണയം വര്‍ദ്ധിക്കാന്‍ ഒരു കാരണം ആയി എന്ന് വേണം പറയാന്‍..
എന്നില്‍ പെട്ടന്ന് വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങി.. ജീവിതരീതിയില്‍ ഞാന്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍..!!
ബാങ്ക് ബാലന്‍സ് കൂട്ടാനായി ചിലവുകള്‍ വളരെ കുറയ്ക്കാന്‍ തീരുമാനിച്ചു... നല്ല രീതിയില്‍ വസ്ത്രം ധരിച്ചു... ജീവിതത്തില്‍ കൃത്യത പാലിക്കാന്‍ തുടങ്ങി... ശരീരം ശ്രദ്ധിക്കാനായി വ്യായാമ മുറകള്‍ ശീലിച്ചു.. പറയുന്ന വാചകങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനായി നല്ല നല്ല ബുക്കുകള്‍ വായിച്ചു... നല്ല പ്രഭാഷണങ്ങള്‍ കേട്ടു... ദേഷ്യം നിയന്ത്രിക്കാന്‍ യോഗ ശീലിച്ചു...എന്തിനേറെ പറയണം താലിമാല വാങ്ങാന്‍ കാശ് സ്വരൂപിക്കുന്നതിനെപ്പറ്റി പോലും ഞാന്‍ വഴികള്‍ കണ്ടു.... സുഹൃത്തായ പെണ്‍കുട്ടി ഇതെല്ലം അറിയുന്നുണ്ടായിരുന്നു .. ഒരിക്കല്‍ അവള്‍ അവളുടെ സുഹൃത്തിന് എന്നെ ഫോണിലൂടെ പരിചയപ്പെടുത്തി..ഫോണ്‍ എടുത്ത നിമിഷം ഞാന്‍ ആകെ പരവശനായി...
ആദ്യം എന്താ പറയുക..?. ഒന്നു പ്രിപ്പെയര്‍ ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല.... എന്നാലും ഞാന്‍ സംസാരിച്ചു തുടങ്ങി...
ഞാന്‍: ഹലോ...
മറുതലയ്ക്കല്‍:ഹലോ...
ഞാന്‍:എന്നെ അറിയോ..?
::ഇല്ല...
ഞാന്‍: ഫ്രണ്ട് ഒന്നും പറഞ്ഞില്ലെ..?
:: ഇല്ല...
ഞാന്‍: എന്നാല്‍ ശരി... എന്റെ പേര് രാഹുല്‍... തന്റെ ഫ്രണ്ട് എന്റേം ഫ്രണ്ടാണ്... അതുകണ്ടാണ് തന്റെ ഫോട്ടോ കാണാന്‍ പറ്റിയത്... ആദ്യനോട്ടത്തില്‍ തന്നെ സത്യം പറയാല്ലോ... തന്നെ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു....

ഒരല്‍പം ഓവറായോ എന്ന് എനിക്ക് സംശയം തട്ടിയത് കൊണ്ട് ഞാന്‍ സംസാരം കുറച്ചു..
മറു തലയ്ക്കല്‍ മിണ്ടാട്ടമില്ല...

ഞാന്‍: ഹലോ... അവിടുണ്ടോ ? അതോ പോയോ..?
: : പോയിട്ടില്ല...

ആഹാ... പോസിറ്റീവ് ആയ സമീപനമാണ്... ഞാന്‍ സന്തോഷിച്ചു...

ഞാന്‍: തിരക്കാണോ..?
: : ഒരല്‍പം...
ഞാന്‍: എന്നാപ്പിന്നെ പണി നടക്കട്ടെ ഞാന്‍ തടസ്സപ്പെടുത്തുന്നില്ല... സമയം ഉള്ളപ്പോ വിളിക്ക്...
: : ശരി..

ഫോണ്‍ കട്ടായി... ഈശ്വരാ... ഇതില്‍പ്പരം സന്തോഷം വേറെന്താ...? ഞാന്‍ തലകുത്തി മറിഞ്ഞു...
കൂടുകാരിയോടു വളരെ വിശദമായിത്തന്നെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.. എന്നിലെ ഉത്തരവാദിത്ത ബോധം ഉണര്‍ന്നു... പിറ്റേന്ന് മുതന്‍ ഞാന്‍ സംസാരിക്കേണ്ട വിഷയത്തെപ്പറ്റി നേരത്തെ തന്നെ ഒരു ലഖുരേഖ ഉണ്ടാക്കിവച്ചു..
സമയവും കൂട്ടുകാരി എന്നോട് ഒന്നേ പറഞ്ഞുള്ളൂ "സൂക്ഷിക്കണം"...
ഇനിയെന്ത് സൂക്ഷിക്കാന്‍... ? പറച്ചിലില്‍ പെണ്‍ വര്‍ഗ്ഗത്തിന്റെ പൊതുസ്വഭാവം (അസൂയ) ഇല്ലെ എന്നുപോലും ഞാന്‍ ചിന്തിച്ചു...
പിറ്റേന്നും അതിന്റെ പിറ്റേന്നും ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ ഫോണ്‍ എടുത്തില്ല... ഞാന്‍ ആകെ തളര്‍ന്നു.. സുഹൃത്തിനോട് വിവരം പറഞ്ഞു.. അവള്‍ വിളിച്ചു അന്വേഷിച്ചു.. ഭയങ്കര തിരക്കാത്രെ..!!
അതെന്തു തിരക്ക്... ? ഞാന്‍ അന്വേഷിച്ചു...
അപ്പോഴാണ്‌ ഞാന്‍ അവള്‍ വര്‍ക്ക് ചെയ്യുന്ന പാളയത്തെ ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍ ഏജന്‍സിയെ പറ്റി അറിഞ്ഞത്..
ഞാന്‍ അങ്ങോട്ട്‌ പോകാന്‍ തീരുമാനിച്ചത് വളരെ പെട്ടന്ന് ആയിരുന്നു...അന്ന് വൈകിട്ട് ഞാന്‍ അവളുഅടെ ഓഫീസില്‍ ചെന്നു...ഗംഭീര വസ്ത്രധാരണമാണ് അന്ന് ഞാന്‍ നടത്തിയിരുന്നത്.. എല്ലാം വാടക..!!
ഒടുവില്‍ സംഭവസ്ഥലത്ത് എത്തി... അവിടെ ഓഫീസ് അടയ്ക്കാന്‍ പോവുകയായിരുന്നു... ഞാന്‍ പോയ പാടെ ഒരാള്‍ എന്നോട് കാര്യം തിരക്കി.. ഞാന്‍ എന്ത് പറയാന്‍.. തട്ടീം മുട്ടീം ഒരു കള്ളം പറഞ്ഞു...
"ഞാന്‍ ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയുടെ മാനേജര്‍ ആണ്...എന്റെ ഒരു ക്ലയിന്റ് വരുന്നുണ്ട് ...ഫ്രം .. യു.കെ.. എനിക്ക് ഒരു ടൂര്‍ പാക്കേജ് നോക്കിയാല്‍ കൊള്ളാം എന്നുണ്ട് ..."
ദാ കിടക്കുന്നു അയാള്‍.. ഓടി നടന്നു ഒരാളെ തപ്പുകയാണ്‌ പാക്കേജു വിവരണം നടത്താന്‍....!!. വൈകുന്നേരം ആയതിനാല്‍ ആരും നില്‍ക്കുന്നില്ല... ഒടുവില്‍ ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു.. അവളുടെ പേര് പറഞ്ഞ ശേഷം കുട്ടിയോട് വന്നു പറയാന്‍ പറഞ്ഞു... അയാള്‍ക്കും സംശയം..!.
"അതെങ്ങനെ കുട്ടിയെ അറിയാം...?"
"ആ കുട്ടിയുടെ ഫ്രണ്ട് പറഞ്ഞിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്..."
അത്
കേട്ടപ്പോള്‍ അയാള്‍ക്ക് ത്രിപ്ത്തിയായി...
കുട്ടി വന്നു. നേരില്‍ കണ്ടപ്പോള്‍ ഫോട്ടോയില്‍ കണ്ട അത്രയും സുന്ദരിയല്ല... ഞാന്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി... അവള്‍ വളരെ കൂളായി മുന്നില്‍ വന്നു നിന്നു... സമയത്തെ എന്റെ നെഞ്ചിടിപ്പിന്‌ ജനശതാബ്ദി ട്രെയിന്‍ പോകുന്നത്ര വേഗതയുണ്ടായിരുന്നു..
മുന്നില്‍ വന്നു കൂളായി നിന്ന അവള്‍ ഒന്നും മിണ്ടിയില്ല...
ഞാന്‍ പറഞ്ഞു.."ഇരിക്കു..."
അവള്‍ പറഞ്ഞു..."വേണ്ട.."
ആ മുഖത്തു ലജ്ജ ലവലേശമില്ല.. ഹോ.. വല്ലാത്ത ധൈര്യം തന്നെ...! ഞാന്‍ മനസ്സില്‍ പറഞ്ഞു...
"എന്നെ മനസ്സിലായോ..?"
വളരെ കൂളായിത്തന്നെ മറുപടിയും വന്നു.."മനസ്സിലായി..."
അതോടെ ഞാന്‍ പാതി തകര്‍ന്നു..."ഞാന്‍ വരുമെന്ന്...ആരേലും ..?"
ബാക്കി അവളാണ് മുഴുവിച്ചത്..."ഫ്രണ്ട് പറഞ്ഞിരുന്നു..."
ഓഹോ അപ്പോള്‍ അതാണ്‌കാര്യം... ചുമ്മാതല്ല പേടി ഇല്ലാതെ നില്‍ക്കുന്നെ... ഞാന്‍ മനസ്സില്‍ പറഞ്ഞു..
"താന്‍ എപ്പോ ഇറങ്ങും..?" ... "താമസിക്കും "അവള്‍ മറുപടി നല്‍കി...
" ഞാന്‍ വെയിറ്റ് ചെയ്യാം ഒരു കോഫീ..?"
"വീട്ടില്‍ പോണം. ഇപ്പോത്തന്നെ ലേറ്റ് ആയി.."
ഞാന്‍ പ്രതീക്ഷിച്ച മറുപടി... അല്ലെങ്കില്‍ത്തന്നെ ഒരു പരിചയവും ഇല്ലാത്ത ഒരുവനോട് കുടുംബത്തില്‍ പിറന്ന ഒരുവള്‍ ചുമ്മാതങ്ങു കോഫീ കുടിക്കാന്‍ കയറുവോ....?
"ഓക്കേ ,ഫ്രീ ആകുമ്പോ വിളിക്ക്..."
"ശരി " മറുപടിയും പറഞ്ഞു പുറത്തിറങ്ങിയ ഞാന്‍ നേരെ പോയത് അവളുടെ വീട് തപ്പനായിരുന്നു... ശാസ്തമംഗലം കുറുപ്പ്സ് ലയ്ന്‍... തപ്പി തപ്പി ഒടുവില്‍ കണ്ടുപിടിച്ചു...!
രണ്ടു ദിവസം കഴിഞ്ഞു... രണ്ടാഴ്ച കഴിഞ്ഞു... വിളിച്ചാല്‍ ഒരു പ്രതികരണവും ഇല്ല... ഞാന്‍ കൂട്ടുകാരിയോട് തിരക്കി...
അപ്പോഴും അവള്‍ പറഞ്ഞു "സൂക്ഷിക്കണം..."
ഇവള്‍ എന്താ ഈ ജ്യോതിശാസ്ത്ര വിഭാഗക്കാര്‍ പറയുമ്പോലെ ... എന്ത് പറഞ്ഞാലും ഒരു "സൂക്ഷിക്കണം..." അതെന്താ അങ്ങനെ ??
ഞാന്‍ അവളെ നിര്‍ബന്ധിച്ചപ്പോള്‍ സത്യം പറഞ്ഞു...
" കുട്ടിയും ഒരു ആശയക്കുഴപ്പത്തിലാണ്... ഞാനും വിവരം ഇന്നലെ ആണ് അറിഞ്ഞത്... നിന്നോട് എങ്ങനെ..പറയും എന്ന് ആലോചിച്ചിരിക്കുകയായിരുന്നു..."
ഞാന്‍ പറഞ്ഞു..."നീ കാര്യം പറയ്‌...? "
"അവളുടെ കാമുകന്‍ ഇപ്പൊ ലണ്ടനിലാണ്... അവനും ഒരു പ്രതികരണം ഇല്ലതിരിക്കുകയാണ്... അവന്‍ പ്രതികരിച്ചാല്‍ നീ പുറത്ത്... ഇല്ലേല്‍ .... നിനക്ക് പ്രതീക്ഷിക്കാം..."
എന്റെ ചുറ്റും പെട്ടന്ന് ഒരു പുക കൊണ്ട് മൂടുന്നപോലെ തോന്നി... അത് മറ്റൊന്നുമല്ല എന്നിലെ പ്രണയം കത്തിയമര്‍ന്നതാണ്.... സത്യത്തില്‍ എന്റെ ഉള്ളില്‍ ഒരു ചെറിയ നീറ്റല്‍ അനുഭവപ്പെട്ടു..
അത്
നാമ്പിട്ട പ്രണയത്തിന്റെ അന്ത്യമാണ്... അതങ്ങനെ നീറി...നീറി....നീറി... പിന്നെ പതിയെപ്പതിയെ ആറിത്തുടങ്ങി...
മൂന്നു നാല് ദിവസം ഞാന്‍ ഉള്ളില്‍ വേദനയും പേറി നടന്നു... മറക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.... ഒടുവില്‍ കൂട്ടുകാരി പറഞ്ഞു... അവന്‍ ഒരു ഗിഫ്റ്റ് പായ്ക്ക് അയച്ചു കൊടുത്തു... അതില്‍ വിലകൂടിയ പലതും ഉണ്ടായിരുന്നു...
എനിക്ക് ചിരിക്കാനേ കഴിഞ്ഞുള്ളൂ..."പെണ്ണ് ഒരുമ്പെട്ടാല്‍" എന്ന് പറഞ്ഞത് അന്വര്‍ത്ഥമായി .. പ്രണയത്തില്‍ മനം നൊന്തു ഭ്രാന്തനെപ്പോലെ നടക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല... ഞാന്‍ വീണ്ടും കളത്തിലിറങ്ങി ആടിത്തുടങ്ങി...ഒരു നല്ല കോമാളിയെപ്പോലെ.. ഉള്ളിലെ നീറ്റല്‍ അപ്പോഴും എന്നെ കുത്തുന്നുണ്ടായിരുന്നു...
അത് പോട്ടെ... ഒരു കറുത്ത അദ്ധ്യായം എന്ന് കരുതി ഞാന്‍ കണ്ണടച്ചു..
ദിവസങ്ങളും ആഴ്ചകളും പെട്ടന്ന് കടന്നുപോയി... ഒരു ദിവസം എന്റെ അടുത്ത കൂട്ടുകാരന്‍ എന്നോട് മൂവായിരം രൂപ കടം ചോദിച്ചു...
കൊടുത്തപ്പോള്‍ ചുമ്മാ ചോദിച്ചു.."എന്തിനാടാ?"
പറയാന്‍ അവനും മടിച്ചില്ല.. "ഡാ ഇന്നു രാത്രി ഞാന്‍ ഇവിടുത്തെ നക്ഷത്ര ഹോട്ടെലില്‍ ഉണ്ടാകും..." "എന്തോവാണ്...? വല്ല കിളികളും കുടുങ്ങിയോ..." അവന്റെ "അതെ" എന്നുള്ള തലയാട്ടല്‍ കണ്ടു ഞാന്‍ അമ്പരന്നു... പണ്ട് വന്ന കാലത്ത് പെണ്ണെന്നു വച്ചാല്‍ നാലുകിലോമീറ്റര്‍ തള്ളി നടന്നവനാണ്‌... ഇപ്പൊ ഹോട്ടല്‍ വരെ എത്തിനില്‍ക്കുന്നത്...
"സംഭവങ്ങളൊക്കെ എടുത്തിട്ടുണ്ടല്ലോ അല്ലേ... പിന്നെ തലേലാവരുത്..." ഞാന്‍ മുന്നറിയിപ്പ് കൊടുത്തു...
"ഉം.. ഉം..വാങ്ങി.." അത് പറഞ്ഞപ്പോള്‍ അവനൊരു നാണം.. എനിക്ക് ചിരി വന്നു... ഒരു സംശയം പോലെ ഞാന്‍ തിരക്കി...
"എങ്ങനാടാ നിനക്ക് ഇതിനുള്ള ധൈര്യം കിട്ടുന്നെ..?" എന്റെ ചോദ്യം അവനു തടസ്സമായി... മുഖം ചുളിഞ്ഞു...
"ഇന്നു തന്നെ പറയണോ അളിയാ..." പൈസ കൊടുത്തത് ഞാന്‍ ആയതു കൊണ്ട് മാത്രം അവന്‍ ഇങ്ങനെ പറഞ്ഞു... വേറെ ആരേലും ആണേല്‍ തെറി വിളിച്ചു ഓടിച്ചേനെ... "ശരി എന്നാ നീ വിട്ടോ അളിയാ..വന്നിട്ട് എല്ലാം വ്യക്തമായി പറയണം.." അവന്‍ തലയാട്ടി നടന്നു...
അവന്‍ ഒപ്പിച്ച പെണ്ണിനെ എനിക്കറിയാം ...
ഹോ... എന്തൊരു ചന്തം.. ആരായാലും ഒന്ന് നോക്കുന്ന പ്രകൃതം... മലയാളിയാണ്.... മിക്കവാറും മഞ്ഞച്ചുരിതാറില്‍ വരുന്നതുകൊണ്ട് ഞങ്ങള്‍ അവളെ "മിങ്ങിണി" എന്ന് വിളിക്കും.... കണ്ടാല്‍ ഭയങ്കര ഡീസെന്റ് ആണ്... എങ്ങനെയോ അവന്‍ അവളെ ഫ്രണ്ട് ആക്കിയെടുത്തു. അവളുടെ സംസാര ഭാഷ ഇംഗ്ലീഷിലാണ് , അതും സാധാരണ ഇംഗ്ലീഷ് അല്ല.. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് !!! ... കൂട്ടുകാരനും അതില്‍ മോശമല്ല... നാട്ടിന്‍ പുറത്തു ഗവണ്‍മെന്റ് സ്കൂളില്‍ ഉച്ചക്കഞ്ഞീം പച്ചവെള്ളോം കുടിച്ചു നടന്ന നമുക്കെന്തു ഇംഗ്ലീഷ്.ഓഫീസില്‍ പറയുന്നപാട് നമുക്കറിയാം.... അതുപോട്ടെ... ഒരിക്കല്‍ ഇവന്‍ അവളുടെ ചാറ്റ് ബോക്സ്‌ എനിക്ക് കാട്ടി തന്നിട്ടുണ്ട്... ഹോ.. !! അന്യായം... പിറ്റേന്ന് ലീവ് എടുത്തിരുന്നു വായിച്ചു തീര്‍ത്തു ഞാന്‍... ഒരിക്കല്‍ അവളെ ഞാന്‍ നേരിട്ട് കണ്ടു... അടുത്തേക്ക്‌ പോകാന്‍ ഒരു മടി... ചിലപ്പോള്‍ നിയന്ത്രണം വിട്ടാലോ... ഏയ് ... ഞാന്‍ അങ്ങനല്ല ...അങ്ങനെ ആവുകയുമില്ല....
എന്നാലും ചിലപ്പോ...?? ഞാന്‍ പോയില്ല...
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക്‌ വരുന്നു... ഞാന്‍ ഭയന്നു... എണീറ്റ്‌ പോയാലോ എന്നുപോലും തോന്നി... നോക്കുമ്പോള്‍ കൂട്ടുകാരനെ തേടി വന്നതാണ്..സത്യം പറഞ്ഞാന്‍ നിമിഷങ്ങളില്‍ ഞാന്‍ കണ്ണടച്ചാണ് ഇരുന്നത്... കണ്ണ് തുറന്നു നോക്കിയാല്‍ ചാറ്റിലെ വരികള്‍ ഓര്‍മ്മ വരും... ഹോ...!! ഒടുവില്‍ അവളേം കൂട്ടി അവന്‍ പോയപ്പോഴാണ് എനിക്ക് സമാധാനമായത്..
അവന്‍ ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി......!! ഉദ്വേഗഭരിതമായ ഒരു രാത്രി...
രാത്രി സത്യം പറഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... എങ്കിലും കടിച്ചു പിടിച്ചു കിടന്നു... പിറ്റേന്ന് വന്ന കൂട്ടുകാരന്റെ മുഖം കണ്ടു ഞാന്‍ അമ്പരന്നു... പാവം വല്ലാത്ത ക്ഷീണമുണ്ട്... ഞാന്‍ അവനു കുടിക്കാന്‍ ചായ വാങ്ങിക്കൊടുത്തു... എന്റെ നോട്ടം കണ്ടിട്ടാവണം അവന്‍ പറഞ്ഞു..."വയ്യളിയാ പറയാനുള്ളത് എല്ലാം വിശദമായി ഒരു ഉറക്കം കഴിഞ്ഞു പറയാം..." അതെങ്ങനെ അവന് മനസ്സിലായി...? ഞാന്‍ ഓര്‍ത്തു..
പിന്നെ ചിന്തിച്ചപ്പോള്‍ മനസ്സിലായി..." ഇതുവരെ ഞാന്‍ അവന് വെറുതെ ഒരു കപ്പലണ്ടി മുട്ടായിപോലും വാങ്ങിക്കൊടുത്തിട്ടില്ല..!!
അവന്‍ ഉണര്‍ന്നപ്പോള്‍ അവനു മുന്നില്‍ ഞാന്‍ വളരെ ഗൌരവത്തോടെ ഇരിക്കുന്നു...
"ഹോട്ടലില്‍ അടച്ച പണം എന്റെ കൈയ്യില്‍ നിന്നാണ് നീ വാങ്ങിയത് ... ആ നന്ദി നീ കാണിക്കണം .. "
ഇത്‌ ഞാന്‍ പറഞ്ഞില്ല.. പക്ഷെ എന്റെ നോട്ടത്തില്‍ അതുണ്ടായിരുന്നു... എന്തായാലും അവന്‍ വിശദമായി എന്നോടുപറഞ്ഞു തുടങ്ങി... എല്ലാം പറയാന്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ എടുത്തു... പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ വായും തുറന്നു ഇരിക്കുകയാണ്...
ഒറ്റ സംശയമേ ഞാന്‍ അവനോടു ചോദിച്ചുള്ളൂ..
"റൂമിലെ കണ്ണാടിയില്‍ ടവ്വല്‍ കൊണ്ട് മൂടാനും... നിന്റെ മൊബൈല്‍ ഫോണിന്റെ ബാറ്ററി ഊരി വയ്ക്കാനുമുള്ള അറിവ് അവള്‍ക്കു എങ്ങനെ കിട്ടി...?"
"അതു എനിക്കും പുതിയ അറിവാ അളിയാ..." അവന്റെ മറുപടി...
ഞാന്‍ അവനെ ഒന്നു താങ്ങി...
"അപ്പൊ അവള്‍ക്ക് ഇതൊരു പുതിയ സംഭവം അല്ല..."
"അവന്റെ മുഖം ഇരുണ്ടു കയറി..."
"എന്നാല്‍ ഞാനവളെ കൊല്ലും..."
ദൈവമേ രണ്ടുപേരുടെ ജീവിതം കൊണ്ടാണോ ഞാന്‍ കളിക്കുന്നത് ..?വിഷയം മാറ്റനെന്നോണം ഞാന്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു...
"ഡാ ഇനിയെന്താ നിന്റെ പ്ലാന്‍..?"
"ഓ ഇനിയെന്ത് ...അടുത്തവള്‍..."
ഞാന്‍ അവനെ നോക്കി ഒന്നു ചിരിച്ചു... ഭാഗ്യവാന്‍...!!!!
ഞാന്‍ ചിന്തിച്ചത് ആ പെണ്‍കുട്ടിയെ കുറിച്ചാണ്... എന്തുറപ്പിലാണ് അവനോടൊപ്പം ഇറങ്ങിത്തിരിച്ചത്...?
അവനോടു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഇതാണ്... "ഇതാണ് ഇപ്പോഴത്തെ ട്രെന്റ് "
ഞാന്‍ ചിന്തിച്ചത് ഇതാണ് ... വളരെ കാലമായി ഞാന്‍ ഒരു ഗേള്‍ ഫ്രണ്ട് നെ തേടി ഇറങ്ങിയിട്ട്... മരുന്നിനുപോലും ഒന്നിനെ കണി കാണാന്‍ കിട്ടുന്നില്ലല്ലോ... കിട്ടിയതൊക്കെ അങ്ങനെ... ഇനിയെന്നാ....??
അങ്ങനിരിക്കുമ്പോള്‍ ദാ വരുന്നു ഒരുഗ്രന്‍ ചാന്‍സ്... ഓഫീസില്‍ നിന്നും ഓണ്‍സൈറ്റ്... ലിസ്റ്റ് വന്നു... ലിസ്റ്റില്‍ ഞാനുമുണ്ട്... ഈഓണ്‍ സൈറ്റ് എന്ന് പറഞ്ഞത് ദൂരത്തൊന്നും അല്ല ഇവടെ തൊട്ടടുത്ത് എറണാകുളം... എന്നാലും ജീവിതം കമ്പനിചിലവില്‍ ആയാല്‍ പണം ഒരുപാടു ലാഭിക്കാം.. പിന്നെ കുറേക്കാലം എറണാകുളം... മനസ്സില്‍ ബോസിന്റെ ബിസ്നുസ് വര്‍ത്തമാനങ്ങള്‍ നിറഞ്ഞതോടെ ജോലിഭാരവും കൂടിത്തുടങ്ങി...
മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം...!
ആറു മാസം കഴിഞ്ഞു വന്നപ്പോള്‍ വലിയ മാറ്റങ്ങള്‍... ജോലിഭാരം കുറഞ്ഞപ്പോള്‍ ഞാന്‍ പഴയ ചിന്തകളിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി... അതിനു വഴി ഒരുക്കിത്തന്നതും ആ പഴയ കൂട്ടുകാരന്‍ തന്നെ... അവനിപ്പോള്‍ പുതിയ മേച്ചിന്‍ പുറങ്ങള്‍ തേടുകയാണ്... അവനില്‍ നിന്നും പുതിയ പുതിയ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കറങ്ങിത്തുടങ്ങി.. വീണ്ടും പഴയ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു...
അഞ്ചാം പടി...
വിപണന തന്ത്രങ്ങളില്‍ ആറുമാസം തല പുകച്ചതുകൊണ്ടാകാം ഞാന്‍ ഇത്തവണ വളരെ ബുദ്ധിപരമായി നീങ്ങി... കൂട്ടുകാരനുമായി കരാര്‍ വച്ചു.. സംഭവം ഇതാണ്...
"താന്‍ ഒരു പുതിയ കക്ഷിയുമായി സംസാരിച്ചോ... എന്റെ ഫോണ്‍ തരാം... അന്നന്നുള്ള വിവരങ്ങള്‍ നീ എന്നെ ധരിപ്പിക്കണം... നേരിട്ട് കാണുമ്പോള്‍ ഞാന്‍ ഇടപെട്ടോളം..."
പകരമായി... ഞാന്‍ അവനു ഒഫെര്‍ ചെയ്തത് അവിടുത്തെ ടോപ്‌ ബാറിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു സായാഹ്ന്നം.. അവന്‍ ഡീല്‍ ഉറപ്പിച്ചു..."ഫ്രണ്ട്ഷിപ്പില്‍ ചതി പാടില്ല അത് എനിക്കും അവനും നന്നായി അറിയാം..."
ആറു ദിവസം രാത്രികളില്‍ ഞാന്‍ എന്റെ ഫോണ്‍ അവനു കൊടുത്തു... ആറാം ദിവസം അവന്‍ എനിക്ക് ഫോണ്‍ കൈമാറി... "അളിയാ ആള്‍ സിറ്റിയില്‍ ഉള്ള ടീം ആണ്.എന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നു വന്നപ്പോ നമ്പര്‍ പോക്കിയതാ... നേരിട്ട് കണ്ടാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റു എന്നാണ് പറയുന്നത്..."
"ഓക്കേ നേരിട്ട് കാണാം" .. ഞാന്‍ പറഞ്ഞു...
"ഈ ബുദ്ധി എന്തെ എനിക്ക് മുന്‍പൊന്നും തോന്നിയില്ല" എന്നോര്‍ത്തു ഞാന്‍ പരിതപിച്ചു... അവനുള്ള ചെലവ് ഞാന്‍ ഗംഭീരമായി നടത്തി...
പിറ്റേന്ന് വൈകുന്നേരം റെയില്‍വേ സ്റ്റേഷന് അടുത്തു വരാനാണ് പറഞ്ഞത്... വന്ന ശേഷം വിളിക്കണം അതാണ്‌ അവന്‍ പറഞ്ഞത്..
ഞാന്‍ വൈകീട്ട് പറഞ്ഞ സ്ഥലത്ത് എത്തി... കുറേ നേരം വിളിച്ചിട്ടും ഒരു അനക്കവും ഇല്ല..
പണി കിട്ടിയോ വീണ്ടും...? ഞാന്‍ ഓര്‍ത്തു..
പെട്ടന്ന് ഒരു കാള്‍ തിരികെ വന്നു... അവളാണ്..!!
ഞാന്‍ സന്തോഷിച്ചു..
ഞാന്‍ ഫോണ്‍ എടുത്തു..
"ഹലോ..?"
"സോറി കേട്ടോ ഞാന്‍ അല്‍പ്പം തിരക്കില്‍ ആയിരുന്നു.. ഒരു ക്ളൈന്റിനെ അയക്കാന്‍ ഉണ്ടായിരുന്നു.."
"ഓ സാരമില്ല... "
"രണ്ടുപേര്‍ അവിടെ ഗേറ്റിനടുത്ത് നില്‍ക്കുന്നത് കണ്ടോ..? ഒരു ചുവപ്പ് ഷര്‍ട്ട് .."
ഞാന്‍ നോക്കിയപ്പോള്‍ അവര്‍ അവിടുണ്ട്.. എന്നെ കൈ കാണിക്കുകയും ചെയ്തു... ഞാനും കൈ കാണിച്ചു...
"ആ കണ്ടു.."
"അവരുടെ കൈയ്യില്‍ പണവും കൊടുത്തിട്ട് കൂടെ ഒരു ഓട്ടോയില്‍ കയറി വന്നോളു.."
"ഓട്ടോയോ..? പണമോ..? ആരാ അവര്‍..?"
"അതവിടെ നില്‍ക്കട്ടെ.. നിങ്ങള്‍ പറഞ്ഞപോലെ ചെയ്യ്.."
എനിക്ക് ദേഷ്യം വന്നു... ഞാന്‍ ഫോണ്‍ കട്ട ചെയ്തു...
പതിയെ ഞാന്‍ നടന്നു തുടങ്ങി... തിരിഞ്ഞു അവരെ നോക്കിയപ്പോള്‍ അവരില്‍ ഒരാള്‍ ഫോണില്‍ ആണ്... എനിക്ക് മനസ്സിലായി.. കൂട്ടുകാരന്‍ ചതിച്ചു... അവര്‍ എന്റെ പിന്നാലെ ഒരു ഓട്ടോയില്‍ വന്നു..
"ഹ.. വാക്ക് പറഞ്ഞിട്ട്...ഇപ്പൊ ഒരുമാതിരി... ഊ.. കാണിക്കുന്നോ...?"
പച്ചത്തെറി...
"എനിക്കറിയില്ല എന്നെ വിട്ടേക്ക്.." ഞാന്‍ പറഞ്ഞു..
"വിടാം താന്‍ വണ്ടിയിലോട്ടു കേറ്..."
അതും പറഞ്ഞ അവരെന്നെ വലിച്ചു അകത്തു കയറ്റി..
ഞാന്‍ ആകെ പേടിച്ചു...
"പൈസ എടുക്ക് ..." അവരില്‍ ഒരാള്‍ ആക്രോശിച്ചു...
"എന്തിന്.. ഞാന്‍ പോലീസിനെ വിളിക്കും.." ഞാന്‍ വിരട്ടി..
"വിളിക്ക് " എന്നായി അവര്‍...
ഞാന്‍ ഓര്‍ത്തു... പോലീസ് വന്നാല്‍, പെണ്ണ്കേസ് ആണ്... നാറും ... പണം കൊടുക്കാം ...
"എത്രയ.. റേറ്റ്.."
"ആയിരത്തി അഞ്ഞൂറ്..."
"അയ്യോ അതൊന്നും പറ്റത്തില്ല.."
ഒരടി... !! കരണത്ത്... ഒരു മിന്നല്‍ പിണര്‍ ഇടത്തുനിന്നും വലത്തോട്ടു പോയപോലെ തോന്നി......
കരച്ചില്‍ വന്നു... ഞാന്‍ വിതുമ്പിപ്പോയി...
"അയ്യോ പാവം.. എടുക്കെടാ മൈ... പൈസ.."
തെറ്റ് ആരുടെ ഭാഗത്താണ് എന്ന് എനിക്കറിയില്ല എന്നാലും ഒരുപാടു വേദന തോന്നി...
അടുത്ത എ.ടി.എം ഇല്‍ കയറി പണം എടുത്തു കൊടുത്തു..
ഒരു ചിരിയോടെ അവര്‍ അത് വാങ്ങി..
"വേണേല്‍ ഒന്ന് വന്നിട്ട് പൊക്കോ.." അവരില്‍ ഒരാള്‍ പറഞ്ഞു..
ഞാന്‍ അറിയാതെ തൊഴുതുപോയി...
"പ്ലീസ് എന്നെ വിട്ടേക്ക്.."
അവര്‍ പോയി... ഞാന്‍ തിരികെ എത്തി...
കൂട്ടുകാരന്‍ വന്ന ഉടനെ വിവരം തിരക്കി.. അവന്‍ എന്നോട് സോറി പറഞ്ഞു...
സ്ഥിരമായി ഓഫീസില്‍ ഇന്റര്‍വ്യൂനു വരുന്ന പിള്ളാരുടെ നമ്പര്‍ തപ്പിയെടുത്ത് അവരെ കറക്കി എടുക്കുന്നതറിഞ്ഞു അവിടത്തെ പിള്ളര്‍ അവനിട്ട് കൊടുത്ത പണി ആയിരുന്നു അത്... കിട്ടിയത് എനിക്കും...!!!
ഞാന്‍ ചിരിച്ചു കൊണ്ട് കടന്നു പോയി...
കുറച്ചു പോയശേഷം ഒന്ന് നിന്നു..
എന്നിട് അവനോടായി പറഞ്ഞു...
" അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..!!!"

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...