Wednesday, August 30, 2017

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!
 വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പാണ്..!!
അവർ പേരില്ലാത്തവർ..!
അവർ ഭാഷയില്ലാത്തവർ..!
അവർ മതമില്ലാത്തവർ...!
അവർ ജാതിയില്ലാത്തവർ...!
അവർക്കു വിദൂരഭാവികളും...വിദൂര സ്വപ്നങ്ങളുമന്യം..!!

Sunday, January 08, 2017



അയാളുടെ പുറമാകെ  നനഞ്ഞിരിക്കുന്നു , വിയർത്തതാണ്... എന്നാലും ഇങ്ങനെ വിയർക്കോ ..?
ഇങ്ങനെ വിയർക്കണമെങ്കിൽ അയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകണം..
ചോദിക്കണോ..?ചോദിച്ചാൽ അയാൾ ഒന്നും പറഞ്ഞില്ലെങ്കിലോ..?
പറഞ്ഞാൽ ഇനിയിപ്പോ അയാൾക്കൊപ്പം ആശുപത്രിയിൽ  പോകേണ്ടിയെങ്ങാൻ വന്നാൽ...
ബാങ്കിൽ രാവിലെ എത്തേണ്ടതായും ഉണ്ടേ.. നാലഞ്ചു മാസമായി ആ മാനേജരുടെ പിന്നാലെ നടന്നു ഒപ്പിച്ചെടുത്ത ലോൺ ആണ്... ഇന്നു കണ്ടില്ലേൽ മുടങ്ങാൻ  അതുമതി...!!
ശരിക്കും ഞാൻ കാരണങ്ങൾ ഉണ്ടാക്കുകയാണോ..?
ഏയ്...!! ഈ ബസിൽ അൻപതോളം യാത്രക്കാർ ഉണ്ട്, അവർക്കെല്ലാം എന്നെപ്പോലെ തന്നെ  തിരിച്ചറിവിന്റെ ഒറ്റച്ചുഴിയും നന്മയുടെ  ഇരട്ടക്കണുകളും ഉണ്ട്... ഉണ്ടാകും...ഉണ്ടാകില്ലേ..? എന്നിട്ടും ആരും നോക്കുന്നില്ല...ഒരുനിമിഷം ഞാൻ തിരിഞ്ഞു നിന്നു...ശ്രദ്ധിക്കാതിരിക്കാം...
മനസ്സനുവദിച്ചില്ല.. വീണ്ടും നോക്കി..അടുത്തിരിക്കുന്നവൻ ചെവിയിൽ ഇയർഫോൺ തിരുകി ഉറങ്ങി മറിയുകയാണ്... അയാൾ ശരിക്കും ഉറങ്ങുകയായിരിക്കുമോ..? ഇതെന്തുറക്കമാണ് ..?
ശരിക്കും , അയാൾക്കായിരുന്നു ചോദിക്കാൻ ഏറ്റവും എളുപ്പം.. ഞാനായിരുന്നേൽ ചോദിക്കുമായിരുന്നു... എന്തൊരു മനുഷ്യനാണയാൾ....
ഞാൻ വീണ്ടും ശ്രദ്ധിച്ചു... ബസ്സിന്റെ ജനാലയിൽ അയാൾ ശക്തമായി പിടിക്കുന്നുണ്ട്... എന്തോ പ്രശ്നമുണ്ടല്ലോ....?
പെട്ടന്ന് ബസ് നിറുത്തി... എന്റെ ദൃഷ്ടിയെ  മറച്ചുകൊണ്ട് കുറെ യാത്രക്കാർ ഇറങ്ങി..സ്കൂൾ പിള്ളേർ കുറെ ഇരച്ചു കയറി... ഇപ്പോൾ വല്ലാത്ത തിരക്ക്.. ഇനി അവിടെ പോവുക എന്നത് വളരെ ദുസ്സഹമാണ്... അടുത്ത രണ്ടു സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ എനിക്കിറങ്ങാനുള്ളതാണ്..
ഇപ്പോൾ സീറ്റുകൾക്കിടയിലെല്ലാം കുട്ടികൾ  തള്ളി ഞെരുങ്ങി നിൽപ്പുണ്ട്...
ഉറങ്ങിയിരുന്നവന്റെ  ഇടയിലേക്ക് ഒരു വിരുതൻ ചെറുക്കൻ ഊർന്നുകയറി..
അയാൾ ഞെട്ടിയുണർന്നു... എന്ത് പണിയാണവൻ കാണിച്ചത്.. ?അവനവിടെ നിൽക്കുമ്പോൾ അടുത്തിരിക്കുന്ന ആ വയോവൃദ്ധന്‌  കൂടുതൽ ദുസ്സഹമാവുകയേയുള്ളു....അല്ലേലും  ഇന്നത്തെ  പിള്ളാർക്ക്  ഒരു ബോധവും ഇല്ല..വളർത്തുദോഷം... അല്ലാതെന്താ.!! അതിനവരെ പറഞ്ഞിട്ടെന്തിനാ വളർത്തുന്നോർക്കു സമയം വേണ്ടേ..? തിരക്കാണല്ലോ. സദാ സമയവും തിരക്ക്... എന്റെ കുട്ടി എന്തായാലും അങ്ങനല്ല.. ഞാൻ അത് പ്രത്യേകം ശീലിപ്പിച്ചിട്ടുണ്ട്..
വൃദ്ധന്റെ  ശ്വാസഗതി കൂടുകയാണ്....ജനൽ കമ്പിയിലെ അയാളുടെ പിടി മുറുകി വരുന്നുണ്ട്... എനിക്കിറങ്ങാനുള്ള  സ്റ്റോപ്പ് അടുത്തുവരുന്നു...!
വിരുതൻ പെട്ടന്ന് ആ വയസ്സനെ തട്ടിവിളിച്ചു "അപ്പൂപ്പാ എന്തുപറ്റി വയ്യേ..?"അയാൾ എന്തോ മറുപടി പറഞ്ഞു... പെട്ടന്ന് പയ്യൻ ബാഗിൽ നിന്നും കുറച്ചു വെള്ളം എടുത്തുകൊടുത്തു.. അയാൾ ഒരല്പം കുടിച്ചു...പിന്നെ എന്തൊവീണ്ടും പറഞ്ഞു. ആ പയ്യൻ അയാളുടെ ബാഗിൽ നിന്നും ഒരു മരുന്നു തപ്പിയെടുത്തു..അയാളുടെ നിർദേശപ്രകാരം അത് ഷർട്ടിനുള്ളിൽ വച്ച് കടിച്ചുപൊട്ടിച്ചു പകുതിയാക്കി  കൊടുത്തു... അയാൾ നിറഞ്ഞ സംതൃപ്തിയോടെ ആ മരുന്ന് കഴിച്ചു ഹോ .. ആശ്വാസം...!!!!
അയാൾ പയ്യനെ നോക്കി ചിരിച്ചിരിക്കണം , പയ്യന്റെ മുഖത്തും ചിരിവീണു...
എന്റെ ഉള്ളിലുണ്ടായ ചൂളൽ ഇരച്ചുകയറി ചളിപ്പായി തികട്ടിവന്നു...
 ഇന്നത്തെ പിള്ളാർക്ക് ഇത്രയും ബോധമുണ്ടല്ലേ... എന്റെ കുട്ടിക്കു ഇതറിയാമായിരിക്കുമോ..? ഞാൻ അതൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ....
അതോ ഇതൊക്കെ താനേ പഠിക്കുന്നതാണോ...? ഉള്ളിലെ സംശയങ്ങൾക്ക് വീണ്ടും വിശപ്പുകൂടി..
പെട്ടന്ന് പിന്നിൽ നിന്നും ഒരാൾ തട്ടിവിളിച്ചു , ഇറങ്ങുന്നില്ലേ...?
ഇവിടേക്കുള്ള ടിക്കറ്റല്ലേ എടുത്തത് ..?
ഞാൻ നോക്കി ശരിയാണ് സ്ഥലമെത്തി... തിരിച്ചറിവിന്റെ പുത്തനാശയം പേറി പുതിയ ചുവടുകളോടെ മുന്നോട്ടുപോകാൻ തലച്ചോറിൽ ഒരു വെള്ളിവെളിച്ചം ഉദിച്ചെങ്കിലും ... ലോണുകിട്ടുമോ..? ഇനി ഏതുപേപ്പർ ശരിയാക്കേണ്ടിവരും...? മാനേജർ മാറുമോ..? എങ്ങനെ ലോൺ അടച്ചുതീർക്കും ..?എത്രകാലം അടയ്‌ക്കേണ്ടി വരും ...?
ഇങ്ങനെ തുടങ്ങുന്ന  ജീവിതശൈലി ചോദ്യങ്ങൾ  വീണ്ടും എനിക്കൊപ്പം വിടാതെ കൂടിയതിനാൽ ഉയർന്നു വന്ന വെള്ളി   വെളിച്ചത്തെ ഞാനങ്ങു മനഃപൂർവം മറന്നു ...!

Wednesday, October 28, 2015

ആലു,ഒരു സിറിയൻ ബലിക്കഥ


കഥാപാത്രങ്ങള്‍.
----------------------
:മന: - ഉപബോധ മനസ്.
ബോ:മന: -ബോധ മനസ്.
യമ : -യമൻ 

:മന: - "ആലൂ ,ഒന്നു വേഗം ഉറങ്ങുന്നുണ്ടോ നീ.. ? എനിക്ക് പോണം.. "

ബോ:മന: -"എവിടേക്ക് ..?  ..എനിക്ക് ഭയങ്കരമായി വേദനിക്കുന്നു.. പോരാത്തതിന് മുഴുവനും നനഞ്ഞിരിക്കുന്നു...കണ്ണുകളില്‍ വല്ലാത്ത നീറ്റൽ ...ഹൊ ! എന്തൊരു വേദന ... സഹിക്കാന്‍ വയ്യ ...
കണ്ണിലെ ഇരുളിനുള്ളില്‍ എവിടെഒക്കെയോ ഒരു മിന്നല്‍പ്പിണര്‍ കാണുന്നുണ്ട്.. അവിടവിടായി ആരൊക്കെയോ ഒഴുകി നടക്കുന്ന പോലെ ... 
 ആരെല്ലാമോ നിലവിളിക്കുന്നുമുണ്ട് ."

:മന: -"വേണ്ടാത്തത് ഒന്നും  ആലോചിക്കണ്ട കുട്ടീ .. നീ  ഉറങ്ങിക്കൊളു‌..."

ബോ:മന: -"എന്താ ..ഇന്നിത്ര തിടുക്കം...? 
ഈ  വേദനയും പേറി എനിക്ക് ഉറങ്ങാനൊക്കില്ല "

:മന: -"അയ്യോ അങ്ങനെ പറയരുത് .. എന്നെകൊണ്ടുപോകാനായി  ഒരാള്‍ ദാ അവിടെ   നില്‍പ്പുണ്ട്...  അയാള്‍ക്ക്‌ ദേഷ്യമാവും..?"

ബോ:മന: -"ആരാണ്  അയാൾ... എവിടേക്ക് കൊണ്ടുപോകുന്നു..? അയാളെ ഇങ്ങു വിളിക്ക് ഞാന്‍ കേൾക്കട്ടെ .."

:മന: -"അയ്യോ അതു വേണ്ട ...കുട്ടി  ഒന്നുറങ്ങിയാല്‍ മതി.. ഞാന്‍ പൊയ്ക്കോളാം .."

ബോ:മന: -" അതെന്താ എന്നെ കണ്ടാല്‍ .. ?എവിടേക്ക് ...പോകുന്ന കാര്യമാണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല...

:മന: -"അ...അത് ..അതൊന്നുമില്ല. നേരം വൈകുന്നു ...ഒന്നു വേഗം ഉറങ്ങു‌..."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങില്ല...!!"

:മന: -" അതാ  അയാള്‍ വരുന്നു ദേഷ്യത്തിലാണല്ലോ..!!"

ബോ:മന: -"വരട്ടെ ഞാന്‍ ചോദിച്ചു നോക്കാം  .....!"

:മന: -"അയ്യോ  ഒന്നും വേണ്ട  ഒന്നുറങ്ങിയാൽ മതി  .."

ബോ:മന: -"താങ്കള്‍ ഇവരെ കൊണ്ടു പോകാന്‍ വന്നതാണോ?"

യമ : -"എന്ത് , കുട്ടി  എന്നെ കാണുന്നുണ്ടോ ..?"

ബോ:മന: -"കാണാം..!!

യമ : -"അത്ഭുതം..".!!

ബോ:മന: -എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.. നിങ്ങള്‍ ഇവരെ കൊണ്ടു പോകുമോ? "

യമ : -"ഉറപ്പായും കൊണ്ടു പോകും.. പക്ഷേ നിങ്ങള്‍ ഉറങ്ങണം..."

ബോ:മന: -"എന്തിന് ..?"

യമ : -"അത് നിന്നോട് പറയേണ്ട കാര്യമില്ല ..വേഗം ഉറങ്ങൂ..."

ബോ:മന: -"അതിന് എനിക്ക് കഴിയുന്നില്ല .. ഭയങ്കരമായി വേദനിക്കുന്നു ..

യമ : -"അതെല്ലാം നിങ്ങളുടെ തോന്നലാണ്.. ശ്രമിച്ചാൽ ഉറങ്ങാം  .."

ബോ:മന: -"ഇല്ല ..സത്യമായും വേദനിക്കുന്നു... ഈ ഇരുളിൽ  എനിക്ക് നിങ്ങള്‍ രണ്ടാളും ഒഴികെ മറ്റൊന്നും  കാണാന്‍ കഴിയുന്നുമില്ല..   "

യമ : -"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ,എനിക്ക് ഇയാളെ വേറൊരിടത്തു എത്തിക്കേണ്ടതായുണ്ട്..."

ബോ:മന: -"ഒന്നു ചോദിച്ചോട്ടെ എന്താ എന്നെ ഇത്ര വേദനിപ്പിക്കുന്നത്..? 
ഞാൻ എവിടെയാണ്..?"

യമ : -"നിങ്ങൾ തുർക്കിയിലെ ഒരു കടപ്പുറത്താണ്..."

:മന: -ശ്..ശ്.. പറയരുതേ .. പറഞ്ഞാല്‍ ചിലപ്പോള്‍ അതിനെപ്പറ്റി വീണ്ടും ചോദിക്കും .."

ബോ:മന: -"കടപ്പുറത്തോ ...? എന്തിന്..?അപ്പൊ വീട്ടിലല്ലേ..?  അപ്പൊ ഗാലി .. അവനെവിടെ ..?ഉമ്മ എവിടെ..? വാപ്പ എവിടെ?"

:മന: -"ഞാന്‍ പറഞ്ഞില്ലെ പറയരുതെന്ന് .. "

യമ : -" അത്...പിന്നെ ..കുട്ടിയിപ്പോ  അതൊന്നും ചോദിക്കണ്ട .. ഉറങ്ങു .. ഞങ്ങള്‍ക്ക് പോയിട്ട് ധൃതിയുണ്ട് ..."

ബോ:മന: -"അയ്യോ പോവല്ലേ വ്യക്തമായി പറയു‌.. എനിക്ക്  അറിയണം..അറിഞ്ഞേ ഒക്കൂ ...പറയു ദയവായി പറയു..."

:മന: -"അരുത്..പറയരുത്  അപകടമാണ്.."

യമ : -"എന്ത് അപകടം? എന്തായാലും അവൻ നിമിഷങ്ങൾക്കുള്ളിൽ  ഉറങ്ങും പിന്നെന്താ..?"

:മന: -"അറിയാതെ പോകുന്നതല്ലേ നല്ലത് കുഞ്ഞു മനസ്സ് വല്ലാതെ പിടയും ..?"


ബോ:മന: -"നിങ്ങൾ എന്താണ് പരസ്പരം മന്ത്രിക്കുന്നത് ...?എനിക്കൊന്നും മനസ്സിലാകുന്നില്ല .. ആഹ്...തല വേദനിക്കുന്നു .."

യമ : -"ഉറങ്ങൂ വേഗം ഉറങ്ങൂ..വെദനിക്കതിരിക്കനമെങ്കിൽ ഉറങ്ങിയെ ഒക്കു "

ബോ:മന: -"എന്‍റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കില്‍ ... ശ്രരമിച്ച്ചിട്ടും കഴിയുന്നില്ലല്ലോ..?"

യമ : -"ഹാ ..അതിനൊന്നും ഇനി ശ്രമിക്കണ്ട കുട്ടീ... പ്രതീക്ഷകൾ വറ്റിയ  അവസ്ഥയാണ് .. "

ബോ:മന: -"ഇനിയിപ്പോ..?   "

യമ : -"ഉറങ്ങണം അതാ ഒരു വഴി..."

ബോ:മന: -"ഹൊ ..ഒന്നു ചോദിച്ചോട്ടെ..? എനിക്ക് എന്ത് സംഭവിച്ചു എന്ന് ഒന്നു പറയാമോ..?"

യമ : -" അത് പറഞ്ഞാല്‍ നിങ്ങള്‍ ഉറങ്ങില്ല ...നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോകാന്‍ കഴിയുകയില്ല.."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങാം ...ഒന്നു പറയൂ..."

യമ : -"ഒരു ബോട്ട് അപകടത്തില്‍പ്പെട്ടു നിങ്ങൾ കടലിൽ വീണു...നിങ്ങളുടെ ശ്വാസം നിലച്ചു കൊണ്ടിരിക്കുന്നു ...ഇനി നിങ്ങള്‍ക്ക് ഒന്നു അനങ്ങാന്‍ കൂടി കഴിയില്ല.."

ബോ:മന: -"ഞാന്‍ മരിച്ചു പോകുമോ..?"

:മന: -"ശ്..ശ്.. അത് പറയരുത് .. നോക്കു  അവന്റെ കണ്ണുകള നിറയുന്നുണ്ട്... അവനു ഒന്നും അറിയില്ല ..അവനെ ഭയപ്പെടുത്തരുതെ.."

ബോ:മന: -"പറയൂ.. ഞാന്‍ മരിച്ചു പോകുമോ..?"

യമ : -"അത് ... അത് .. അ..... ഇല്ല നിങ്ങളൊന്നു ഉറങ്ങൂ.."

ബോ:മന: -"എന്തിന് നുണ പറയുന്നു..?  "

യമ : -"നുണയൊന്നുമല്ല ... വേഗം ഉറങ്ങാനല്ലേ പറഞ്ഞത്.."

ബോ:മന: -"എനിക്കറിയാം  ഞാൻ മരിച്ചു പോകും..ഉസ്ക്കൂളിലെ  ആമിനേടെ വാപ്പ  മരിച്ചപ്പോ ആമിന നിലവിളിച്ചത് ഞാൻ ഓർക്കുന്നുണ്ട് ....ഞാൻ മരിച്ചാൽ  എന്‍റെ അമ്മ നിലവിളിക്കില്ലേ  ..?അച്ഛന്‍ കരയില്ലേ ..? ഗാലി അവൻ കരഞ്ഞാൽ എനിക്ക് സഹിക്കില്ല ..."

യമ : -" അത് ഞാന്‍ അറിയേണ്ട കാര്യമല്ല.. ഞാൻ വാക്കു പാലിച്ചു  ഇനി നിനക്ക്  ഉറങ്ങാം.. എനിക്ക് സമയമില്ല..."

:മന: -"നിങ്ങള്‍ക്ക് മനുഷ്യത്ത്വമില്ലെ ..?"

യമ : -"ഇല്ല... എനിക്ക് എന്‍റെ കര്‍ത്തവ്യമാണ് പ്രധാനം...ഇത്ര സമയം ഞാന്‍ ഒരാള്‍ക്ക്‌ വേണ്ടിയും ചിലവാക്കിയിട്ടില്ല..."

ബോ:മന: -"ഞാന്‍ ഒരു കുട്ടിയല്ലേ..?നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നോട് ഇങ്ങനെ പറയാൻ ..?"

യമ : -"ഒന്നു മനസ്സിലാക്കൂ ഞാന്‍ ചെയ്യുന്നത് എന്‍റെ കര്‍മ്മമാണ്‌..."

ബോ:മന: -"ഞാന്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ...അമ്മ ഊട്ടിത്തരുന്ന നെയ്യ് റൊട്ടി കഴിക്കാൻ  കൊതി ആയിട്ടു വയ്യ...അമ്മയുടെ മടിയില്‍ ഒന്നുടൊന്നു തല വച്ചു ഉറങ്ങണം എന്നുമുണ്ട് ആഗ്രഹം.. ക്ലാസില്‍ ആമിനെടെ  പെന്‍സില്‍ എന്‍റെ ബാഗിലാണ് അത് തിരികെ കൊടുത്തിട്ടില്ല...പള്ളിയുടെ അടുത്തു ഓക്ക് മരത്തിൽ പുലരിക്ക് കിളി ചിലയ്ക്കുമ്പോള്‍ അതിനെ കാണാൻ എന്നും ശ്രമിക്കാറുണ്ട് ...കഴിഞ്ഞിട്ടില്ല ... "

യമ : -"ഒന്നു നിറുത്തു‌...!! ഇതൊന്നും എന്നോട്  പറഞ്ഞിട്ട് കാര്യമില്ല... നിങ്ങള്‍ ഉറങ്ങിയേ പറ്റു...നിങ്ങള്‍ വാക്കു തന്നതാണ് ഉറങ്ങാം എന്ന്...നോക്ക് അവര്‍ കരയുന്നു.. അവരെ കരയിക്കരുത്.. "

ബോ:മന: -"അവര്‍ക്ക് മനുഷ്യത്ത്വമുണ്ട് ...നിങ്ങള്‍ക്ക് അതില്ല..."

യമ : -"മനുഷ്യന്‍ അല്ലാത്ത ഞാന്‍ എന്തിന് മനുഷ്യത്ത്വത്തെപ്പറ്റി ചിന്തിക്കണം...? ഇത്‌ എന്‍റെ കര്‍മ്മം ആണ് കുട്ടീ ...പലപ്പോഴും ഈ അവസ്ഥയില്‍ ഞാന്‍ മാറി  നില്‍ക്കാറാണ് പതിവ്....ഇവിടെ , ആലൂ , നിന്റെ  അവസ്ഥ കണ്ടു ഞാന്‍ വിഷമിച്ചു പോയി.."

:മന: -"അതിനെ ഞങ്ങള്‍ പറയുന്നതു മനുഷ്യത്ത്വം എന്നാണ്.."

യമ : -"ഓഹോ, എനിക്ക് ഇനി ഒന്നും പറയണം എന്നില്ല..ഞാന്‍ മാറി  നില്‍ക്കാം നിങ്ങള്‍ ഉറക്കിയിട്ട്‌ വരൂ.."

ബോ:മന: -"നോക്കു ഒരു നിമിഷം.."

യമ : -"വേണ്ട എന്നെപ്പറഞ്ഞിട്ടു കാര്യമില്ല ...ഞാന്‍ പറഞ്ഞില്ലേ...ഇത്‌ എന്‍റെ കര്‍മ്മം ആണ്..സിറിയൻ കടൽ ചുവപ്പണിഞ്ഞിട്ടു ഇന്ന് നാളുകൾ ഏറെയായി... അനദുരിതം പോലെ ഞാനും ഈ കടപ്പുറത്ത് അലഞ്ഞു നടക്കുകയാണ്..എത്ര പേരാണെന്നോ ഈ കടൽക്കരയിൽ വന്നടിയുന്നത്..എന്തിനുവേണ്ടിയാണ് ഈ യുദ്ധം... ഹോ... മടുത്തു . "

ബോ:മന: -"നിങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് .."

യമ : -"ഞ് ഞാ ..ഞാന്‍ പുറത്തു നില്‍ക്കാം..വേഗം ഉറങ്ങൂ "

ബോ:മന: -"എന്‍റെ ജീവന്‍ തന്നിട്ട് പോയ്ക്കൂടെ.. എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അമ്മയെക്കണ്ട്,അച്ഛനെക്കണ്ട്, കൂട്ടുകാരെക്കണ്ട് ഒന്നും..ഒന്നും.. "

യമ : -"നിങ്ങള്‍ കരയരുത്.. കരഞ്ഞാല്‍ ചിലപ്പോള്‍ ഉറക്കം നഷ്ട്ടമായേക്കും..നോക്കു , നിങ്ങൾ ഒന്നു പറയ‌ൂ.... 
ഞാന്‍ പുറത്തു നില്‍ക്കാം.."

:മന: -"ഞാന്‍ പറഞ്ഞതല്ലേ..ഒന്നും പറയണ്ട  എന്ന്..  ..!!"

യമ : -"ആ മുഖം കണ്ടാല്‍ ആര്‍ക്കാണ്  മിണ്ടാൻ തോന്നാത്തത് ..എന്തൊരു ഓമനത്തമാണ്  ആ മുഖത്ത് ...നിങ്ങളെ ഇവിടെ വിട്ടിട്ടുപോകണം എന്ന് അവനെക്കാള്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട് ..ഇവിടെ വന്നടിയുന്ന 

എത്രപേരെ തിരികെ വിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നറിയാമോ..?എത്ര കുഞ്ഞുങ്ങൾ ... ആ മുൻപ് പറഞ്ഞില്ലേ ... ഗാലി... അവനും... ..!!

:മന: -ശ്...ശ്... ഒന്നു വെറുതെയിരിക്കു ...

യമ : - മ് ..പക്ഷേ, ഒന്നറിയൂ ,എനിക്ക് ആഗ്രഹിക്കാനേ കഴിയൂ..
ഞാന്‍ അല്ലെങ്കില്‍ വേറൊരാള്‍ ...ഇതു എഴുതപ്പെട്ടതാണ്...
ശരി, ഞാന്‍ പുറത്തു നില്‍ക്കാം..നിങ്ങൾ സംസാരിക്കൂ എന്നിട്ടു വേഗം വരൂ... "

ബോ:മന: -" പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ അല്ലെ..? 
ഒന്നു നിന്നൂടെ എന്നോടൊപ്പം...? "

:മന: -"ആലൂ ...ഇതൊരാകർഷണമാണ് .. ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന  ഒരു ആകര്‍ഷണം... പോകാതെ നിവര്‍ത്തിയില്ലല്ലോ കുട്ടി ..."

ബോ:മന: -"അപ്പോള്‍ ഞാന്‍ ഉറങ്ങിയെ പറ്റു അല്ലേ..?"

:മന: -"അതെ.. "

"ശരീരത്തിന്‍റെ വേദനകള്‍ എല്ലാം മാറിയിരിക്കുന്നു...എന്തോ ഭാരമില്ലത്തപോലെ .."

:മന: -"അങ്ങനെയല്ല,   .. ശരീരം എന്നെ യാത്ര അയയ്ക്കാന്‍ ഒരുങ്ങുകയാണ്..."

ബോ:മന: -"ഒന്നു ചെയ്യാമോ..?പലപ്പോഴും ഉറങ്ങുമ്പോള്‍ പല കഥകളും സ്വപ്നത്തില്‍ കാട്ടിയിട്ടില്ലെ ..?
ഒരിക്കല്‍ ...ഒരിക്കല്‍ മാത്രം എനിക്ക് എന്‍റെ ഉമ്മയെയും ഗാലിയെയും വാപ്പയേയും  ഒന്നു കാണിച്ചു തരൂ... അത് കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങാം..."

:മന: -"ശരി ഞാന്‍ കാണിക്കാം.. ദാ കണ്ടോളു‌.."

ബോ:മന: -"  ഉമ്മാ  ഞാനാ ..ഉമ്മാ .. നോക്കു മ്മാ ... 
ഗാലീ ... എനിക്ക് കരച്ചിൽ വരുന്നെടാ ... എന്തിനും കൂടുണ്ടാവും  എന്നു പറഞ്ഞിട്ട് ... ഗാലീ 
വാപ്പാാ ..  ...ഉമ്മാ ഒന്നു നോക്കു‌.. ഉമ്മാ........."

:മന: -"അയ്യോ..ഇങ്ങനെ  കരയരുതേ ഉറക്കം നഷ്ടമാവും.."

ബോ:മന: -  ഗാലി  നോക്കുന്നില്ല... ഉമ്മ നോക്കുന്നില്ല ... എനിക്ക്  ആരുമില്ല... എന്നോട് മാത്രം എന്തിനാ  ഇങ്ങനെ..?ഞാൻ  എന്തു  തെറ്റു ചെയ്തു..?

:മന: -"തെറ്റ് നിന്റെതല്ല കുട്ടീ... ഈ ലോകത്തിന്റെതാണ്... കൂട്ടിന് ദൈവവും.. നീ കരയല്ലേ "

ബോ:മന: -"ഇല്ല കരയില്ല,.. എനിക്ക് ഉറക്കം വരുന്നു... ഞാൻ  ഉറങ്ങുമ്പോള്‍ ഉമ്മ തലയില്‍ തലോടാറുണ്ട്... എന്നെ ...  എന്നെ ഒന്നു തലോടിക്കൂടെ ..?"

:മന: -"ഓ അതിനെന്താ..? ഉറങ്ങിക്കോ.."

ബോ:മന: -"ഇനി നമ്മള്‍ തമ്മില്‍ കാണോ..? "

:മന: -"അറിയില്ല കാണാന്‍ സാധ്യത കുറവാണ്..."

ബോ:മന: -" എനിക്ക് തോന്നുന്നു കാണുമെന്ന്...!!"

:മന: -"എനിക്കും...!! "

ബോ:മന: - ആ .നല്ല തണുത്ത കാറ്റ് "

:മന: -"അത് തുർക്കി കടലിന്റെ നനുത്ത കണ്ണുനീരാണ് "

ബോ:മന: -"തലോടലിനു അതേ സുഖം തോന്നുന്നു...ഉമ്മയുടെ തലോടല്‍ പോലെ...   "

:മന: -"കണ്ണുകള്‍ നനയിക്കാതെ ഉറങ്ങു‌....ആരാരോ.....ആ...രാരീരാരോ..ആരാരോ.....ആ...രാരീരാരോ"



ആലു എന്ന "അലൻ കുർദി" എന്ന ബാലന്റെ മൃത ദേഹം 2015 സെപ്റ്റംബർ  4 ന്  തുർക്കി കരക്കടിഞ്ഞു... അവന്റെ ആത്മാവിനെ  ലോകം കണ്ണുനീർ ചാലിച്ച് യാത്രയാക്കി... സിറിയയിൽ ഇന്നും യുദ്ധം തുടരുന്നു...ഒരായിരം പേർ ചത്തൊടുങ്ങുന്നു ..ഒരു തീരാക്കഥ പോലെ...
ആർക്കു വേണ്ടിയാണ്...ഈ യുദ്ധം ദൈവത്തിനോ ..? മതത്തിനോ ....? അതോ ഇത് രണ്ടിനെയും  നയിക്കുന്ന മനുഷ്യനോ...?







ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...