Friday, September 17, 2010

എന്തുഞാനെഴുതും..

ഇതെന്റെ വാക്കുകള്‍ ഇതെന്റെ നോക്കുകള്‍
ഉള്‍ചിന്തയില്‍ പിറന്നൊരക്ഷരക്കൂട്ടുകള്‍.

തൂലികത്തുമ്പില്‍ തുടിച്ചു നില്‍ക്കുന്നൊരാ
മഷിക്കൂട്ടിനറിയുമോ എന്‍ നൊമ്പരം...

കാറ്റുണ്ട് കോളുണ്ട് പൊയ്മുഖം പലതുണ്ട്
വറ്റാത്ത കണ്ണീരിനുറവയുണ്ട്...

എന്തുഞാനെഴുതും...!
കേള്‍ക്കുന്ന കേള്‍വിക്കൊരുള്‍ക്കാംബിന്‍ നൊമ്പരം ബാക്കി നില്‍പ്പൂ...
എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...

പട്ടിണിപ്പാവങ്ങള്‍ ചത്തൊടുങ്ങുന്നൊരാ
നോവിന്റെ വിഷമ സ്വരുക്കൂട്ടുകള്‍..

ഒരു വറ്റു ചോറിനായ് തന്മേനി വില്ക്കുന്നൊ
രമ്മതന്‍ നൊമ്പരം നോക്കിനിന്ന-
-ക്കരയുന്ന കുഞ്ഞിന്റെ വായ്‌ പൊത്തി മാനുഷന്‍
ആ ദുരിതരാവിന്നലങ്കാരമേകുന്നു...

കൊത്തിപ്പറിക്കുന്ന മാനുഷ കബന്ധങ്ങള്‍
ചുറ്റിപ്പിണയുന്നൊരുരഗമായി..
നാക്കിലൂടോടുന്ന വാക്കുകള്‍ കരളിന്റെ
ഉള്‍ക്കാംബിലെവിടെയോ കുത്തിനോവിക്കുന്നു...

എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...!!

പുറംചട്ട രാമനും സീതയുമെങ്കിലും
ഉള്ളിലുറങ്ങുന്നു നിശാചരന്‍ തന്‍മനം..
അവരിലൂടുയരുന്ന മൂളലുകള്‍ തന്‍ഭേരി
നാദം മീട്ടി മൂളി ചാഞ്ഞും ചരിഞ്ഞും പറക്കുന്നു
നേരുന്നു നമുക്കിന്നുമീ മാറാത്ത വ്യാധികള്‍..

ആര്‍ത്തുപൊന്തുന്ന രോദനങ്ങള്‍..
കര്‍ണ്ണം തകര്‍ക്കും വെടിയൊച്ചകള്‍...
കേട്ടുവോ നിങ്ങളാ രോദനം കേട്ടുവോ...
ഭൂമിതന്‍ രോദനം വയറുകീറിപ്പിളര്‍ന്നോരമ്മതന്‍ രോദനം.

എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...!!!

0 comments:

Post a Comment