Tuesday, December 01, 2009

ഒരു പെണ്‍കുട്ടി...

പെണ്‍കുട്ടി നിങ്ങളില്‍ ഒരാളല്ല.
------------------------------------------

ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുകയാണ് അവള്‍ തന്‍റെ ജീവിതം.ഇന്ന് അവളുടെ കണ്ണുകളില്‍ പ്രകാശം കുറവാണ്. പകലുറക്കം പതിവായിരിക്കുന്നു.നഗരത്തിലെ അസഹ്യമായചൂടില്‍ പലപ്പോഴും പിന്നോട്ട് നോക്കാറുണ്ട്.ജീവിതത്തില്‍ എവിടെയോക്കെയോ തെറ്റിയ താളാങ്ങള്‍ ... ഒന്നു കൂട്ടിചേര്‍ക്കാന്‍ അവള്‍ പലപ്പോഴും ശ്രമിച്ചിരുന്നു.ആര്‍ക്കാണ് തെറ്റിയത് ..?എവിടെ യാണ് തെറ്റിയത്..? ചോദ്യങ്ങള്‍ക്ക് ക്ഷാമം ഇല്ല...
നഗരത്തിലെ തിരക്കില്‍ നടന്നകലുന്ന ഭിക്ഷക്കാരി ഇടുപ്പിലിരുന്ന കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന കാഴ്ച വേദനയോടെ അവള്‍ നോക്കിയിരുന്നു.. സ്വന്തം ചുണ്ടുകള്‍ ഒരു കാലത്ത് മുലപ്പാലിനു വേണ്ടി കൊതിച്ചിരുന്നോ..? ഇന്നു കുടിക്കുന്ന വിലകൂടിയ മദ്യത്തെക്കാള്‍ എന്തു മാത്രം സുഖം കാണും അതിന്..

കത്തിയെരിയുന്ന തീ അവള്‍ക്കു മുന്നില്‍ ഇപ്പോഴും ഒരു ദുസ്വപ്നം പോലെ നില്‍പ്പുണ്ട്...
ആളിക്കത്തുന്ന അമ്മയുടെ ശരീരത്തിലേക്ക് ഒരു കൊച്ചു പാത്രത്തില്‍ ഇരുന്ന വെള്ളം ഒഴിച്ചപ്പോള്‍ കേട്ട.."ശ്.. ശ് ... ശബ്ദം "
ചോദ്യം ചെയ്യലിനായി വന്ന പോലീസുകാരന്റെ ആക്രോശം നിറഞ്ഞ ചോദ്യങ്ങള്‍...

കുട്ടിക്കാലത്ത് ഓടിനടന്ന കുന്നൂരിലെ വഴികള്‍ അവള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ആനി ആടി മാസത്തിലെ മഴ, ഓര്‍ക്കുമ്പോള്‍ തന്നെ കുളിരുകോരും.. ഓരോ മഴത്തുള്ളിക്കും ഓരോ കഥകള്‍ ഉണ്ടാവും പറയാന്‍.. ഉണ്ടായകാലം മുതല്‍ പൊട്ടിച്ചിതറുന്ന കാലം വരെ പലപ്പോഴായി കണ്ടതും കേട്ടതും...

എന്നായിരുന്നു ഞാന്‍ അവളെ കണ്ടത്‌.. ? ഓര്‍മ്മ ശരിയാണെങ്കില്‍ ഒരു രാത്രി ആയിരിക്കണം.. അതെ, രാത്രിയിലാണ്.. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള ബസ്സ് യാത്രയില്‍.. മറക്കാന്‍ പാടില്ലാത്തതാണ്..എന്നാലും മറന്നു.. കണ്ട മാത്രയില്‍ അവള്‍ എന്നെ തിരിച്ചറിഞ്ഞു... കുട്ടിക്കാലത്തിലൂടെ ഒരു നിമഷം ഞാന്‍ പിന്നോട്ടോടി...
"മാനത്തുകണ്ണി" അതായിരുന്നു ഞാന്‍ അവളെ വിളിച്ചിരുന്ന ഇരട്ടപ്പേര്..
ബസില്‍ ഒരല്പം ശബ്ദത്തില്‍ ഞാന്‍ ചിരിച്ചു..അവള്‍ അത് കണ്ടിട്ടാവണം എന്നോട് ചോദിച്ചു..
"ഓര്‍ക്കുന്നുണ്ടോ...?"
ചോദ്യം എന്‍റെ ഉള്ളില്‍ പലവുരി ഞാന്‍ ചോദിച്ചു.. മറവി പലപ്പോഴും എന്നെ കാണാക്കയങ്ങളില്‍ ചാടിച്ചിട്ടുണ്ട്.. ദാ വീണ്ടും ഒരിക്കല്‍ക്കൂടി..
പാറിപ്പറന്ന മുടി‌മായി അവള്‍ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുഖം ഞാന്‍ ശ്രദ്ധിച്ചു.. എന്‍റെ മറുപടി അവള്‍ക്ക്‌ വിഷയമല്ല.. അത് അവള്‍ പ്രതീക്ഷിക്കുന്നുമില്ല... അങ്ങനെ ആയിരുന്നില്ല അവള്‍.. ഒരു പക്ഷെ ഞാന്‍ ഇത്രയും കാലം അന്വേഷിക്കാത്തതിന്റെ ദേഷ്യമാകുമോ ? അങ്ങനെ അന്വേഷിക്കാന്‍ ഞാന്‍ അവളുടെ ആരായിരുന്നു..?
ബസ്സ് കൊല്ലം കഴിഞ്ഞു... യാത്രക്കാരുടെ സംസാരം കുറഞ്ഞിരിക്കുന്നു.. തൊട്ടടുത്ത സീറ്റിലെ രണ്ടു യുവമിഥുനങ്ങള്‍ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാം... ഭാഷ എനിക്ക് പുതിയതല്ല... എന്നാല്‍ രീതികള്‍ മാറിയിരിക്കുന്നു... ഇപ്പോഴുള്ളവര്‍ക്ക് ധൈര്യം ഒരല്പം കൂടുതലാണ് .. ഞാന്‍ തിരിഞ്ഞു നോക്കി ... അവള്‍ ഫോണില്‍ ആരോടോ എന്തോ സംസാരിക്കുകയാണ്.. ഞാന്‍ അവളറിയാതെ അത് ശ്രദ്ധിക്കാന്‍ ശ്രമിച്ചു.. എന്തെല്ലാമോ ബിസിനസ്സ് വര്‍ത്തമാനങ്ങള്‍.. പോയി സംസാരിച്ചാലോ ...? ഒരിക്കല്‍ ഞാന്‍ ഇതുപോലെ മടിച്ചിരുന്നു.. അതിന്റെ ഫലം...!! ന്യായങ്ങള്‍ പലതാണ്.. പക്ഷെ മനസിന്‍റെ തട്ടകത്തില്‍ അതിന്നും നീറ്റലോടെ നില്ക്കുന്നു...
അവളോട്‌ സംസാരിക്കണം.. ഒരു മടിയും കൂടാതെ.. കുറേ കാര്യങ്ങള്‍.. ഒരു തരത്തില്‍ അത് ഒരു ഏറ്റുപറച്ചിലാണ്... അവളോടല്ല എന്നോട്‌... എന്‍റെ മനസാക്ഷിയോട്‌... എവിടെ നിന്നു തുടങ്ങണം.. ഓര്‍മ്മകളില്‍ എവിടെയെങ്കിലും ഉണ്ടാവുമോ..? ഞാന്‍ ഓരോന്നായി ഓര്‍ത്തു തുടങ്ങി.. തുടക്കം മുതല്‍..

കുന്നൂര്‍ ഗ്രാമം... ചിറ്റാര്‍ പുഴ ഭൂമിക്കു മീതെ അഹങ്കാരത്തോടെ ശബ്ദിച്ചു ഒഴുകുന്നത്‌ ഇവിടെയാണ്.. പ്രകൃതി കനിഞ്ഞ പുണ്യം.. നാട്ടിന്‍പുറത്ത് ,നുണ കഥകള്‍ക്ക് സ്വര്‍ണ്ണപ്പണ്ടത്തോളം വിലയുള്ള കാലം.. വീടിന്റെ മുന്നിലുള്ള ഒരു വയല്‍ കഴിഞ്ഞാല്‍ പുഴയായി.. രാവിലത്തെ കുളി അവിടെയാണ്.. മുങ്ങാന്‍കുഴിയിടുമ്പോള്‍ വെള്ളത്തിനടിയില്‍ വെട്ടിച്ചുപോകുന്ന മീനുകളെ കുഞ്ഞു കണ്ണുകള്‍ നോക്കിയിരുന്നത് അത്ഭുതത്തോടെയായിരുന്നു.. കഴുത്തില്‍ കെട്ടിയ തോര്‍ത്തില്‍ മീനുകള്‍ കുടുങ്ങുമ്പോള്‍ മാനത്ത്കണ്ണികളെ വെറുതെ വിടാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. അല്ല ശഠിച്ചിരുന്നു ...!
അവളുടെ അച്ഛന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്... വീടിനേക്കാള്‍ നാടിനെ സ്നേഹിച്ച... നാട്ടാരെ സ്നേഹിച്ച... ഒരു കമ്മ്യുണിസ്റ്റ്‌ ചിന്താഗതിക്കാരന്‍ ... അയാളേക്കാള്‍ എനിക്കിഷ്ടം അയാളുടെ വാക്കുകള്‍ ആയിരുന്നു...
"മാര്‍ക്സിസം-ലെനിനിസം, സ്റ്റാലിനിസം,ട്രോറ്റ്‌സ്കിസം,മാവോയിസം,ഹോക്സൈസം,ടിറ്റോയിസം " ഹൊ..!!. ഓരോന്നും ഓരോ കഥകളായി നാവില്‍ നിന്നു വീഴുമ്പോള്‍ ഞരമ്പുകളില്‍ വല്ലാത്ത ഒരു ചോരത്തിളപ്പ്... ലെനിനും, മാവോയും എല്ലാം പലപ്പോഴും വാളേന്തിയ രാജാക്കന്മാരെപ്പോലെ തോന്നിയിരുന്നു.
നൈറ്റ്‌ ഡ്യൂട്ടി ഉള്ള നാളുകളില്‍ അവളും അമ്മയും വീട്ടില്‍ വന്നു നില്ക്കും.. അമ്മയോട് പലപ്പോഴും അവളുടെ അമ്മ ദുഃഖം പറയുന്നതു പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്.. "ഉണ്ണാനും ഉടുക്കാനും ഉണ്ടായിട്ട് എന്തിനാ..? കേറിക്കെടക്കാന്‍ സ്വന്തമായിട്ട് ഒരു വീട്... അതേ ഞാന്‍ ചോദിച്ചുള്ളൂ.. നാട്ടാരെ സഹായിക്കണ നേരം ഒന്നു വീട്ടിലോട്ടു നോക്കിയാല്‍ എന്താ..? ഒരു പെണ്ണ് വളര്‍ന്നു വരുന്നുണ്ട് അവള്‍ക്കായിട്ട് എന്തേലും വേണ്ടെ.. ചോദിച്ചാല്‍ അപ്പൊ വീട് വിട്ടു ഇറങ്ങും.. പിന്നെ രാത്രി വന്നാലായി.."
ഞാനും ചിന്തിച്ചു.. അവളും, ഞാനും വളര്‍ന്നിരിക്കിന്നു... അവളുടെ വീട്ടില്‍ നടന്ന ചടങ്ങ് കഴിഞ്ഞു വരുമ്പോള്‍ അമ്മ എന്നോട് പറഞ്ഞതു ഞാന്‍ ഓര്‍ത്തു.. "ഇനി വല്യ കളിയൊന്നും വേണ്ടാട്ടോ.."
പിന്നെ ഞാന്‍ ഒറ്റക്കായി .. അവളുടെ മുഖത്തെ നാണം എന്നെ വല്ലാതെ അലോസരപ്പെടുത്തി.. ഇന്നലെ കണ്ട അവളല്ല... ഇന്നവള്‍ക്ക്‌ വ്യക്തമായ മാറ്റം... എനിക്കത് ചോദിക്കണം എന്നുണ്ടായിരുന്നു... എന്തോ അന്ന് തുടങ്ങിയതാണ്‌ ഒരു തരം ചമ്മല്‍... ഒരു പക്ഷെ അതാവും എന്നിലുണ്ടായ മാറ്റം..
ഗണപതി ക്ഷേത്രത്തിലെ പൂജാരി അപ്രതീക്ഷിതമായി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയത് വളരെ പെട്ടന്ന് ആയിരുന്നു.. ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയപ്പോള്‍ ആര്‍ക്കോ തോന്നിയ സംശയം.. പാവം മദ്യപിച്ചിട്ടില്ലാത്ത മനുഷ്യന്‍ വിഷം കഴിക്കാന്‍ ആദ്യവും അവസാനവുമായി മദ്യപിച്ചു.. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അയാളുടെ മകന്‍ ചുവരും നോക്കി ഇരിപ്പാണ്.. കവിളിലൂടെ അവന്‍ ഒഴുക്കുന്ന കണ്ണീര്‍ മൂന്നു മനുഷ്യ ജന്മങ്ങളെ ഏറ്റെടുക്കാനുള്ള തീരുമാനം ആയിരുന്നു.. നാളുകള്‍ക്ക്‌ ശേഷം ഞാന്‍ അവനെ വീണ്ടും കണ്ടു.. അവന്‍റെ വാക്കുകളില്‍ വല്ലാത്ത മാറ്റം... അവനോടു സംസാരിക്കാന്‍ പഴയപോലെ ഒരു സ്വാതന്ത്ര്യം കിട്ടുന്നില്ല.. എവടെയെല്ലാമോ കെട്ടിയിട്ട അവസ്ഥ... അലങ്കാര വാക്കുകളുടെ അസഹ്യമായ പ്രയോഗം.. ഞാന്‍ തികച്ചും അന്ധാളിച്ചു പോയി..

ഓണക്കാലങ്ങളില്‍ പരീക്ഷ കഴിഞ്ഞാല്‍ അച്ഛന്‍റെ വക ഒരു ഓണപ്പന്ത്‌, അത് വീട്ടില്‍ പതിവാണ്.. എനിക്കും അവള്‍ക്കും ഓരോന്ന്‍ ... ഇത്തവണ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു... എന്നോട് കളിക്കാന്‍ അവള്‍ക്ക്‌ കഴിയില്ലത്രേ... അതെന്തു ന്യായം.. ഞാന്‍ അവളോട്‌ പിണങ്ങി... തരം കിട്ടുമ്പോള്‍ ഞാന്‍ അവളെ കളിയാക്കി വിളിച്ചു.."മാനത്തുകണ്ണീ "... വിളി അസഹ്യമായപ്പോള്‍ അവള്‍ അമ്മയോട് പരാതിപ്പെട്ടു ... എനിക്ക് ദേഷ്യം കൂടിയതേ ഉള്ളു‌... പിന്നെയുള്ള വിളികള്‍ ഒളിഞ്ഞു നിന്നായി.. ഒടുവില്‍ അമ്മയുടെ വക തവിക്കണയ്ക്ക് അടിയും ഉള്ളില്‍ തട്ടിയ ശകാരവും..ഒരു തരത്തില്‍ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു തുടങ്ങി..

അവളില്ലാത്ത ലോകം... ഞാന്‍ ശീലിക്കാന്‍ തുടങ്ങി.. കളിക്കാന്‍.. പഠിക്കാന്‍... അങ്ങനെ ഒറ്റപ്പെടലിന്റെ ലോകം.. അവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു.. ഞാന്‍ എന്ന പഴയ കളിക്കൂട്ടുകാരനെ അവള്‍ മറന്നു തുടങ്ങിയിരുന്നു.. പതിയെ എന്‍റെ ഉള്ളില്‍ നിന്നും ചിത്രം മാഞ്ഞു തുടങ്ങി..
നഷ്ട പ്രണയത്തിന്റെ തീരാവേദനയും പേറി നടക്കുന്ന വിരഹ കാമുകന്മാരെ ഞാന്‍ കോളേജില്‍ കണ്ടപ്പോള്‍ പെട്ടന്ന് ചിരി പൊട്ടി. കമ്മ്യൂണിസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരെ ഞാന്‍ അവിടെ കണ്ടു. പതിയെ എന്നിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരനും എന്‍റെ ഉള്ളിലേക്ക് ഒതുങ്ങിക്കൂടി..
കോളേജ് ജീവിതം എന്നെ ശരിക്കും ഒരു മനുഷ്യനാക്കി.. നാട്ടിലേക്ക് എഴുതുന്ന കത്തുകളില്‍ പലതിലും അവളെ പറ്റി ചോദിക്കാന്‍ ഞാന്‍ മറന്നു.. മറവി ഒടുവില്‍ എന്‍റെ സിരകളിലൂടെ തലച്ചോറിനെയും ബാധിച്ചു..
നഗരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ അറിയാത്ത പലതും ഞാന്‍ ശീലിച്ചു തുടങ്ങി.. ഉപയോഗിക്കില്ല എന്ന് ജീവിതത്തില്‍ ഉറപ്പിച്ചിരുന്ന പലതും ഒരു ശാപം പോലെ എന്നെ കീഴടക്കി.. നാട്ടിലേക്കുള്ള യാത്ര കുറഞ്ഞു.. വീട്ടില്‍ നിന്നും ആള്‍ വന്നവിവരം ഹോസ്റ്റലിലെ വാച്ചര്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു.. ഒരു താല്പര്യമില്ലായ്മ.. എന്‍റെ വീടിനേക്കാള്‍ ഞാന്‍ കോളനികളിലെ ഇടുങ്ങിയ വീടുകളെയും കുടുസുമുറിയിലെ വിയര്‍പ്പിന്റെ ഗന്ധമുള്ള കിടക്കകളെയും ഇഷ്ടപ്പെട്ടു തുടങ്ങി... സ്വരുക്കൂട്ടിയ പണം ഒഴുകിപ്പോകുന്നത് ഞരമ്പുകള്‍ക്കുള്ളിലെ ത്രസിപ്പിക്കുന്ന സുഖവും പേറി ഞാന്‍ നോക്കിനിന്നു..
അപ്രതീക്ഷിതമായി ഒരു വാര്‍ത്ത... നാട്ടിലെ ഏതോ ബന്ധു ആത്മഹത്യ ചെയ്തു.!! വാച്ചര്‍ ഇതു പറയുമ്പോള്‍ അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ഞാന്‍ യാത്ര തിരിച്ചു..
നാട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ വല്ലാത്ത ഒരു ഗന്ധം .. എന്‍റെ കണ്ണുകള്‍ നിറഞ്ഞു .. മണിക്കൂറുകള്‍ നീണ്ട യാത്ര എന്നെ വല്ലാതെ ചിന്തിപ്പിച്ചു.. നാടിന്‍റെ മണം എന്നിലെ ശേഷിച്ച നന്മയെ ഉണര്‍ത്തിയിരിക്കണം..
ഓര്‍മ്മകളുടെ കടന്നുകയറ്റം വീണ്ടും..മരിച്ചത് എന്‍റെ പഴയ കളിക്കൂട്ടുകാരിയുടെ അമ്മ.. പിറ്റേന്ന് ഞാന്‍ അവിടെ എത്തുമ്പോള്‍ മുഖത്ത്‌ നോക്കാനേ തോന്നിയില്ല.. ഒരു കുറ്റബോധം... ഒടുവില്‍ അതൊരു നീറ്റലായി.. കര്‍മ്മങ്ങള്‍ക്കായി അവള്‍ പുറത്തേക്ക് വന്ന നേരത്ത് എപ്പോഴോ ഞാന്‍ അവളെ കണ്ടു..
കറുത്ത് കരിവാളിച്ച മുഖം.. ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു.. "എന്ത് പറ്റി കുട്ടിയുടെ മുഖത്ത്?" ഞാന്‍ അടുത്ത് നിന്ന ആളോടു തിരക്കി.. "ഒന്നും അറിഞ്ഞില്ലെ..? കുട്ടികളേം കൂട്ടി മരിക്കാന്‍ നിന്നതാ.. കുട്ടികള്‍ രക്ഷപ്പെട്ടു..
എനിക്ക് അപ്പോള്‍ തോന്നിയ വികാരം എന്തായിരുന്നു.. അവളോട് എന്തെങ്കിലും പറയണം എന്ന് എന്‍റെ ഉള്‍മനസ്സു പറഞ്ഞു.. ശരീരത്തിന് മടി.. ഒരുതരത്തില്‍ അപഹര്‍ഷതാ ബോധം എന്നുപറയാം.. എന്‍റെ രണ്ടു വാക്കില്‍ എന്തിരിക്കുന്നു..?
അവള്‍ എന്നെ അന്വേഷിച്ചു എന്ന് അമ്മ വന്നു പറഞ്ഞപ്പോള്‍ ഞാന്‍ സര്‍വ്വ ഊര്‍ജവും എടുത്തു പോകാന്‍ ശ്രമിച്ചു.. ഞരമ്പുകള്‍ക്കുള്ളിലെ ഞാന്‍ അറിയാത്ത ഒരു ശക്തി, എന്നെ മയക്കത്തിലേക്ക് തള്ളി വിട്ടു..

മായിക ലോകത്തെ വിസ്ഫോടനങ്ങള്‍ എന്നെ എവിടെല്ലമോ എത്തിച്ച കാലം.. എല്ലാം മറന്നു ഞാന്‍ സഞ്ചരിച്ച വഴികളില്‍ പലപ്പോഴും അവള്‍ കടന്നു വന്നിരുന്നു .. ഒരു ഓര്‍മ്മപോലെ.. ഒരു നിമഷം പാല്‍പുഞ്ചിരി ഞാന്‍ കണ്ടിരുന്നു.. മറ്റുപലര്‍ക്കും അത് കാണുന്നില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ അത് കാര്യമായെടുത്തില്ല..
പിന്നെ പിന്നെ പലരെയും ഞാന്‍ കണ്ടുതുടങ്ങി.. ആര്ക്കും കാണാനാവാത്ത ഒരു ലോകം.. എപ്പോഴാണ് ഞാന്‍ ആശുപത്രിയുടെ സെല്ലിനുള്ളില്‍ അടയ്ക്കപ്പെട്ടത്‌..?
കാഴ്ചയിലെ പലരോടും സംസാരം കൂടിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു ചെയ്തതാണ്.. പിന്നീടാണ് അറിഞ്ഞത് കെണി വച്ചാ‌ണ് എന്നെ പിടിച്ചതെന്ന്.. അവര്‍ക്കറിയില്ലല്ലോ എന്‍റെ അവസ്ഥ...
വൈദ്യരുടെ കയ്പ്പുള്ള കഷായം.. കാഞ്ഞിരക്കുരു അരച്ച് തന്നപോലെ ഉണ്ട്.ബോധ മണ്ഡലത്തിലെ കാര്യങ്ങള്‍ മൊത്തത്തില്‍ അഴിച്ചു കളഞ്ഞു .. ഒരു പുനര്‍ജ്ജന്മം.. അതില്‍ ഞാന്‍ ആദ്യം തിരക്കിയത് അവളെ ആയിരുന്നു..
ഏതോ വലിയ പഠന കാര്യത്തിനായി അവള്‍ കല്‍ക്കട്ടയിലേക്ക് പോയി..
എനിക്ക് തരാന്‍ അമ്മയുടെ കയ്യില്‍ ഒരു കത്തും കൊടുത്തിട്ടാണ്പോയത്..മാസങ്ങള്‍ക്ക് ശേഷംഎന്‍റെ മുറിയില്‍ നിന്നുംഎനിക്ക് കത്ത് കിട്ടി. അത് ഞാന്‍ വായിക്കാന്‍ നിന്നില്ല... എന്നിലെ മുഖം ഞാന്‍ ഇന്നും വെറുക്കുന്നു.. അത് വായിക്കാതിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണ്..??
ഇന്നും എനിക്ക് അതിന് ഒരു ഉത്തരം കിട്ടിയില്ല..

ജീവിക്കാന്‍ പാടു പെടുന്ന സമയം.. സിനിമ രക്തത്തില്‍ കലര്‍ന്നതോടെ എന്‍റെ ചിന്തകള്‍ക്കും മാറ്റം വന്നു തുടങ്ങി.. മനസ്സില്‍ സൂക്ഷിച്ചു വച്ചവ ഓര്‍ത്ത് ഞാന്‍ പലവട്ടം എഴുതാനിരുന്നു... എഴുത്തിനു ഒരു ചട്ടക്കൂട് ഉണ്ട്.. വായനക്കാരന്റെ ഇഷ്ടത്തിനോത്ത് കഥാകൃത്ത് സഞ്ചരിക്കണം.. അല്ലെങ്കില്‍ വായനക്കാരന്‍ കഥാകൃത്ത് ചിന്തിക്കുന്ന വഴിയിലൂടെ സഞ്ചരിക്കണം.. രണ്ടാമത്തേത് കഷ്ടമാണ്.. പലതും എഴുതി.. നല്ലത് എന്ന് തോന്നിയവ ആരെയും കാട്ടിയില്ല. സൂക്ഷിച്ചു വച്ചു... ഒരുവിധം കൊള്ളാം എന്നുതോന്നിയവ പലരോടും പറഞ്ഞു.. "സ്വപ്‌നങ്ങള്‍ വില്‍ക്കുക.. " ഓരോ കഥാകൃത്ത്ന്റെയും ആപ്തവാക്യം.. ഞാനും ശ്രമിച്ചു നോക്കി.. വില്‍ക്കാനായ്‌ സ്വപ്‌നങ്ങള്‍ തേടിയപ്പോള്‍ കണ്ടത് മുഴുവനും അവളായിരുന്നു.. അവളെ വില്‍ക്കുക...!! ഞാന്‍ സ്വയം പുശ്ചിച്ചു..
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്ന ഒരു കമ്പനിയില്‍ ജോലിനോക്കിയപ്പോള്‍ എഴുത്ത് വിടേണ്ടിവന്നു.. എഴുത്തിന്റെ നിര്‍മ്മലാനുഭൂതി എന്നില്‍ നിന്നും അകന്നുതുടങ്ങി.പകരം ബിസിനസ്സ് വാര്‍ത്തകളും മാനേജരുടെ ആക്രോശം നിറഞ്ഞ വാക്കുകളും പച്ചയായ നുണകളും... ഒരിക്കല്‍ എപ്പോഴോ ഞാന്‍ ഓര്‍ത്തു, എന്‍റെ നാട്ടുകാര്‍ ഇതിലും എത്രയോ ഭേദം... കമ്പനി ജോലി വെറുത്തു തുടങ്ങിയപ്പോള്‍ അത് വിട്ടാലോ എന്ന് ഞാന്‍ ഓര്‍ത്തു.. ചില ചെലവുകള്‍ തീരുമാനത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു..
രാമായണമാസം ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടിനടുത്ത് ക്ഷേത്രത്തില്‍ വൈകുന്നേരങ്ങളില്‍ രാമായണ പാരായണം ഉണ്ടായിരുന്നു.. നഗരങ്ങളില്‍ അവശേഷിച്ച വയസ്സരായ ആള്‍ക്കാരുടെ ശ്രമം.. പുതിയ തലമുറ വല്ലാതെ മാറിയിരിക്കുന്നു.. "എല്ലാം എളുപ്പത്തില്‍.." അതാണ് ഇപ്പോഴത്തെ നയം.. ഞാനും ഇപ്പോള്‍ അതിലൊരു കണ്ണിയാണ്.. വയസ്സായ ആള്‍ക്കാര്‍ അവിടെ വരുന്ന ഓരോരുത്തരെയും നോക്കുന്നുണ്ട്.. ആര്‍ക്കും താല്‍പ്പര്യമില്ല.. ഞാന്‍ വായിക്കാന്‍ തയ്യാറാണ്.. കുട്ടിക്കാലത്ത് അമ്മ എന്നെ നിര്‍ബന്ധിപ്പിച്ചു വായിപ്പിക്കുമായിരുന്നു.. ദിവസങ്ങളില്‍ ഭജനമഠത്തില്‍ വായിക്കാന്‍ ഒരുപാടു പേരുണ്ട്.. നാട്ടിലെ, കപ്പലില്‍ ജോലി ഉള്ള ആരോ കൊണ്ടു വന്ന മൈക്കും പഴയ മോഡല്‍ ഉച്ചഭാഷിണിയും.. അതിനുമുന്നിലെ വായനയ്ക്കായുള്ള ഒരു വലിയ നിര ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്..
വായനയുടെ അവസാന ദിവസം ആഹോരാത്ര പാരായണം ആണ്.. ഞാന്‍ രാത്രിക്ക് ശേഷം പോകുമായിരുന്നു... വായിക്കുന്നതിലും ശ്രദ്ധ മുന്നിലിരിക്കുന്ന കരിപ്പെട്ടി തിന്നു തീര്‍ക്കുന്നതിലായിരുന്നു..
രാവിലെ കിട്ടിയിരുന്ന അവിലും പൊരിയും പഴവും..ഓര്‍ക്കുമ്പോള്‍ ഇന്നും കൊതിയൂറുന്ന നിമിഷങ്ങള്‍..
"സകല ശുക കുല വിമലതിലകിത കളേബര, സാരസ്യ പീയുഷ സാരസര്‍വസ്വമെ.. കഥയ മമ കഥയ മമ കഥകളതി സാദരം.. കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതി വരാ.. "
ജീവിതത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ തുലനം ചെയ്ത ഇത്രയും നല്ല കാവ്യം ഞാന്‍ വായിച്ചിട്ടില്ല. രാമന്‍ ഉത്തമന്‍ ആണെങ്കില്‍ രാവണന്‍ അധമനാണ്.. രാവണനിഗ്രഹം മോക്ഷപ്രാപ്തി ആണ്.. ശാപമോക്ഷം.. !!
എന്‍റെ തെറ്റുകള്‍ക്ക് ഇനി എന്നാണു ഒരു മോക്ഷം കിട്ടുക... ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക്‌ പരിഹാരം തേടി ഞാന്‍ ഇറങ്ങുമ്പോള്‍ എന്നും മുന്നില്‍ വരുന്ന ചില രൂപങ്ങള്‍ ഉണ്ട്.. അതിലൊന്ന് അവളുടെ മുഖം ആയിരുന്നു.. ഞാന്‍ അവളോട്‌ ചെയ്തത് പാപമല്ല... ഞാന്‍ അവള്‍ക്ക് സ്വപ്‌നങ്ങള്‍ കൊടുത്തിട്ടില്ല..
ഞാന്‍ അവളെ ഒരു വാക്കിന്റെ മുന കൊണ്ടുപോലും നോവിച്ചിട്ടില്ല.. എങ്കിലും എന്‍റെ ഉള്‍മനസ്സില്‍ ഞാന്‍ അറിയാത്ത കുറ്റബോധം.. വളരെ പെട്ടന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. അവളോട്‌ എനിക്കുണ്ടായിരുന്നത്.. പ്രണയമാണ്.. നൊമ്പരം എനിക്ക് പലപ്പോഴും അവളെ അറിയിക്കാനായില്ല..
എന്നോ അവളെത്തേടി ഞാന്‍ കല്‍ക്കട്ടയിലേക്ക് പോയി.. നഗരവീഥികളില്‍ തിങ്ങിനിറഞ്ഞ കെട്ടിടസമുച്ചയങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ഫ്ലാറ്റില്‍ അവളെ ഞാന്‍ കണ്ടു.. തികഞ്ഞ ഒരു വീട്ടമ്മ.. എന്നെ കാണാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.. അവളുടെ മധുരമായ പ്രതികാരം.!! എങ്ങനെ കഴിഞ്ഞു അവള്‍ക്ക്.? ഒന്നാലോചിച്ചാല്‍ അവള്‍ ചെയ്തതിലും ന്യായം ഉണ്ട്.. എങ്കിലും ഉള്ളില്‍ വല്ലാത്ത ഒരു അസ്വസ്ഥത... ഒടുവില്‍ ചന്ത മൈതാനിയുടെ ഒരു വക്കിലിരുന്നു ഉറക്കെ കരഞ്ഞു,..
നാട്ടിലേക്ക് തിരികെ വരാന്‍ ഒട്ടും താല്പര്യമില്ല.. എവിടെയെല്ലാമോ അലഞ്ഞു.. ഒടുവില്‍ വിശപ്പ് സഹിക്കാതെ വീണ്ടും നാട്ടിലേക്ക്..
ചാറ്റല്‍ മഴ, ബസിന്റെ ജനാലയിലൂടെ വെള്ളത്തുള്ളികള്‍ മുഖത്ത് വീണപ്പോള്‍ ഞാന്‍ ഉണര്‍ന്നു.. നാട്ടിലെ ഇടവഴികളില്‍ മഴക്കാലത്ത് കേള്‍ക്കാറുള്ള ചീവിടുകളുടെ ശബ്ദം എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു..അവള്‍ ഇപ്പോഴും ഫോണിനു മുന്നിലാണ്.. ബസിലെ ലൈറ്റിന്റെ വെളിച്ചത്തില്‍ എനിക്ക് അവളുടെ കൃഷ്ണമണി കാണാം.പലപ്പോഴും എന്നെ നോക്കുന്ന കൃഷ്ണമണിയെ ഞാന്‍ കൌതുകത്തോടെ നോക്കി..
കഴിക്കാനായി ബസ്സ് നിറുത്തിയപ്പോള്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളോട്‌ തിരക്കി.. കഴിച്ചോ?? അവള്‍ അത് പ്രതീക്ഷിച്ചതല്ല.. എങ്കിലും മറുപടി കിട്ടി.. "കഴിക്കാം." ഹോട്ടലില്‍ ഞാനും അവളും ഇരുന്നു.. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് എനിക്ക് കാണാം.
"ഇപ്പൊ എവിടാ ?" ചോദ്യം അവളുടേതായിരുന്നു.. എവിടെ എന്ന് പറയണം.. ഞാന്‍ ഓര്ത്തു.. "ഞാന്‍.." മറുപടി ഒന്നും വന്നില്ല.. "മാമനും മാമിയും എന്ത് പറയുന്നു.?". വീണ്ടു ചോദ്യം.. അപ്പോള്‍ എനിക്കും ഒരല്‍പം ധൈര്യം കിട്ടി.. സത്യത്തില്‍ ഞാന്‍ അവളുടെ പൂര്‍വ കാമുകന്‍ എന്ന ചിന്തയില്‍ ആയിരുന്നതിനാല്‍ ആവണം എനിക്ക് ഉത്തരം മുട്ടിയത്‌.. ഇപ്പൊ അവള്‍ എന്‍റെ ബന്ധു എന്ന സത്യവും ഞാന്‍ ഓര്‍ക്കുന്നു.. എനിക്ക് ഭയം തോന്നിയില്ല... അവളോട്‌ ഞാന്‍ സംസാരിച്ചു തുടങ്ങി.. ഒരുപാടു കാര്യങ്ങള്‍.. മനസ്സില്‍ കൂട്ടി വച്ചിരുന്ന ഒരു വലിയ ഭാരം ഞാന്‍ പതിയെ ഇറക്കി വച്ചു തുടങ്ങി.. ഹൊ.. എന്തൊരാശ്വാസം..
എല്ലാം അവള്‍ കേട്ടു.. മുകത് നേര്ത്ത ഒരു ചിരി ഞാന്‍ ശ്രദ്ധിച്ചു.. എല്ലാം വളരെ ലാഘവത്തോടെ അവള്‍ കണ്ടിരിക്കുന്നു.. ഒരല്പം എനിക്ക് ചളിപ്പ്‌ തോന്നി.. എങ്കിലും ഞാന്‍ അവളില്‍ നിന്നും മറുപടി പ്രതീക്ഷിച്ചു..
അവള്‍ പറഞ്ഞു തുടങ്ങി..
" മാനത്തുകണ്ണി പതിനാലാം വയസ്സില്‍ മാനസികമായി മരിച്ചു.." എനിക്ക് ഒന്നും മനസ്സിലായില്ല.. അവള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു കോപ്പ മദ്യം എടുത്ത് ഒരു പ്ലാസ്റ്റിക് ഗ്ലാസ്സില്‍ ഒഴിച്ചു.. ഞാന്‍ ശരിക്കും അന്തിച്ചു പോയി.. അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി.. ഞാന്‍ ചിരി വരുത്തി ചിരിച്ചു..
"എന്‍റെ അമ്മ എന്നെ വിട്ടു പോകുമ്പോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നു.. കൂടെപ്പോകാന്‍ ഞാനും ഒരുങ്ങിയതാണ്.. ജീവിക്കാനുള്ള കൊതി.. പ്രായത്തില്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു.. അച്ഛന്റെ അനുജന്‍ കൊച്ചിച്ചന്‍ അല്ലേ? എന്നെ മകളെപ്പോലെ കാണെന്ടതല്ലെ? പലപ്പോഴും അമ്മ അച്ഛനോട് വീട് മാറിത്താമാസിക്കാന്‍ പറഞ്ഞത് മനുഷ്യനെ ഭയന്നിട്ടയിരുന്നു.. തലയില്‍ കയറിയ കഞ്ചാവ് അയാളിലെ രാക്ഷസനെ ഉണര്‍ത്തി.. നിര്‍ബന്ധപൂര്‍വ്വം എന്നെ കഞ്ചാവ് വലിപ്പിച്ചു.. പിന്നെ ഞാന്‍ ഉണര്‍ന്നത് അമ്മയുടെ കത്തുന്ന ശരീരത്തിന്റെ ചൂട് ഏറ്റിട്ടായിരുന്നു.. വിവരം അറിഞ്ഞ അച്ഛന്‍ നാടുവിട്ടത് നാണക്കേട്‌ സഹിക്കാതെയാണ്.. കല്‍ക്കത്തയില്‍ എത്തിയ അച്ഛന്‍ തികച്ചും മാറിപ്പോയി.. വേദന മാറ്റാന്‍ മദ്യത്തോളം ശക്തി മറ്റൊന്നിനും ഇല്ലെന്ന സത്യം അച്ഛനാണ് പഠിപ്പിച്ചത്.. പലപ്പോഴും പട്ടിണി ആയിരുന്നു.. ആരെല്ലാമോ വീട്ടില്‍ വരും.. എന്നെ കാണാന്‍ വരുന്നവര്‍ ആദ്യം അച്ഛനെ കാണും.. പതിയെ എനിക്ക് വേണ്ടി അവര്‍ തമ്മില്‍ തല്ലി തുടങ്ങി.. ഞാന്‍ തീര്‍ത്തും തകര്‍ന്നുപോയി.. എണീക്കാന്‍ വയ്യ.. ഒന്നനങ്ങാന്‍ വയ്യ.. വല്ലാത്ത വേദന.. അച്ഛന്റെ മുന്നില്‍ ഇഴഞ്ഞെത്തിയ ഞാന്‍ അര്‍ദ്ധനഗ്നയായിരുന്നു.. മദ്യം തലയ്ക്കു പിടിച്ച അച്ഛനും.. ഒടുവില്‍ !!! അവള്‍ അത് പറയുമ്പോള്‍ ഞാന്‍ അറിയാതെ എണീറ്റ്‌ പോയി.. "ഹൊ.."
അവള്‍ വീണ്ടും കുപ്പിയിലെ മദ്യം ആര്‍ത്തിയോടെ കഴിച്ചു.. കണ്ണുകളില്‍ തീ പാറുന്നത് ഞാന്‍ കണ്ടു..
ഞാന്‍ പറയാന്‍ ബാക്കി വച്ച ആശ്വാസ വാക്കുകള്‍ എന്‍റെ വിഷമം പോലും തീര്‍ത്തില്ല... അവള്‍ ഈശ്വരാ.. ഒരു വിളി ഞാന്‍ അന്ന് വിളിച്ചിരുന്നെങ്കില്‍.. ഞാന്‍ സ്വയം ശപിച്ചു..
മദ്യം കുടിച്ചു നിറുത്തിയ ഇടവേളയില്‍ അവള്‍ വീണ്ടും പറഞ്ഞു.."അച്ഛന്റെ ആത്മഹത്യ ഞാന്‍ കണ്ടു നിന്നു.. വിലപേശാനെത്തിയ കഴുകന്‍ കണ്ണുകള്‍ക്ക്‌ മുന്നില്‍ ഞാന്‍ സ്വാദിഷ്ടമായ അത്താഴം വിളമ്പി.. ഇന്നു അവര്ക്കു ഞാന്‍ പ്രിയപ്പെട്ടവളാണ്.. എന്നെ സംരക്ഷിക്കാന്‍ ഒരാളല്ല ഇപ്പോള്‍ ഒരുപാടു പേരുണ്ട്.. ഒരു വിളിപ്പാടകലെ.. "
അത് എനിക്ക് തന്ന ഒരു താക്കീത് ആയിരുന്നു.. അവള്‍ ഇന്നു ലോകം ഒരുപാടു കണ്ടിരിക്കുന്നു.. ഞാന്‍ വല്ലാതെ ഭയപ്പെട്ടു.. എറണാകുളത്തെ ഫ്ലാറ്റില്‍ അവളെ എത്തിക്കുമ്പോള്‍ അവളുടെ ബോധം നന്നെ നശിച്ചിരുന്നു.. അവളെ സ്വീകരിക്കാന്‍ വന്നവര്‍ എന്‍റെ കയ്യില്‍ നിന്നും അവളുടെ ബാഗും അവളെയും വാങ്ങി.. അവര്‍ നടന്നകന്നു അവളെയും കൊണ്ട്.. മനുഷ്യന്റെ തോളില്‍ ചാരിക്കിടന്ന അവള്‍ എന്നെ നോക്കി ചിരിച്ചു... എനിക്ക് അവളെ വേണം... ഞാന്‍ തീരുമാനിച്ചു.. അവര്‍ നാലഞ്ചുപേര്‍ ഉണ്ടായിരുന്നു.. ഞാന്‍ ശ്രമിച്ചു നോക്കി... ഓര്മ്മ വീണ നിമിഷം ഞാന്‍ ഏതോ ആശുപത്രിയില്‍ ആയിരുന്നു.. പലവട്ടം പലയിടത്തും ഞാന്‍ അവളെ തേടി നടന്നു.. ഓര്‍മ്മകളുടെ നല്ല നാളുകള്‍ സമ്മാനിച്ച മാനത്തുകണ്ണിയെയും തേടി....

2 comments:

  1. Not bad. But long way to go.. Continue writing..

    ReplyDelete
  2. kollam nalla shyli. vikaara poornamaaya ezhuthu.
    vaayanakkarane oru nimisham polum boar adippikaathirikkan nalla reethiyil shramichittundu.

    But chila crucial points valare lagavathode avatharippikkunnu. Eg. kolkatayil avale kaanan poyathum pettennu kandu muttunnathum. Athu kurachu koodi sradhayode aalochichu cheyanamaayirunnu.

    Pinne bhoomikku meethe koodi puzha ozhukunnu enna prayogam aadyam aayi kelkuvaanu..

    "Nattile nunakkathakalku swarna pandangalekaal vila" enthanu udheshichatu ennu manasilaayilla.

    ReplyDelete

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...