Wednesday, October 28, 2015

ആലു,ഒരു സിറിയൻ ബലിക്കഥ


കഥാപാത്രങ്ങള്‍.
----------------------
:മന: - ഉപബോധ മനസ്.
ബോ:മന: -ബോധ മനസ്.
യമ : -യമൻ 

:മന: - "ആലൂ ,ഒന്നു വേഗം ഉറങ്ങുന്നുണ്ടോ നീ.. ? എനിക്ക് പോണം.. "

ബോ:മന: -"എവിടേക്ക് ..?  ..എനിക്ക് ഭയങ്കരമായി വേദനിക്കുന്നു.. പോരാത്തതിന് മുഴുവനും നനഞ്ഞിരിക്കുന്നു...കണ്ണുകളില്‍ വല്ലാത്ത നീറ്റൽ ...ഹൊ ! എന്തൊരു വേദന ... സഹിക്കാന്‍ വയ്യ ...
കണ്ണിലെ ഇരുളിനുള്ളില്‍ എവിടെഒക്കെയോ ഒരു മിന്നല്‍പ്പിണര്‍ കാണുന്നുണ്ട്.. അവിടവിടായി ആരൊക്കെയോ ഒഴുകി നടക്കുന്ന പോലെ ... 
 ആരെല്ലാമോ നിലവിളിക്കുന്നുമുണ്ട് ."

:മന: -"വേണ്ടാത്തത് ഒന്നും  ആലോചിക്കണ്ട കുട്ടീ .. നീ  ഉറങ്ങിക്കൊളു‌..."

ബോ:മന: -"എന്താ ..ഇന്നിത്ര തിടുക്കം...? 
ഈ  വേദനയും പേറി എനിക്ക് ഉറങ്ങാനൊക്കില്ല "

:മന: -"അയ്യോ അങ്ങനെ പറയരുത് .. എന്നെകൊണ്ടുപോകാനായി  ഒരാള്‍ ദാ അവിടെ   നില്‍പ്പുണ്ട്...  അയാള്‍ക്ക്‌ ദേഷ്യമാവും..?"

ബോ:മന: -"ആരാണ്  അയാൾ... എവിടേക്ക് കൊണ്ടുപോകുന്നു..? അയാളെ ഇങ്ങു വിളിക്ക് ഞാന്‍ കേൾക്കട്ടെ .."

:മന: -"അയ്യോ അതു വേണ്ട ...കുട്ടി  ഒന്നുറങ്ങിയാല്‍ മതി.. ഞാന്‍ പൊയ്ക്കോളാം .."

ബോ:മന: -" അതെന്താ എന്നെ കണ്ടാല്‍ .. ?എവിടേക്ക് ...പോകുന്ന കാര്യമാണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല...

:മന: -"അ...അത് ..അതൊന്നുമില്ല. നേരം വൈകുന്നു ...ഒന്നു വേഗം ഉറങ്ങു‌..."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങില്ല...!!"

:മന: -" അതാ  അയാള്‍ വരുന്നു ദേഷ്യത്തിലാണല്ലോ..!!"

ബോ:മന: -"വരട്ടെ ഞാന്‍ ചോദിച്ചു നോക്കാം  .....!"

:മന: -"അയ്യോ  ഒന്നും വേണ്ട  ഒന്നുറങ്ങിയാൽ മതി  .."

ബോ:മന: -"താങ്കള്‍ ഇവരെ കൊണ്ടു പോകാന്‍ വന്നതാണോ?"

യമ : -"എന്ത് , കുട്ടി  എന്നെ കാണുന്നുണ്ടോ ..?"

ബോ:മന: -"കാണാം..!!

യമ : -"അത്ഭുതം..".!!

ബോ:മന: -എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.. നിങ്ങള്‍ ഇവരെ കൊണ്ടു പോകുമോ? "

യമ : -"ഉറപ്പായും കൊണ്ടു പോകും.. പക്ഷേ നിങ്ങള്‍ ഉറങ്ങണം..."

ബോ:മന: -"എന്തിന് ..?"

യമ : -"അത് നിന്നോട് പറയേണ്ട കാര്യമില്ല ..വേഗം ഉറങ്ങൂ..."

ബോ:മന: -"അതിന് എനിക്ക് കഴിയുന്നില്ല .. ഭയങ്കരമായി വേദനിക്കുന്നു ..

യമ : -"അതെല്ലാം നിങ്ങളുടെ തോന്നലാണ്.. ശ്രമിച്ചാൽ ഉറങ്ങാം  .."

ബോ:മന: -"ഇല്ല ..സത്യമായും വേദനിക്കുന്നു... ഈ ഇരുളിൽ  എനിക്ക് നിങ്ങള്‍ രണ്ടാളും ഒഴികെ മറ്റൊന്നും  കാണാന്‍ കഴിയുന്നുമില്ല..   "

യമ : -"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ,എനിക്ക് ഇയാളെ വേറൊരിടത്തു എത്തിക്കേണ്ടതായുണ്ട്..."

ബോ:മന: -"ഒന്നു ചോദിച്ചോട്ടെ എന്താ എന്നെ ഇത്ര വേദനിപ്പിക്കുന്നത്..? 
ഞാൻ എവിടെയാണ്..?"

യമ : -"നിങ്ങൾ തുർക്കിയിലെ ഒരു കടപ്പുറത്താണ്..."

:മന: -ശ്..ശ്.. പറയരുതേ .. പറഞ്ഞാല്‍ ചിലപ്പോള്‍ അതിനെപ്പറ്റി വീണ്ടും ചോദിക്കും .."

ബോ:മന: -"കടപ്പുറത്തോ ...? എന്തിന്..?അപ്പൊ വീട്ടിലല്ലേ..?  അപ്പൊ ഗാലി .. അവനെവിടെ ..?ഉമ്മ എവിടെ..? വാപ്പ എവിടെ?"

:മന: -"ഞാന്‍ പറഞ്ഞില്ലെ പറയരുതെന്ന് .. "

യമ : -" അത്...പിന്നെ ..കുട്ടിയിപ്പോ  അതൊന്നും ചോദിക്കണ്ട .. ഉറങ്ങു .. ഞങ്ങള്‍ക്ക് പോയിട്ട് ധൃതിയുണ്ട് ..."

ബോ:മന: -"അയ്യോ പോവല്ലേ വ്യക്തമായി പറയു‌.. എനിക്ക്  അറിയണം..അറിഞ്ഞേ ഒക്കൂ ...പറയു ദയവായി പറയു..."

:മന: -"അരുത്..പറയരുത്  അപകടമാണ്.."

യമ : -"എന്ത് അപകടം? എന്തായാലും അവൻ നിമിഷങ്ങൾക്കുള്ളിൽ  ഉറങ്ങും പിന്നെന്താ..?"

:മന: -"അറിയാതെ പോകുന്നതല്ലേ നല്ലത് കുഞ്ഞു മനസ്സ് വല്ലാതെ പിടയും ..?"


ബോ:മന: -"നിങ്ങൾ എന്താണ് പരസ്പരം മന്ത്രിക്കുന്നത് ...?എനിക്കൊന്നും മനസ്സിലാകുന്നില്ല .. ആഹ്...തല വേദനിക്കുന്നു .."

യമ : -"ഉറങ്ങൂ വേഗം ഉറങ്ങൂ..വെദനിക്കതിരിക്കനമെങ്കിൽ ഉറങ്ങിയെ ഒക്കു "

ബോ:മന: -"എന്‍റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കില്‍ ... ശ്രരമിച്ച്ചിട്ടും കഴിയുന്നില്ലല്ലോ..?"

യമ : -"ഹാ ..അതിനൊന്നും ഇനി ശ്രമിക്കണ്ട കുട്ടീ... പ്രതീക്ഷകൾ വറ്റിയ  അവസ്ഥയാണ് .. "

ബോ:മന: -"ഇനിയിപ്പോ..?   "

യമ : -"ഉറങ്ങണം അതാ ഒരു വഴി..."

ബോ:മന: -"ഹൊ ..ഒന്നു ചോദിച്ചോട്ടെ..? എനിക്ക് എന്ത് സംഭവിച്ചു എന്ന് ഒന്നു പറയാമോ..?"

യമ : -" അത് പറഞ്ഞാല്‍ നിങ്ങള്‍ ഉറങ്ങില്ല ...നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോകാന്‍ കഴിയുകയില്ല.."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങാം ...ഒന്നു പറയൂ..."

യമ : -"ഒരു ബോട്ട് അപകടത്തില്‍പ്പെട്ടു നിങ്ങൾ കടലിൽ വീണു...നിങ്ങളുടെ ശ്വാസം നിലച്ചു കൊണ്ടിരിക്കുന്നു ...ഇനി നിങ്ങള്‍ക്ക് ഒന്നു അനങ്ങാന്‍ കൂടി കഴിയില്ല.."

ബോ:മന: -"ഞാന്‍ മരിച്ചു പോകുമോ..?"

:മന: -"ശ്..ശ്.. അത് പറയരുത് .. നോക്കു  അവന്റെ കണ്ണുകള നിറയുന്നുണ്ട്... അവനു ഒന്നും അറിയില്ല ..അവനെ ഭയപ്പെടുത്തരുതെ.."

ബോ:മന: -"പറയൂ.. ഞാന്‍ മരിച്ചു പോകുമോ..?"

യമ : -"അത് ... അത് .. അ..... ഇല്ല നിങ്ങളൊന്നു ഉറങ്ങൂ.."

ബോ:മന: -"എന്തിന് നുണ പറയുന്നു..?  "

യമ : -"നുണയൊന്നുമല്ല ... വേഗം ഉറങ്ങാനല്ലേ പറഞ്ഞത്.."

ബോ:മന: -"എനിക്കറിയാം  ഞാൻ മരിച്ചു പോകും..ഉസ്ക്കൂളിലെ  ആമിനേടെ വാപ്പ  മരിച്ചപ്പോ ആമിന നിലവിളിച്ചത് ഞാൻ ഓർക്കുന്നുണ്ട് ....ഞാൻ മരിച്ചാൽ  എന്‍റെ അമ്മ നിലവിളിക്കില്ലേ  ..?അച്ഛന്‍ കരയില്ലേ ..? ഗാലി അവൻ കരഞ്ഞാൽ എനിക്ക് സഹിക്കില്ല ..."

യമ : -" അത് ഞാന്‍ അറിയേണ്ട കാര്യമല്ല.. ഞാൻ വാക്കു പാലിച്ചു  ഇനി നിനക്ക്  ഉറങ്ങാം.. എനിക്ക് സമയമില്ല..."

:മന: -"നിങ്ങള്‍ക്ക് മനുഷ്യത്ത്വമില്ലെ ..?"

യമ : -"ഇല്ല... എനിക്ക് എന്‍റെ കര്‍ത്തവ്യമാണ് പ്രധാനം...ഇത്ര സമയം ഞാന്‍ ഒരാള്‍ക്ക്‌ വേണ്ടിയും ചിലവാക്കിയിട്ടില്ല..."

ബോ:മന: -"ഞാന്‍ ഒരു കുട്ടിയല്ലേ..?നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നോട് ഇങ്ങനെ പറയാൻ ..?"

യമ : -"ഒന്നു മനസ്സിലാക്കൂ ഞാന്‍ ചെയ്യുന്നത് എന്‍റെ കര്‍മ്മമാണ്‌..."

ബോ:മന: -"ഞാന്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ...അമ്മ ഊട്ടിത്തരുന്ന നെയ്യ് റൊട്ടി കഴിക്കാൻ  കൊതി ആയിട്ടു വയ്യ...അമ്മയുടെ മടിയില്‍ ഒന്നുടൊന്നു തല വച്ചു ഉറങ്ങണം എന്നുമുണ്ട് ആഗ്രഹം.. ക്ലാസില്‍ ആമിനെടെ  പെന്‍സില്‍ എന്‍റെ ബാഗിലാണ് അത് തിരികെ കൊടുത്തിട്ടില്ല...പള്ളിയുടെ അടുത്തു ഓക്ക് മരത്തിൽ പുലരിക്ക് കിളി ചിലയ്ക്കുമ്പോള്‍ അതിനെ കാണാൻ എന്നും ശ്രമിക്കാറുണ്ട് ...കഴിഞ്ഞിട്ടില്ല ... "

യമ : -"ഒന്നു നിറുത്തു‌...!! ഇതൊന്നും എന്നോട്  പറഞ്ഞിട്ട് കാര്യമില്ല... നിങ്ങള്‍ ഉറങ്ങിയേ പറ്റു...നിങ്ങള്‍ വാക്കു തന്നതാണ് ഉറങ്ങാം എന്ന്...നോക്ക് അവര്‍ കരയുന്നു.. അവരെ കരയിക്കരുത്.. "

ബോ:മന: -"അവര്‍ക്ക് മനുഷ്യത്ത്വമുണ്ട് ...നിങ്ങള്‍ക്ക് അതില്ല..."

യമ : -"മനുഷ്യന്‍ അല്ലാത്ത ഞാന്‍ എന്തിന് മനുഷ്യത്ത്വത്തെപ്പറ്റി ചിന്തിക്കണം...? ഇത്‌ എന്‍റെ കര്‍മ്മം ആണ് കുട്ടീ ...പലപ്പോഴും ഈ അവസ്ഥയില്‍ ഞാന്‍ മാറി  നില്‍ക്കാറാണ് പതിവ്....ഇവിടെ , ആലൂ , നിന്റെ  അവസ്ഥ കണ്ടു ഞാന്‍ വിഷമിച്ചു പോയി.."

:മന: -"അതിനെ ഞങ്ങള്‍ പറയുന്നതു മനുഷ്യത്ത്വം എന്നാണ്.."

യമ : -"ഓഹോ, എനിക്ക് ഇനി ഒന്നും പറയണം എന്നില്ല..ഞാന്‍ മാറി  നില്‍ക്കാം നിങ്ങള്‍ ഉറക്കിയിട്ട്‌ വരൂ.."

ബോ:മന: -"നോക്കു ഒരു നിമിഷം.."

യമ : -"വേണ്ട എന്നെപ്പറഞ്ഞിട്ടു കാര്യമില്ല ...ഞാന്‍ പറഞ്ഞില്ലേ...ഇത്‌ എന്‍റെ കര്‍മ്മം ആണ്..സിറിയൻ കടൽ ചുവപ്പണിഞ്ഞിട്ടു ഇന്ന് നാളുകൾ ഏറെയായി... അനദുരിതം പോലെ ഞാനും ഈ കടപ്പുറത്ത് അലഞ്ഞു നടക്കുകയാണ്..എത്ര പേരാണെന്നോ ഈ കടൽക്കരയിൽ വന്നടിയുന്നത്..എന്തിനുവേണ്ടിയാണ് ഈ യുദ്ധം... ഹോ... മടുത്തു . "

ബോ:മന: -"നിങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് .."

യമ : -"ഞ് ഞാ ..ഞാന്‍ പുറത്തു നില്‍ക്കാം..വേഗം ഉറങ്ങൂ "

ബോ:മന: -"എന്‍റെ ജീവന്‍ തന്നിട്ട് പോയ്ക്കൂടെ.. എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അമ്മയെക്കണ്ട്,അച്ഛനെക്കണ്ട്, കൂട്ടുകാരെക്കണ്ട് ഒന്നും..ഒന്നും.. "

യമ : -"നിങ്ങള്‍ കരയരുത്.. കരഞ്ഞാല്‍ ചിലപ്പോള്‍ ഉറക്കം നഷ്ട്ടമായേക്കും..നോക്കു , നിങ്ങൾ ഒന്നു പറയ‌ൂ.... 
ഞാന്‍ പുറത്തു നില്‍ക്കാം.."

:മന: -"ഞാന്‍ പറഞ്ഞതല്ലേ..ഒന്നും പറയണ്ട  എന്ന്..  ..!!"

യമ : -"ആ മുഖം കണ്ടാല്‍ ആര്‍ക്കാണ്  മിണ്ടാൻ തോന്നാത്തത് ..എന്തൊരു ഓമനത്തമാണ്  ആ മുഖത്ത് ...നിങ്ങളെ ഇവിടെ വിട്ടിട്ടുപോകണം എന്ന് അവനെക്കാള്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട് ..ഇവിടെ വന്നടിയുന്ന 

എത്രപേരെ തിരികെ വിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നറിയാമോ..?എത്ര കുഞ്ഞുങ്ങൾ ... ആ മുൻപ് പറഞ്ഞില്ലേ ... ഗാലി... അവനും... ..!!

:മന: -ശ്...ശ്... ഒന്നു വെറുതെയിരിക്കു ...

യമ : - മ് ..പക്ഷേ, ഒന്നറിയൂ ,എനിക്ക് ആഗ്രഹിക്കാനേ കഴിയൂ..
ഞാന്‍ അല്ലെങ്കില്‍ വേറൊരാള്‍ ...ഇതു എഴുതപ്പെട്ടതാണ്...
ശരി, ഞാന്‍ പുറത്തു നില്‍ക്കാം..നിങ്ങൾ സംസാരിക്കൂ എന്നിട്ടു വേഗം വരൂ... "

ബോ:മന: -" പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ അല്ലെ..? 
ഒന്നു നിന്നൂടെ എന്നോടൊപ്പം...? "

:മന: -"ആലൂ ...ഇതൊരാകർഷണമാണ് .. ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന  ഒരു ആകര്‍ഷണം... പോകാതെ നിവര്‍ത്തിയില്ലല്ലോ കുട്ടി ..."

ബോ:മന: -"അപ്പോള്‍ ഞാന്‍ ഉറങ്ങിയെ പറ്റു അല്ലേ..?"

:മന: -"അതെ.. "

"ശരീരത്തിന്‍റെ വേദനകള്‍ എല്ലാം മാറിയിരിക്കുന്നു...എന്തോ ഭാരമില്ലത്തപോലെ .."

:മന: -"അങ്ങനെയല്ല,   .. ശരീരം എന്നെ യാത്ര അയയ്ക്കാന്‍ ഒരുങ്ങുകയാണ്..."

ബോ:മന: -"ഒന്നു ചെയ്യാമോ..?പലപ്പോഴും ഉറങ്ങുമ്പോള്‍ പല കഥകളും സ്വപ്നത്തില്‍ കാട്ടിയിട്ടില്ലെ ..?
ഒരിക്കല്‍ ...ഒരിക്കല്‍ മാത്രം എനിക്ക് എന്‍റെ ഉമ്മയെയും ഗാലിയെയും വാപ്പയേയും  ഒന്നു കാണിച്ചു തരൂ... അത് കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങാം..."

:മന: -"ശരി ഞാന്‍ കാണിക്കാം.. ദാ കണ്ടോളു‌.."

ബോ:മന: -"  ഉമ്മാ  ഞാനാ ..ഉമ്മാ .. നോക്കു മ്മാ ... 
ഗാലീ ... എനിക്ക് കരച്ചിൽ വരുന്നെടാ ... എന്തിനും കൂടുണ്ടാവും  എന്നു പറഞ്ഞിട്ട് ... ഗാലീ 
വാപ്പാാ ..  ...ഉമ്മാ ഒന്നു നോക്കു‌.. ഉമ്മാ........."

:മന: -"അയ്യോ..ഇങ്ങനെ  കരയരുതേ ഉറക്കം നഷ്ടമാവും.."

ബോ:മന: -  ഗാലി  നോക്കുന്നില്ല... ഉമ്മ നോക്കുന്നില്ല ... എനിക്ക്  ആരുമില്ല... എന്നോട് മാത്രം എന്തിനാ  ഇങ്ങനെ..?ഞാൻ  എന്തു  തെറ്റു ചെയ്തു..?

:മന: -"തെറ്റ് നിന്റെതല്ല കുട്ടീ... ഈ ലോകത്തിന്റെതാണ്... കൂട്ടിന് ദൈവവും.. നീ കരയല്ലേ "

ബോ:മന: -"ഇല്ല കരയില്ല,.. എനിക്ക് ഉറക്കം വരുന്നു... ഞാൻ  ഉറങ്ങുമ്പോള്‍ ഉമ്മ തലയില്‍ തലോടാറുണ്ട്... എന്നെ ...  എന്നെ ഒന്നു തലോടിക്കൂടെ ..?"

:മന: -"ഓ അതിനെന്താ..? ഉറങ്ങിക്കോ.."

ബോ:മന: -"ഇനി നമ്മള്‍ തമ്മില്‍ കാണോ..? "

:മന: -"അറിയില്ല കാണാന്‍ സാധ്യത കുറവാണ്..."

ബോ:മന: -" എനിക്ക് തോന്നുന്നു കാണുമെന്ന്...!!"

:മന: -"എനിക്കും...!! "

ബോ:മന: - ആ .നല്ല തണുത്ത കാറ്റ് "

:മന: -"അത് തുർക്കി കടലിന്റെ നനുത്ത കണ്ണുനീരാണ് "

ബോ:മന: -"തലോടലിനു അതേ സുഖം തോന്നുന്നു...ഉമ്മയുടെ തലോടല്‍ പോലെ...   "

:മന: -"കണ്ണുകള്‍ നനയിക്കാതെ ഉറങ്ങു‌....ആരാരോ.....ആ...രാരീരാരോ..ആരാരോ.....ആ...രാരീരാരോ"



ആലു എന്ന "അലൻ കുർദി" എന്ന ബാലന്റെ മൃത ദേഹം 2015 സെപ്റ്റംബർ  4 ന്  തുർക്കി കരക്കടിഞ്ഞു... അവന്റെ ആത്മാവിനെ  ലോകം കണ്ണുനീർ ചാലിച്ച് യാത്രയാക്കി... സിറിയയിൽ ഇന്നും യുദ്ധം തുടരുന്നു...ഒരായിരം പേർ ചത്തൊടുങ്ങുന്നു ..ഒരു തീരാക്കഥ പോലെ...
ആർക്കു വേണ്ടിയാണ്...ഈ യുദ്ധം ദൈവത്തിനോ ..? മതത്തിനോ ....? അതോ ഇത് രണ്ടിനെയും  നയിക്കുന്ന മനുഷ്യനോ...?







Wednesday, March 05, 2014

അയാൾ (06/03/2014 )

വീണു കിട്ടിയ ഈരടികളിൽ ചുവടുറപ്പിച്ചു ശ്രദ്ധാപൂർവം അയാൾ പാടിത്തുടങ്ങുമ്ബോൾ ഞാൻ അറിയാതെ നോക്കി, ഒരു കുടുംബത്തിന്റെ വിശപ്പിൽ ഉണ്ടായ സംഗീതം , അതിന്റെ രാഗം ഹിന്ദോളമോ കല്യാണിയോ ആനന്ദഭൈരവിയോ അല്ല.. "പച്ചയായ ദാരിദ്ര്യം", താളം "ആത്മവിശ്വാസവും"... പാട്ടു തീർന്ന ശേഷം അയാൾ ആൾക്കാർക്ക് അടുത്തേക്ക് നീങ്ങി പലരും കാശുകൊടുത്തു ഒടുവിൽ എന്റെ മുന്നിലും അയാൾ വന്നു, ഞാൻ ഒരു പത്തുരൂപ നീട്ടി ..."വളരെ നന്നായിട്ടുണ്ടായിരുന്നു കേട്ടോ.." ഞാൻ പറഞ്ഞത് അയാൾ ചെവിക്കൊണ്ടില്ല. ആർത്തിയോടെ ആ മനുഷ്യൻ അത് വാങ്ങി ഒരു സലാം വച്ചു കടന്നു പോയി . ഒരുപക്ഷെ പ്രശംസ അയാൾ ആഗ്രഹിക്കുന്നുണ്ടാവില്ല, അതല്ലെങ്കിൽ അയാൾക്ക് ഇതൊരു പതിവായിരിക്കും, എന്തായാലും കുറച്ചു നേരം ഞാൻ മറ്റൊന്നും കേട്ടില്ല, അതൊരു തിരിച്ചറിവായിരുന്നു,
നിറഞ്ഞ മനസോടെ, പതിവുപോലെ ഞാൻ ആ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ തിരക്കേറിയ ശബ്ദത്തിലേക്കു അലിയാൻ തുടങ്ങി...

Saturday, November 16, 2013

എന്‍റെ വിവാഹം(Nov 13 2013)

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം, പുണ്യം നെറുകയില്‍ ചൂടി അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഈശ്വരന്‍ സാക്ഷിയായി, തുലാവര്‍ഷം സാക്ഷിയായി , കത്തുന്ന ദീപം സാക്ഷിയായി, ബന്ധു ജനങ്ങള്‍ സാക്ഷിയായി ,ഞാന്‍ അവളെ ധനുരാശി മുഹൂര്‍ ത്തത്തില്‍ താലിചാര്‍ത്തി .
വന്നനുഗ്രഹിച്ച ഒരു നിമിഷമെങ്കിലും എനിക്കായി മാറ്റിവച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,ബന്ധു ജനങ്ങള്‍ക്കും 
ഒരായിരം നന്ദി...

Tuesday, April 23, 2013

യേശു പറയാന്‍ മറന്ന ഗലീലിയന്‍ രഹസ്യം Part-1



നിനക്കു മുന്നില്‍ ആയിരം തിരികള്‍ തെളിക്കാം ,നിന്നെ വാഴ്ത്താന്‍ കാനോന്‍ സൂക്തങ്ങള്‍ ആലപിക്കാം.നിന്‍റെ ബോധത്തിലെ പാപിയായ മനുഷ്യരില്‍ ഒരുവനായ ഞാന്‍, അത്യഥികം ഹൃദയവ്യഥയോടെ ചോദിച്ചു കൊള്ളട്ടെ...
നീ ഞങ്ങളെ ക്ഷമിക്കുവാന്‍ പഠിപ്പിച്ചോ..?
നീ ഞങ്ങളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചോ..?
നാല്‍പ്പതുനാള്‍ മഞ്ഞുമൂടിയ ഗലീലിയ കടലില്‍ നീ ദൈവവുമായി സംവദിക്കുമ്പോള്‍ നിന്‍റെ വിയോഗത്തെ ചൊല്ലി, നിനക്കായുള്ള പ്രാര്‍ത്ഥനകളുമായി ഞാന്‍ കടല്ക്കരയിലുണ്ടായിരുന്നു..
കടല്‍ നീന്തി നിനക്കരികിലേക്ക് എത്താന്‍ ഞാനും ശ്രമിച്ചതാണ്.. നിന്‍റെ പ്രഥമ ശിഷ്യരേ ആ ഉദ്യമത്തില്‍ പരാജയപ്പെട്ടതോടെ എന്‍റെ ആവേശം നിലച്ചു.. അവര്‍ക്കു എതാനാകത്തിടത്തു ഞാന്‍ എങ്ങനെ എത്തും..?
എന്നാല്‍ കുറച്ചുമാറി പൊക്കമുള്ള പാറക്കൂട്ടത്തിനു മുകളില്‍ കയറിയപ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു.. നിങ്ങള്‍ മൂന്നുപേര്‍...!! ഒറ്റ നോട്ടത്തില്‍ എന്‍റെ മനസ് മന്ത്രിച്ചു അതിലൊന്ന് ദൈവമാണെന്ന്.കാരണം നീ അരുളിചെയ്തിരുന്നല്ലോ, ഒരുനാള്‍ നിനക്കായി വരുമെന്നും അന്നു നീ ദൈവത്തോട് വീണ്ടും സംസാരിക്കുമെന്നും...!!
 നിങ്ങള്‍ ഒരുപാടു അകലെ ആയിരുന്നു. മഞ്ഞുകൊണ്ട് ചുറ്റുപാടും മൂടപ്പെട്ടിരുന്നു.. എനിക്കുമുന്നില്‍ എവിടെ നിന്നോ ഒരു മഞ്ഞ വെളിച്ചം രൂപാന്തരപ്പെട്ടിരുന്നു.അതൊരു കുഴല്‍ വട്ടം പോലെ തോന്നിച്ചു.അതിലൂടെ നീളമുള്ള കുഴലിലൂടെന്ന പോലെ നിങ്ങള്‍ മൂവരെയും ഞാന്‍ കണ്ടു.
നിങ്ങള്‍ പറയുന്നത് വ്യക്തമായി കേട്ടു.
നാല്‍പതു നാളുകള്‍ക്കു ശേഷം തിരിച്ചെത്തിയ നീ ദൈവത്തെ കണ്ടുമുട്ടിയത്‌  അതീവ ഉത്സാഹത്തോടെ ഒരു പിഞ്ചു ബാലന്‍ കണക്കെ പറഞ്ഞു നടന്നത് ഞാന്‍ ഓര്‍ക്കുന്നു.എന്നാല്‍ പ്രഥമ ശിഷ്യനായ ശിമയോന്‍(പത്രോസിനോട്) പോലും നീ ചെകുത്താനെ കണ്ട വിവരം പറഞ്ഞിരുന്നില്ല.
നീ ദൈവപുത്രന്‍ ആയിരുന്നു.... എന്നിട്ടും അത് പുറത്തു പറയാന്‍ നീ ഭയപ്പെട്ടു.  അത് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ചര്‍ച്ചചെയ്ത പല വിഷയങ്ങള്‍ക്കും മാനുഷികമായ തീര്‍പ്പുകള്‍ ഉണ്ടാകുമായിരുന്നു.
നിന്‍റെ കാലശേഷം ഇന്നിതാ രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, നിങ്ങള്‍ ചര്‍ച്ചചെയ്ത യുദ്ധങ്ങള്‍ ഇന്നും തീരാതെ നില്‍ക്കുന്നു.
അന്നു നിങ്ങള്‍ ചര്‍ച്ചചെയ്ത അതേ കാരണം ഇന്നും അതുപോലെ നില്‍ക്കുന്നു..!!
“ജനിക്കാന്‍ പോകുന്നു എന്നവകാശപ്പെടുന്ന ദൈവവും,
ജനിച്ചു എന്നവകാശപ്പെടുന്ന ദൈവവും...!!”
നിങ്ങളുടെ ചര്‍ച്ചയില്‍ ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്...നിനക്കും നിന്‍റെ പിതാവിനും വേണ്ടി മരിക്കുന്നവരുടെ കണക്കെടുപ്പ്...!!!
പ്രിയനേ, നിങ്ങള്‍ ഇരുവര്‍ക്കും സന്തോഷിക്കാം,അത് കൂടിയിട്ടേ ഉള്ളൂ...!!
ഗലീലിയയിലെ നിങ്ങളുടെ നാല്‍പ്പതു നാള്‍ ചര്‍ച്ചയെ ഞാന്‍ ഒന്നു വിലയിരുത്തുന്നു...
എന്നോടു ക്ഷമിക്കുക...!!
എന്തെന്നാല്‍, എന്‍റെ ബോധം ഇന്നത്‌ ആവശ്യപ്പെടുന്നു...എന്‍റെ മുന്നില്‍ മരിച്ചു വീണ ആറു വയസ്സ് പ്രായമുള്ള പെണ്‍കിടാവിന്‍റെ കൃഷ്ണമണികളില്‍ നിന്നെ ഞാന്‍ കണ്ടു.. കുരിശുമരണം വരിച്ചു കിടന്ന നേരം നീ നിന്‍റെ പിതാവിനോടു വിളിച്ചോതിയ വാക്കുകള്‍ പൊള്ളയായിരുന്നില്ലേ...? നിനക്കും നിന്‍റെ പിതാവിനും അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ലല്ലോ..
എന്നിട്ടും എന്തിനുവേണ്ടി..?
മരണസമയം നീ പുഞ്ചിരിച്ചുവോ..? എന്‍റെ മുന്നില്‍ കിടന്ന ആ പെണ്‍കുട്ടി പുഞ്ചിരിച്ചിരുന്നു.
അവള്‍ മരിച്ചത് നിനക്കുവേണ്ടിയാണ്...!!
ഇതാ നിന്‍റെ വിപ്ലവം വിജയിച്ചിരിക്കുന്നു...!!
ഞാനും നിന്നെ സ്തുതിക്കുന്നു..!!
ഇന്നിതാ ന്യായത്തിന്‍റെ ത്രാസിലെ ഒരു പടിയില്‍ നിന്നെയിരുത്തുന്നു, നിന്നെ ഞാന്‍ ന്യായവിസ്താരം നടത്താന്‍ തുടങ്ങുന്നു.. നിനക്കു പ്രതികരിക്കാം... പങ്കുചേരാം... ഞാന്‍ അത് പ്രതീക്ഷിക്കും.. എന്തെന്നാല്‍ ഈ വിസ്താരത്തിനൊടുവില്‍ ഞാന്‍ നിന്ന്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ടാകും. ഒരിക്കല്‍ നീ നിന്‍റെ പിതാവിനോടു ചോദിച്ച അതേ ചോദ്യം,
“എന്തിനു ദൈവമേ.... ഇത്രമാത്രം മരണം...?”
അന്ന് ഒരു നാണയത്തിന്‍റെ ഇരട്ടവശം എന്ന ന്യായത്തില്‍ പെടുത്തി നിന്‍റെ പിതാവ് മരണത്തെ വ്യാഖ്യാനിച്ചു...
അതിന് “രക്തസാക്ഷിത്വം” എന്നും “പരിത്യാഗം” എന്നും പേരുകള്‍ നല്‍കി...
നിന്നെ രക്തസാക്ഷിത്വത്തിനും, കുന്നിന്‍മുകളിലിരുന്നു കാനോന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന യോഗികളെ പരിത്യാഗത്തിനും വിട്ടുകൊടുത്തു.
ആദ്യം മുട്ടിപ്പായി പ്രാര്‍തിച്ച ജോണ്‍സ്റ്റോണിന്‍റെ മുട്ടുകളില്‍ നിങ്ങള്‍ ഗോതമ്പ് വിളയിച്ചു...അയാള്‍ക്കുള്ള പരിത്യാഗം...!!
ഞാന്‍, നിന്‍റെ  രക്തസാക്ഷിത്വം കഴിഞ്ഞതുമുതല്‍, നിനാക്കയുള്ള മരണങ്ങളുടെ കണക്കെടുപ്പ് നടത്തി. അതില്‍ ഉരുവായ ഹൃദയവ്യഥയാണ് പ്രിയ പ്രഭുവേ, നിന്നെ ന്യായത്തട്ടില്‍ കയറ്റി നിറുത്തിയ സത്യം...

അന്നു നിന്നോടൊപ്പം മഞ്ഞുപാളികള്‍ക്കിടയില്‍ നീണ്ട താടിയുള്ള ഒരാള്‍ ഉണ്ടായിരുന്നു, ആ മുഖത്തെ പ്രസാദം അത് നിന്‍റെ പിതാവെന്നു തോന്നിച്ചു.
തൊട്ടടുത്തായി അതീവ സൌന്ദര്യമുള്ള വെള്ളിക്കണ്ണോടുകൂടിയ പുഞ്ചിരുതൂകിനിന്ന ഒരാളെയും ഞാന്‍ കണ്ടു..വല്ലാത്ത ആകര്‍ഷണമായിരുന്നു ആ മുഖത്തിന്...നിങ്ങളുടെ പരസ്പര സംഭാഷണങ്ങളില്‍ നിന്നും ഞാന്‍ അറിഞ്ഞു. അതായിരുന്നു “ചെകുത്താന്‍” എന്ന്.
നിന്‍റെ രക്തസാക്ഷിത്വം കൊണ്ടു സ്ഥാപിക്കപ്പെടുന്ന കത്തോലിക്ക സഭയില്‍
നിനക്കായി സൂക്തങ്ങള്‍ ആലപിക്കപ്പെടും നിന്നിലൂടെ അവയെല്ലാം എന്നിലേക്ക്‌ വന്നണയും...നിന്‍റെ പിതാവ് ആഗ്രഹിച്ചതും അതു തന്നെ..
നിന്‍റെ ശിഷ്യന്മാര്‍ എങ്ങനെയൊക്കെ മരിക്കുമെന്ന് വ്യക്തമായി നിനക്കു പറഞ്ഞു തന്നില്ലേ.?
പത്രോസിനു തലകീഴായി കുരിശു മരണവും, യാക്കോബിന് ശിരഛേദവും ഫിലിപ്പോസിനു കുരിശില്‍ കെട്ടി കല്ലെറിഞ്ഞു മരണവും,ബര്‍ത്തലോമിയോവേ ജീവനോടെ തൊലിയുരിച്ചും,ശിമയോന്‍ വാളുകൊണ്ടും യുദാതദേവൂസ് മര്‍ദ്ദനമേറ്റും, മത്യാസ് കോടാലികൊണ്ട്‌ ശിരസു പിളര്‍ന്നും, യൂദാസ് അത്തിമരത്തില്‍ തൂങ്ങിയും മരിക്കും... മത്തായിയുടെ മരണം നിന്‍റെ പിതാവ് മറന്നിരുന്നു... ഇതു പറഞ്ഞപ്പോള്‍ നീ വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു... നീ ചെയ്യുന്നത് ശരിയാണോ എന്നു.
ജനിച്ചാല്‍ മരിച്ചേ ഒക്കൂ എന്നത് ലോക നിയമം...അതിനായി ഈ വഴികള്‍ വേണമോ എന്നു നീ ചോദിച്ചനേരം ഞാന്‍ വല്ലാതെ നിന്നെ ഇഷ്ടപ്പെട്ടുപോയി..നിന്‍റെ കുരിശുമരണം എഴുതപ്പെട്ടതാണെന്നും, നിന്നിലൂടെ നിന്‍റെ പിതാവിന്‍റെ സ്തുതിപാടകരെ കൂട്ടണമെന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ അടുത്തിരുന്ന ചെകുത്താന്‍ ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു... പഴയ അതേ ലൂസിഫര്‍...!! ദൈവത്തിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍...!!
(തുടരും....)

Tuesday, March 26, 2013

അവസാന കാമുകിക്കെഴുതിയ ആദ്യത്തെ കത്ത്.


"ജീവിതം യവ്വന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും
ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെഎന്‍റെ പ്രിയസുഹൃത്ത്  എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്‍റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഒരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്, സാറാമ്മയോ..?
ഗാഡമായി മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍നായര്‍...."

ഇത്രയും താളാത്മകമായി ഒരു കാമുകനും ഒരു കാമുകിക്കും കത്ത് എഴുതിയിട്ടുണ്ടാവില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.ആയതിനാല്‍ ആദ്യം ഈ സുവര്‍ണ ലിപികള്‍ പിറന്ന കൈക്കുടമ ശ്രീമാന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന് അദ്ദേഹത്തിന്‍റെ രീതിയില്‍ തന്നെ ഒരു "സ്റ്റൈലന്‍ സലാം"

പ്രിയപ്പെട്ട സോണി,
ആദ്യമായാണ് ഞാന്‍ ഈ സാഹസത്തിനു മുതിരുന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്.
കണ്ടപാടെ ഇതു മൂന്നാം തവണയാണ്, ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി
"ടപ്പോ ടപ്പോ" എന്നു ഇടിക്കാന്‍ തുടങ്ങിയത്.
സ്വാഭാവികമായും ഞാന്‍ മൂന്നാമത്തെതാണല്ലേ എന്ന ചിന്ത നിന്നില്‍ ഉണ്ടാകാം.നീയൊരു പെണ്ണല്ലേ അതുണ്ടാകും..!! ഞാന്‍ പറയാം, നിന്നോടു എനിക്കൊന്നുംമറയ്ക്കാനാവില്ല, കാരണം എന്നെങ്കിലുംഒരിക്കല്‍ എന്‍റെ ഹൃദയം നിന്നോടു സംസാരിക്കുമ്പോള്‍ അതില്‍ ഞാനല്ലാതെ മറ്റാരാണ്‌ എന്നു നീ ഹൃദയത്തോട്ചോദിക്കാന്‍ പാടില്ലല്ലോ.. മറ്റു പൈങ്കിളി കാമുകന്മാരെപ്പോലെ ഞാന്‍ മുന്‍പു സ്നേഹിച്ച ആരെയും ഇന്നും ഹൃദയത്തില്‍ നിന്നും കഴുകിക്കളഞ്ഞിട്ടില്ല.
എന്‍റെ രണ്ടു പ്രണയങ്ങള്‍ നീ അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
പൂര്‍ണ മനസ്സോടെ നീയിതു കേള്‍ക്കുമല്ലോ,
ആദ്യപ്രണയം നേഴ്സറിയില്‍ പഠിക്കുമ്പോള്‍ കോണ്‍വെന്‍റു വരാന്തയില്‍ എന്നോടൊപ്പം ഇരുന്നു മഞ്ഞപ്പുട്ടു കഴിച്ചിരുന്ന ഗോലിക്കണ്ണുള്ള
അന്‍സു എം.എഫ് നോടായിരുന്നു
ആദ്യമായി ആനുവേഴ്സറിക്കു വേദിയില്‍ "പടിഞ്ഞാറേ കാണുന്ന കൊച്ചു വീട്... ഗോപുര മേടയില്ലാ...." എന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ അന്‍സു  തന്ന ചൂടു ചുംബനം ഒരു പുഞ്ചിരിയോടെയായിരുന്നു ഞാന്‍ ഏറ്റു വാങ്ങിയത്.
ആ കാലത്തു അതിനെ പ്രണയം എന്നു പറയാനുള്ള പ്രാഥമിക വിവരം ഇല്ലാത്തതിനാല്‍ ചുംബനം തന്നതിന്‍റെ പേരില്‍ ഞാനവളെ എന്‍റെ "ബെസ്റ്റ് ഫ്രണ്ട്" ആക്കി . ആറാം ക്ലാസ് വരെ അങ്ങനെ തന്നെ പോയി.അന്നും ഞാന്‍ ചുംബനക്കഥ അവളോടുപറയുമായിരുന്നു. ഒരിക്കല്‍ അവളുടെ മുഖത്ത് പതിവില്ലാത്ത ഭാവവ്യതാസം ഞാന്‍കണ്ടു. പതിയെ അവള്‍ എന്നില്‍ നിന്നും അകന്നു തുടങ്ങി.റീജടീച്ചര്‍ എട്ടിന്റെ എഞ്ചുവടി പറയാത്തതിനു ചൂരലിന് വീക്കുമ്പോള്‍ അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  അവള്‍ കരയാതിരിക്കാന്‍ ഞാന്‍ വേദന കടിച്ചമര്‍ത്തി ചിരിക്കുമായിരുന്നു. പിന്‍ബഞ്ചില്‍ കമഴ്ന്നിരുന്നു കരയുമ്പോള്‍ ഇടം കണ്ണിട്ടു അവള്‍ നോക്കുന്നത് എനിക്ക് എന്തൊരാശ്വാസംആയിരുന്നു.മഞ്ഞപ്പുട്ടു കിട്ടുമ്പോള്‍ ആയമ്മ അറിയാതെ എത്രതവണ ഞാന്‍ അവള്‍ക്കു പകുതി കൊടുത്തിട്ടുണ്ട്.
 ആദ്യമായിഅവള്‍തലചുറ്റിവീണദിവസം ഞാനാണ് റീജടീച്ചറിനോട് ആദ്യം വിവരം പറഞ്ഞത് ,അവളുടെ അച്ഛന്‍ വന്നു വിളിച്ചിട്ടു പോകുമ്പോള്‍ അവള്‍ക്കുവേണ്ടി കോണ്‍വെന്‍റിലെ രൂപക്കൂടിന് മുന്നില്‍ ഞാന്‍ മുട്ടിപ്പായി പ്രാര്തിച്ചില്ലേ?
എന്നിട്ടും എന്താണ് അവളെന്നോട് മിണ്ടാത്തത്? ഞാന്‍ വേദനയോടെ നടക്കുന്നത് കണ്ട  ഷാജിയാണ് എന്നോട് ആ മഹാ രഹസ്യം വെളിപ്പെടുത്തിയത്. "അന്‍സു വിന് ആറു ബി യിലെ ഫസ്റ്റ് റാങ്കുകാരന്‍ വിശാല്‍ ടി പി യുമായി ഫ്രണ്ട്ഷിപ്‌ ഉണ്ടത്രെ...!!!"
ആറുനാള്‍ മഞ്ഞപ്പുട്ടു കഴിക്കാതെ കളഞ്ഞുകൊണ്ട് ഞാന്‍ അവളോടു പ്രതികാരം വീട്ടി.പ്രിന്‍സിപ്പല്‍ വന്നു അവളെ ഡിവിഷന്‍ മാറ്റി പഠിക്കുന്ന പിള്ളാരെല്ലാം ഡിവിഷന്‍ എ പിന്നെ ബി അതിലും താഴെ സി. ഞാന്‍ ബിയില്‍ ഷാജി സിയില്‍ ഭീകരമായ നാടുനീക്കം...!!! ആദ്യമൊക്കെ ഒറ്റക്കിരുന്ന്‍ കരഞ്ഞിരുന്നു.പിന്നെ കാണാതായി..അതിന് ശേഷം അവള്‍ മിണ്ടിയിട്ടില്ല , ഞാനും മിണ്ടാന്‍ പോയില്ല.
ഒരിക്കലും എനിക്കു മുന്നില്‍ ആ ചിരിയുമായി അവള്‍ വന്നിട്ടില്ല.ഞാന്‍ തേടിപ്പോയിട്ടുമില്ല.

 പ്രിയപ്പെട്ട സോണി,എനിക്കു ആ പഴയ ഗോലിക്കണ്ണുള്ള കൂട്ടുകാരിയെ മറക്കാനാകില്ല അന്നും ഇന്നും.

രണ്ടാം പ്രണയം
പത്താംക്ലാസ്.
തലമൂത്തതിന്റെ അഹങ്കാര ത്തില്‍ പ്രായത്തിന്‍റെ എല്ലാ വിവരക്കേടുകളും പരീക്ഷിച്ചു നടക്കുന്ന കാലം, ക്രിക്കറ്റ്‌ തലയ്ക്കു പിടിച്ച് സ്റ്റാര്‍ കാര്‍ഡുകള്‍ വാങ്ങി കൂട്ടന്ന സമയം. മലയാളം മീഡിയം ഗവന്‍മെന്‍റ് സ്കൂള്‍ ആണ് സ്ഥലം.
ഇവിടെ ഉച്ചക്കഞ്ഞി ഫേമസ് ആയിരുന്നു. വീട്ടില്‍ നിന്നും ചോറ് കൊണ്ട് വന്നാലും ചൂട് പയറിട്ട കഞ്ഞീം കവര്‍ നാരങ്ങയും കഴിക്കാതെ പോകാറില്ല അതാണ്‌ പതിവ്.
ആണ്‍കുട്ടികള്‍ ഒരു വശത്തും പെണ്‍കുട്ടികള്‍ മറ്റൊരു വശത്തും ആയിരുന്നു സ്കൂളില്‍. പെണ്‍കുട്ടികളെ നേരില്‍ കാണുക വിരളമാണ്. സുന്ദരിക്കോതകള്‍
ടൂട്ടോറിയല്‍ കോളേജു വിട്ടു വരുമ്പോള്‍ നമ്മള്‍ ചിലര്‍ സമ്മര്‍ ചീപ്പൊക്കെ
യെടുത്ത് വെള്ളം നനച്ചു മുടി ചീകിയൊതുക്കി, ഇല്ലാത്ത മീശ ഉണ്ടെന്ന മട്ടില്‍ കോതിയൊതുക്കി കൈ രണ്ടും കെട്ടി, ഒരുകാലില്‍ ഭാരം കൊടുത്ത് കുന്തം പോലെ നില്‍ക്കും. കരിങ്കണ്ണി ഷീബ എന്നും ആക്കിച്ചിരിക്കും. ഷാജിയും എന്‍റെ ക്ലാസിലാണ്. അവന്‍ ഷീബയെ തെറി പറയും.
ആയിടയ്ക്കാണ് ജോക്കെര്‍ മിട്ടായി വിപണി കീഴടക്കിയത്. രാവിലെ വന്നാല്‍ ഒരു ജോക്കെര്‍ അത് പതിവായി.
അങ്ങനെ ഒരുനാള്‍ ഞാന്‍ജോക്കെര്‍ വാങ്ങാന്‍ തിരക്കില്‍ പെട്ടു നിന്നസമയത്താണ് പിന്നില്‍ നിന്നും ഒരു വിളി വന്നത്....."ശ്ശ്..ശ്" ഞാന്‍ തിരിഞ്ഞു നോക്കി.
ലക്ഷ്മി ഡി.എ ....!!!
(പത്തിലെ പേടിസ്വപ്നം തൊണ്ടയില്‍ഉണ്ട കുമാറിന്‍റെ കാമുകി.
അവള്ലാണ് സ്കൂളിലെ ഏറ്റവുംസുന്ദരി, ക്ലാസില്‍ അവളെപ്പറ്റി പല കഥകളും
ഞങ്ങള്‍ പറഞ്ഞുപരത്താറുണ്ട്. ഒരിക്കല്‍ കുമാര്‍ കേട്ടിട്ട് വന്നതില്‍ ഷാജിക്ക് കിട്ടിയ രണ്ടിടി ഹോ...!!! ഞാന്‍ ഒരിക്കലും മറക്കില്ല.പാവം അവന്‍ എന്നെ ഒറ്റിയില്ല.)
ഞാന്‍ഒന്നുസ്തംഭിച്ചു പോയി..എന്നെയാണോ ഞാന്‍ തിരക്കി. അവള്‍ തലയാട്ടി. ഞാന്‍ അമ്പരന്നു , ഈശ്വരാ കൊല്ലാനാണോ വളര്‍ത്താനാണോ?
ഞാന്‍ തിരക്കിനിടയില്‍ നിന്നും ജോക്കെര്‍റു മായി പുറത്തെത്തി. ഞാന്‍ തിരക്കി എന്താ? വിഷയം അവള്‍ക്കു ജോക്കെര്‍ മിട്ടായി വേണം.
ഒരിക്കല്‍ അജി ഇവള്‍ക്ക് മിട്ടായി വാങ്ങിക്കൊടുത്തതിനു കുമാര്‍ അവനെ കോമ്പസ് കൊണ്ടു കുണ്ടിക്ക് കുത്തിയത്ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ആ കണ്ണുകള്‍ കണ്ടാല്‍ ആരും സഹായിച്ചു പോകും.
പാവമായിരുന്നു ലക്ഷ്മി. ഞാന്‍ അവളുടെ കയ്യില്‍ നിന്നും കാശു വാങ്ങി കടയിലേക്ക് തിരിഞ്ഞപ്പോള്‍ കുപ്പി കാലി..!!
ലക്ഷ്മിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു. ആദ്യമായി ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"എന്നു ഇടിച്ചു തുടങ്ങി..
രണ്ടും കല്പിച്ചു ഞാന്‍ എന്‍റെ കയ്യിലെ ജോക്കെര്‍ മിട്ടായി അവള്‍ക്കു കൊടുത്തു.
അവള്‍ അതെടുത്ത ശേഷം നടന്നു നീങ്ങി കുറച്ചു ചെന്നശേഷം തിരിഞ്ഞു നോക്കി ഹോ...!! ഞാന്‍ വെയിലത്ത് വച്ചഈര്‍ക്കില്‍ ഐസ് പോലായി.
അന്ന് ക്ലാസ്സില്‍ എനിക്കു രാജകീയ വരവേല്‍പ്പ് ആയിരുന്നു. ഷാജി സംഭവം പാട്ടാക്കി.
ഡിവിഷന്‍ പത്തു  എച്ല്‍ നിന്നു വരെ എന്നെ കാണാന്‍ പലരും എത്തി.
ഞാന്‍ നോക്കിയിരുന്നത് കുമാറിന്‍റെ വരവായിരുന്നു.
വൈകീട്ടുവരെ കുമാര്‍ വന്നില്ല, ജനഗണമന പാടി സ്കൂള്‍ വിട്ടതും ഞാന്‍ ആദ്യം തന്നെ ടൂട്ടോറിയല്‍ കോളെജിലേക്ക് തിരിച്ചു.സ്കൂള്‍ ഗ്രൌണ്ട് കടന്നു വേണം ചെല്ലാന്‍.ഗ്രൌണ്ട് കടന്നു ഇടവഴിയില്‍ കയറിയപ്പോള്‍ ആറുപേര്‍ മുന്നിലും ആറുപേര്‍പിന്നിലും വളഞ്ഞു.എന്‍റെ ശ്വാസം നിലച്ചു.
മുന്നില്‍ കുമാര്‍..!! കയ്യില്‍ സൈക്കിള്‍ ചെയിന്‍..!!
ഞാന്‍ എന്തെങ്കിലും പറയും മുന്‍പേ അടിവീണു. തല്ലുകൊള്ളുമ്പോള്‍ നാഭിക്കു താഴെ കൈകൊണ്ടു പോത്തണമെന്നു ഷാജി പറഞ്ഞത് ഞാന്‍ ഓര്‍ത്തിരുന്നു. ഞാന്‍ കൈ നാഭിക്കു താഴെ ചേര്‍ത്തു പിടിച്ച് തറയില്‍ ചുരുണ്ട് കിടന്നു..
കൂടുതലും ചവിട്ടാണ്. നല്ല വേദന ഉണ്ടായിരുന്നു..അവസാനം കുമാര്‍ ദേഷ്യം തീര്‍ക്കാന്‍ തറയില്‍ കിടന്ന എന്‍റെ നേരെ മുള്ളി...!!!!
അത് വലിയ വാര്‍ത്തയായി.കുമാറിന് നാണക്കേടും..!!!വിഷയം ലക്ഷ്മിയുടെകാതുകളില്‍ എത്തിയതാകണം അവള്‍ ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടു നിന്നു. എനിക്കും നില്‍ക്കാതിരിക്കാന്‍ തോന്നിയില്ല.
രണ്ടാം തവണ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങി..!!
ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട് ആ ചിരി. അന്നു മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി..
ഞാന്‍ കുമാറിന്‍റെനോട്ടപ്പുള്ളിയും.
പലപ്പോഴും കുമാര്‍ എന്നെ തല്ലുന്നത് കണ്ടിട്ടാവണം അവള്‍ എന്നോടു ചോദിച്ചു നീ ഒരു ആണല്ലേ...നിനക്കു തിരിച്ചു തല്ലരുതോ..?
അഭിമാനം ...ചോദ്യം ചെയ്യപ്പെട്ടു....!!!!
കര്‍ചീഫില്‍ കല്ലുകെട്ടി കുമാറിന്‍റെ തലയ്ക്കടിച്ചു എട്ടു തുന്നല്‍. സ്കൂളിലെ വീരാളിപ്പട്ടം എനിക്കു കിട്ടി.ലക്ഷ്മി എന്നോട് കൂടുതല്‍ അടുത്തു തുടങ്ങി.
പരീക്ഷക്കു തുണ്ടു വെക്കുന്ന പരിപാടി ഉണ്ടായിരുന്നു എനിക്ക്. ലക്ഷ്മിക്ക് അത് ഇഷ്ടമല്ല. ഞാന്‍ തുണ്ടു വച്ചില്ലേല്‍ തോക്കുന്നത് ഞങ്ങള്‍ പത്തോളംപേരാണ്. അതില്‍ ഷാജിയും പെടും ജീവിതത്തില്‍ ആദ്യമായി ഷാജി കരഞ്ഞതും ഞാന്‍ തുണ്ടു വയ്ക്കാന്‍ വിസമ്മതിച്ചപ്പോഴാന്.
ഒടുവില്‍ അഞ്ചു ജോക്കെര്‍ മിട്ടായിയും ഇരുന്നൂറു സ്റ്റാര്‍ കാര്‍ഡും എന്ന ഉടമ്പടിയില്‍ ഞാന്‍ തുണ്ടു വെക്കാം എന്നു ഏറ്റു.
ഓണപ്പരീക്ഷയില്‍ അവളും ഞാനും ഒരു റൂമില്‍ ആയിരുന്നു ഇരുന്നിരുന്നത്.
ഞാന്‍ തുണ്ടു വയ്ക്കുന്നത് അവള്‍ കണ്ടു.കണ്ണു കൊണ്ട് ആദ്യം ഒന്നു വിരട്ടി.
രണ്ടാം വട്ടം അവള്‍ ഒറ്റി. ടീച്ചര്‍ പിടിച്ചു.എനിക്കു വല്ലാത്ത വിഷമം തോന്നി..
ആ പരീക്ഷയില്‍ ഞാന്‍ തോറ്റു.
രസം അതല്ല കുമാര്‍ ആദ്യമായി "മലയാളത്തിന്" ജയിച്ചു.
അതോടെ ലക്ഷ്മി കുമാറുമായി മിണ്ടിത്തുടങ്ങി.
ഞാന്‍ പിന്തള്ളപ്പെട്ടു. കുമാര്‍ വാശിയോടെ പഠിക്കാന്‍ തുടങ്ങി, ഞാന്‍ പതിയെ പത്തിലെ ഗുണ്ടയായി അവരോധിക്കപ്പെട്ടു. പഠിക്കാത്തവന്‍..!! നല്ല കുട്ടിയുടെ തല തല്ലി പോട്ടിച്ചവന്‍...!! പേരുകള്‍ കൂടി വന്നു.
പത്താം ക്ലാസ് അവസാന ദിവസം ഓട്ടോഗ്രാഫ് വാങ്ങാന്‍ അവള്‍ വന്നു,
എനിക്കു നേരെ നീട്ടിയ ആ കുറിപ്പില്‍ എന്തോ എഴുതിയപ്പോള്‍ അതില്‍ രണ്ടു തുള്ളി കണ്ണു നീരും ഉണ്ടായിരുന്നു..അതുസത്യത്തില്‍ കണ്ണുനീര്‍ ആയിരുന്നില്ല എന്‍റെ ഹൃദയത്തിലെ രക്തമായിരുന്നു.

സോണീ,അതിന് ശേഷം ഹൃദയം കൊടുത്തു ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല.
ഞാന്‍ അറിയാതെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എന്‍റെ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങിയത്, നിര്‍ഭാഗ്യവശാല്‍ അതിനു കാരണം നീയായിരുന്നു എന്നു മാത്രം.
നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല,അറിയാന്‍ ആഗ്രഹവുംഇല്ല , ഒരു നോക്ക് കൊണ്ടോ , വാക്ക് കൊണ്ടോ നിന്നെ ഞാന്‍ നോവിക്കാന്‍ ആഗ്രഹിക്കുന്നില്ല.. നിന്‍റെ കണ്ണുകള്‍ ഞാന്‍ കാരണം നിറയാന്‍ പാടില്ല എന്നു നിന്നെക്കാള്‍ഏറെ ഞാന്‍ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും നിന്നോടു എനിക്കിതു പറയാതെ വയ്യ, എനിക്ക് നിന്നെക്കാള്‍ ഏറെ ഇഷ്ടം എന്‍റെ ഹൃദയത്തോടാണ്.
നിറുത്തട്ടെ
സ്നേഹപൂര്‍വ്വം
*****************

Saturday, March 16, 2013

രാത്രിയില്‍ മായ സുന്ദരിയാണ്.

ചുറ്റിലും നല്ല ഇരുട്ട്, മുറ്റത്തിറങ്ങി മേലോട്ടു നോക്കി കുറച്ചു നേരം വായ്‌ തുറന്നു നിന്നു...!

മഴ തോര്‍ന്ന്തെളിഞ്ഞ ആകാശം, ഇടയ്ക്കിടെ തെളിയുന്ന ഒരു മിന്നല്‍, വല്ലപ്പോഴും കേള്‍ക്കുന്ന ചെറിയ ഇടിമുഴക്കം.
തണുത്തകാറ്റ്.. ചീവീടുകളുടെ ശബ്ദം... മാക്കാന്‍മാരുടെ ഗോഗോ വിളി... അരികിലൂടെഒഴുകുന്ന അഴുക്കുചാലിന്റെ (പഴയ തോട്) കളകളാരവം...
അടുത്ത വീട്ടില്‍,വന്നു കയറിയ മരുമകളെ കുറ്റം പറയുന്ന പൂമണിത്തള്ള....
ഇവയെല്ലാം ഒഴിച്ചാൽ,  വല്ലാത്ത ഒരു നിശബ്ദതയുണ്ട് ചുറ്റിലും...

നല്ല സുഖമുള്ള അന്തരീക്ഷം...
പൊടുന്നനെ വശത്തായി ഒരു കുഞ്ഞു വെട്ടം വീണു ,
അതിന്റെ പ്രഭയില്‍ ഒരു വട്ട മുഖം വ്യക്തമായി. ആരാണ് അവള്‍...?
എണ്ണവിളക്കിന്റെ സുവർണ്ണ പ്രഭയിൽ  അവള്‍ ഒരു ദേവതയെന്നോണം ശോഭിച്ചു..
വിളക്കുമായി എന്‍റെ മുന്നിലൂടെ കടന്നു  പോയപ്പോള്‍ കയ്യോന്നിയിട്ടു  കാച്ചിയ എണ്ണയുടെ മണം... ഹാ..
പിന്നിലെ മുടിതുമ്പില്‍ നിന്നു വീണ വെള്ളത്തുള്ളികള്‍ കാലില്‍ വീണപ്പോള്‍ സുഖമുള്ള തണുപ്പ്... ഇരുളില്‍എനിക്ക് ആ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞു...

നടക്കല്ലില്‍ തിരി തെളിച്ച ശേഷം അവള്‍ എന്‍റെ അരികില്‍ വന്നിരുന്നു. എന്‍റെ കണ്ണുകളിലേക്കു നോക്കി... ഞാന്‍ അത്ഭുതപ്പെട്ടു. ആരാ..? എന്നു ചോദിക്കാന്‍ പോലും ശബ്ദം പൊങ്ങിയില്ല.. രോമാകൂപങ്ങള്‍ക്ക് ചലനം അനുഭവപ്പെട്ടു.. അവള്‍ പിന്നില്‍നിന്നും മുടിത്തുമ്പ് വാരി മുന്നിലെക്കിട്ടു... അതില്‍ നിന്നും നാലഞ്ചു തുള്ളി മുഖത്തേക്ക് തെറിച്ചു..
എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി... എന്നെ എന്തിനു ഇങ്ങനെ നോക്കുന്നു..?
ഞാന്‍ ചോദിച്ചു..

 പിന്നെ ഞാന്‍ ആരെ നോക്കണം..? ഉരുളക്കുപ്പേരി..!!
! എനിക്കു ഒന്നും മിണ്ടാനായില്ല..
ശ്വാസഗതി കൂടി... ദൈവമേ ആരെങ്കിലും കണ്ടാല്‍...? ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...
ചുറ്റിലും നോക്കി.. തല്ക്കാലം ആരുമില്ല.

തൊട്ടടുത്ത വീട്ടിലെ കുമാരേട്ടന്റെ ചേച്ചീടെ മകള്‍ ഡിഗ്രി പഠനം കഴിഞ്ഞു വരുന്നുണ്ട്, എന്നു അമ്മ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
അവളാണോ ഇവള്‍...!!ചെറുപ്രായത്തിൽ ഇന്നാട്ടിൽ നിന്ന് പോയതാണ്, എനിക്കു ചെറിയ ചിരി വന്നു... ഏയ് അതല്ല പക്ഷെ...,ഇതു അതിലും  പ്രായമുണ്ട്...
 ആരാണെന്നു ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു..

ആരാ നിങ്ങള്‍..? ഞാന്‍ ചോദിച്ചു..
ആഹാ എന്നെ  അറിയില്ലേ..?

ഞാന്‍ മായ... !!

ഠിം...!!!!  ! കറണ്ട് വന്നു...ഇരുളിന്റെ വശ്യമായ സൌന്ദര്യത്തിന്റെ മാറിൽ കഠാരയിറക്കിക്കൊണ്ട്  സി എൽ എഫ്  ലൈറ്റുകൾ മിന്നി ....
പിന്നിലെ നിശബ്ദതയെ കൊന്നുകൊണ്ട് ടി വി ചാനലുകള്‍ ഉണര്‍ന്നു..
ഒന്നുരണ്ടു നിമിഷമെടുത്തു ഞാൻ തിരികെവരാൻ... ചുറ്റിലും നോക്കി... അവളില്ല...

നടക്കല്ലിൽ അപ്പോഴും വിളക്ക് തെളിയുന്നുണ്ടായിരുന്നു...
അത്  തെളിയിച്ചതാരാണ്..?
നാളെയും വരുമോ അവള്‍..? മായ...!!
ഞാന്‍ കാത്തിരുന്നു... അടുത്ത പവര്‍കട്ടിനായി...!!!

കടപ്പാട്: കേരള സര്‍ക്കാര്‍,KSEB

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...